Enter your Email Address to subscribe to our newsletters

Trivandrum , 02 ജനുവരി (H.S.)
അമ്മ ശാന്തകുമാരിയുടെ വിയോഗത്തിന് പിന്നാലെ കുറിപ്പുമായി നടൻ മോഹൻലാൽ. തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന തന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകിയെന്നും മോഹൻലാൽ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. വീട്ടിലെത്തിയും ഫോൺ മുഖാന്തരവും സമൂഹമാദ്ധ്യമങ്ങൾ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപംഎന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ടു വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഭർത്താവ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായതുകാണ്ടാണ് പത്തനംതിട്ട സ്വദേശിയായ ശാന്തകുമാരി തലസ്ഥാനത്ത് താമസം തുടങ്ങിയത്. 39 വർഷം തിരുവനന്തപുരത്താണ് താമസിച്ചത്. ഭർത്താവും മൂത്തമകൻ പ്യാരേലാലും മരിച്ചതിനെ തുടർന്നാണ് മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിലേക്ക് താമസം മാറ്റിയത്.
അതേസമയം മോഹൻലാലിൻറെ മാതാവ് ശാന്താകുമാരിയെ ഓർമ്മിച്ചുകൊണ്ട് കരളലിയിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോ. എംപി അബ്ദുസമദ് സമദാനി.
സമദാനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം;'ഞാൻ ബി.എ ക്ലാസ്സിൽ പഠിക്കമ്പോഴാണ് ആശുപത്രിയിലേക്കുള്ള വഴിയിൽ, എന്റെ ഉടുപ്പിൽ രക്തം ഛർദ്ദിച്ച് ഉമ്മ മരണപ്പെട്ടത്. അതും ഒരു ഈദ് (ചെറിയ പെരുന്നാൾ) ദിനത്തിൽ. ഉടുപ്പിൽ നിന്ന് ആ ചോര എന്റെ ശരീരത്തിലേക്കും സകല സിരകളിലേക്കും അങ്ങനെ ഹൃദയത്തിലേക്കും പ്രാണന്റെ പ്രഭവത്തിലേക്ക് തന്നെയും പടർന്നു കയറിയതായി അപ്പോൾ തന്നെ അനുഭവപ്പെട്ടിരുന്നു. അങ്ങനെ രക്തം രക്തത്തോട് ചേർന്നു, പൊക്കിൾകൊടി ഉണങ്ങിക്കരിഞ്ഞു കൊഴിഞ്ഞപോയി രണ്ടു പതിറ്റാണ്ട് തികയാൻ പോകമ്പോഴും.മാതൃരക്തത്തിന്റെ മൂല്യം മാതാവിന്റെ ജീവിതരക്തത്തിൽ നിന്ന് മാത്രമല്ല മരണത്തിൽ നിന്നും പഠിച്ച മകനാണ് ഞാൻ.
അവർ വളരെ നേരത്തെ പോയി, യൗവ്വന കാലത്ത് എന്നുതന്നെ പറയണം. ഉമ്മാക്ക് ഔപചാരിക വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. തീർത്തും സാധാരണക്കാരിയായ ഒരു കുടുംബിനി. എന്നാൽ അറിവും വിവേകവും അതിലുപരി സ്‌നേഹവും വേണ്ടവോളമുണ്ടായിരുന്നു. മഹാപണ്ഡിതനും സമുദായ മൈത്രിയിലൂന്നിയ നവോത്ഥാനത്തിന്റെ നായകനും ദേശത്തിന്റെ ആദ്യ ചരിത്രകാരൻ എന്ന നിലയിൽ 'കേരളത്തിന്റെ ഹെരൊഡോട്ടസ്' എന്ന് ചരിത്ര പണ്ഡിതന്മാർ വിശേഷിപ്പിക്കുകയും ചെയ്യുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂമിലാണ് അവരുടെ പിതൃപരമ്പര എത്തിച്ചേരുന്നത്.ആങ്ങളമാരോടൊത്ത് പാർത്ത തറവാട്ടുവീട്ടിൽ ഉമ്മയെ കുളിപ്പിച്ചു കിടത്തി.
