Enter your Email Address to subscribe to our newsletters

Telangana, 02 ജനുവരി (H.S.)
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി(പിഎല്‍ജിഎ)യുടെ ഉന്നത കമാന്‍ഡര്‍ ബര്‍സ ദേവയെ അറസ്റ്റ് ചെയ്തതായി തെലങ്കാന പൊലീസ്. ഇടത് നക്സല്‍ സംഘടനകള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് ബര്‍സദേവയുടെ അറസ്റ്റ്.തെലങ്കാന, ഛത്തീസ്ഗഡ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വനത്തിനുള്ളില്‍ ദേവയും പതിനഞ്ച് മറ്റ് പ്രവര്‍ത്തകരും ആയുധങ്ങളുമായി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ദേവയോടൊപ്പം പിടിയിലായവരും ദേവ ബറ്റാലിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരാണെന്നാണ് വിവരം.
നിരോധിത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ സുപ്രധാന നേതാവാണ് ദേവ. പാര്‍ട്ടി അധ്യക്ഷന്‍ തിപ്പിരി തിരുപ്പതി എന്ന ദേവ്ജിക്കും തെലങ്കാന പാര്‍ട്ടി സെക്രട്ടറി ബഡെ ഛൊക്കാ റാവു എന്ന ദാമോദറിനുമൊപ്പം വര്‍ഷങ്ങളായി സംഘടനയില്‍ സജീവമായിരുന്നു ദേവ. അടുത്തിടെ മരെദുമില്ലിയില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് പരമോന്നത നേതാവ് ഹിദ്മയുടെ സമകാലികനാണ്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുള്ള പുവാര്‍തി ഗ്രാമത്തില്‍ നിന്നുള്ള ആളാണ് ദേവ. ഹിദ്മയുടെയും ജന്മസ്ഥലം ഇത് തന്നെയാണ്. ഇരുവരും ഏതാണ്ട് ഒരേ കാലത്ത് തന്നെയാണ് മാവോയിസ്റ്റ് സംഘടനയുടെ ഭാഗമാകുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുമതലയും ഇരുവരും വഹിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന നക്സല്‍ വേട്ടയില്‍ മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര സൈനിക കമ്മീഷന്‍ ഏതാണ്ട് ഇല്ലാതായി എന്ന് തന്നെ പറയാം. ഹിദ്മ കൊല്ലപ്പെട്ട ശേഷം ദേവയെ കൂടി പിടികൂടിയത് സംഘടനയ്ക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്. വര്‍ഷങ്ങളായി പിഎല്‍ജിഎയാണ് മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. പീപ്പീള്‍സ് വാര്‍ നേതാക്കളായ നല്ല ആഡി റെഡ്ഡി എന്ന ശ്യാമിന്റെയും എറ റെഡ്ഡി സ്‌തോഷ് റെഡ്ഡി എന്ന മഹേഷിന്റെയും സീലം നരേഷിന്റെയും ചരമവാര്‍ഷികദിനമായ 1999 ഡിസംബര്‍ രണ്ടിനാണ് ഇത് രൂപീകൃതമായത്. ഇവര്‍ കരിംനഗറിലെ കൊയ്യൂരിലുണ്ടായ ഒരു ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
2004 സെപ്റ്റംബര്‍ 21ന് സിപിഐ-പീപ്പിള്‍സ് വാര്‍, പിജിഎ ലയനവും പിന്നീട് അത് പിഎല്‍ജിഎയില്‍ ചേരുകയും ചെയ്തു. പിഎല്‍ജിഎയുടെ പുഷ്‌കല കാലത്ത് ഇവര്‍ക്ക് എട്ട് ബറ്റാലിയനുകളും പതിമൂന്ന് പ്ലാറ്റൂണുകളും ഉണ്ടായിരുന്നു. ഇവയില്‍ രണ്ടിലും കൂടി പതിനായിരം മുതല്‍ പന്ത്രണ്ടായിരം വരെ പ്രവര്‍ത്തകരും. മാവോയിസ്റ്റ് സംഘടനയ്ക്ക് വേണ്ടി ഇവര്‍ നിരവധി പ്രവര്‍ത്തനങ്ങളും നടത്തി. എന്നാല്‍ അടുത്തിടെയായി കാര്യങ്ങള്‍ മാറി മറിഞ്ഞു. ബറ്റാലിയനുകള്‍ ദുര്‍ബലമായിത്തുടങ്ങുകയും ഏതാണ്ട് ഇല്ലാതാകുകയും ചെയ്തു. ഹിദ്മയുടെ മരണത്തോടെ ആദ്യ ബറ്റാലിയന്‍ മാത്രം അവശേഷിച്ചു. സംഘടനയുടെ സൈനിക പ്രവര്‍ത്തനങ്ങളുടെ പിന്നിലെ പ്രധാന ശക്തി കേന്ദ്രമായി അവര്‍ തുടര്‍ന്നു. രണ്ട് വര്‍ഷം മുമ്പ് അന്നത്തെ ബറ്റാലിയന്‍ കമാന്‍ഡര്‍ ആയിരുന്ന ഹിദ്മ ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി(ഡികെഎസ്ഇസഡ്സി)യുടെ സെക്രട്ടറിയായി ചുമതലയേറ്റതോടെ ദേവ ബറ്റാലിയന്റെ നേതൃത്വ നിരയിലേക്ക് എത്തി.
---------------
Hindusthan Samachar / Sreejith S