ഖബറടക്കത്തിന് തൊട്ടുമുമ്പ് അവസാനമായി ഒരിക്കൽ കൂടി കാണാൻ മക്കളെ ബന്ധുക്കൾ കൊണ്ടപോയി. അന്ന് ഞാൻ ഉമ്മയുടെ നെറ്റിയിൽ അന്ത്യചുംബനം നൽകി. ആ ഇളം മേനിയിൽ നല്ല തണുപ്പായിരുന്നു. മരണത്തിന് തണുപ്പാണെന്നും ജീവിതമാണ് മോനെ താപമെന്നും അന്ന് ഉമ്മ പറയാതെ എന്നോട് പറയുന്നതപോലെ. ഉമ്മയെ കെട്ടിപ്പിടിച്ച് കിടക്കണമെന്ന് തോന്നി, സാധിച്ചില്ല. കോളേജ് ഹോസ്റ്റലിൽ നിന്ന് വാരാന്ത്യ അവധിക്ക് വീട്ടിൽ വരമ്പോൾ ഞാൻ അല്പസമയം ഉമ്മയുടെ തൊട്ടടുത്തു കിടക്കുമായിരുന്നു. എന്റെ കുട്ടിക്കാലം ആവർത്തിച്ചുകൊണ്ട്. എത്ര വലുതായാലും സന്തതികൾ മാതാവിന് കേവലം കുഞ്ഞുങ്ങളാണെന്നും ഉമ്മ പറയാതെ പറയുന്ന പോലെ തോന്നുമായിരുന്നു.
ഉമ്മ ഉണ്ടായിരുന്നെങ്കിൽ നാട്ടികക്കടപ്പുറത്തെ മാതൃസംഗമത്തിലേക്ക് അവരെയും കൊണ്ടപോകുമായിരുന്നു. ബഹുമാന്യ മിത്രം പ്രിയങ്കരനായ മോഹൻലാലിന്റെ മാതാവിനോട് ചേർന്ന് അവർ ഇരുവരും ആ സദസ്സിൽ സംഗമിക്കുകയും സ്‌നേഹത്തിൽ സഹവസിക്കുകയും ചെയ്യുമായിരുന്നു. മലയാളികളുടെ മുഴുവൻ സ്‌നേഹാദരങ്ങൾക്ക് പാത്രിഭൂതയായ ആ വലിയ അമ്മയ്ക്ക് എന്റെ ഉമ്മ അവരുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുക്കുകയും ചെയ്യുമായിരുന്നു, അമ്മയ്‌ക്കൊരുമ്മ നാട്ടികയിലെ വിശ്രുതമായ മാതൃദിനപരിപാടിയെക്കുറിച്ച് അറിയുകയും അമ്മപ്രസംഗം കേൾക്കുകയും ചെയ്ത സഹോദരങ്ങളിൽ പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. അതിന്റെ ഒരു രണ്ടാംഘട്ടവും പ്രിയപ്പെട്ട ടി.എൻ പ്രതാപനും സി.എ റഷീദും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ചിരുന്നു.
അതൊരു ചെറിയ പരിപാടിയായിരുന്നു. അതിലും മോഹൻലാലും ഈയുള്ളവനും പങ്കെടുത്തു.വേദിയുടെ എതിർവശത്ത് തിരുനബി(സ)യുടെ ഈ മഹിതവചനം രേഖപ്പെടുത്തിയിരുന്നു: 'മാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗം'. അത് ഉദ്ധരിച്ചു കൊണ്ടാണ് അന്ന് ശ്രീ മോഹൻലാൽ തന്റെ പ്രസംഗം ആരംഭിച്ചത്. വിജയിയായ ഏത് പുരുഷന്റെ പിറകിലും ഒരു സ്ത്രീയുണ്ട് എന്ന ആംഗലേയ ആപ്തവാക്യം ശരി തന്നെ. പക്ഷെ, അതിന്റെ ആശയത്തിൽ ഒരു തിരുത്ത് വേണ്ടതുണ്ട്. അത് പാശ്ചാത്യരും പൗരസ്ത്യരിൽ ചിലരും ധരിച്ചിരിക്കുന്ന ഒരപോലെ പത്നിയല്ല, മാതാവാണ്.മോഹൻലാൽ എന്ന മഹാ പ്രതിഭയുടെയും എളിയ മനുഷ്യന്റെയും സർവ്വത്ര മികവുകളും നിറവുകളും മാത്രമല്ല അദ്ദേഹത്തിന്റെ കലാപ്രക്രിയയെ പ്രോജ്ജ്വലമാക്കിയ ജീവിതഗന്ധിയായ നനവുകളുമെല്ലാം ഐശ്വര്യവതിയായ ഈ മഹതിയിൽ നിന്ന് തന്നെയാകുന്നു. മക്കൾ കയറിപ്പോകുന്ന ജീവിതത്തിലെ ഓരോ ചവിട്ടുപടിയും മാതാവിന്റെ തൃച്ചേവടികളിൽ തന്നെ നമുക്ക് സമർപ്പിക്കുക'. സമദാനി കുറിച്ചു.
---------------
Hindusthan Samachar / Roshith K