ലഹരിയിൽ ആറാടി കേരളം; മലയാളി കുടിച്ചത് 125 കോടിയുടെ മദ്യം
Thiruvanathapuram, 02 ജനുവരി (H.S.) 2026-നെ വരവേൽക്കാൻ മലയാളി കുടിച്ചുതീർത്തത് കോടികളുടെ മദ്യം. പുതുവത്സരത്തലേന്നായ ഡിസംബർ 31-ന് മാത്രം സംസ്ഥാന ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത് 125.64 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ വലിയ
Liquor shop in Kerala


Thiruvanathapuram, 02 ജനുവരി (H.S.)

2026-നെ വരവേൽക്കാൻ മലയാളി കുടിച്ചുതീർത്തത് കോടികളുടെ മദ്യം. പുതുവത്സരത്തലേന്നായ ഡിസംബർ 31-ന് മാത്രം സംസ്ഥാന ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത് 125.64 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഡിസംബർ 31-ന് 108.71 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയിരുന്നത്. എന്നാൽ ഇത്തവണ 16.93 കോടി രൂപയുടെ അധിക വിൽപനയാണ് നടന്നത്. വിദേശമദ്യം, ബീർ, വൈൻ എന്നിവയുൾപ്പെടെ ആകെ 2.07 ലക്ഷം കെയ്‌സ് മദ്യമാണ് ഡിസംബർ 31-ന് മാത്രം മലയാളി വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ വർഷം ഇത് 1.84 ലക്ഷം കെയ്‌സായിരുന്നു.

സംസ്ഥാനത്തെ ബവ്കോ ഔട്ലെറ്റുകളിൽ വിൽപനയിൽ ഒന്നാമതെത്തിയത് കൊച്ചിയിലെ കടവന്ത്ര ഔട്ലെറ്റാണ്. ഒരു കോടി രൂപയ്ക്ക് മുകളിൽ വിൽപന നടന്ന ഏക ഔട്ലെറ്റും കടവന്ത്രയാണ് 1.17 കോടി രൂപയുടെ കച്ചവടമാണ്കടവന്ത്രയിൽ മാത്രം നടന്നത്. തൊട്ട് പിന്നിൽ 95.09 ലക്ഷം രൂപയുടെ കച്ചവടം നടത്തി പാലാരിവട്ടം ഔട്ലെറ്റുണ്ട്. മൂന്നാമത് 82.86 ലക്ഷം രൂപയുടെ കച്ചവടവുമായി എടപ്പാൾ ഔട്ലെറ്റുണ്ട്. അതേസമയം, ഇടുക്കി ജില്ലയിലെ തൊടുപുഴ കഞ്ഞിക്കുഴി ഔട്ലെറ്റിലാണ് ഏറ്റവും കുറഞ്ഞ വിൽപന രേഖപ്പെടുത്തിയത്; വെറും 4.61 ലക്ഷം രൂപ.

ക്രിസ്മസ് കാലത്ത് കേരളം കുടിച്ചത് 332.62 കോടി രൂപയുടെ മദ്യം. ഈ മാസം 22 മുതല്‍ ക്രിസ്മസ് ദിനം വരെ ബവ്‌കോ വഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 53.08 കോടി രൂപയുടെ അധികവില്‍പനയാണ് ഇക്കുറി നേടിയത്. കഴിഞ്ഞ വര്‍ഷം 279.54 കോടി രൂപയായിരുന്നു ഇക്കാലയളവിലെ വില്‍പന. ഈ മാസം 24ന് ആണ് ഏറ്റവുമധികം മദ്യം വിറ്റത് - 114.45 കോടി രൂപ. ക്രിസ്മസ് ദിനത്തില്‍ 59.21 കോടി രൂപയുടേതാണു വില്‍പന.

ഈ സാമ്പത്തിക വർഷം (2025–26) ഡിസംബർ 31 വരെ ബവ്കോയുടെ ആകെ വിൽപന 15,717.88 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 14,765.09 കോടി രൂപയായിരുന്നു. ഏകദേശം ആയിരം കോടി രൂപയുടെ വർധനവാണ് ഈ വർഷം ഇതുവരെ ഉണ്ടായിരിക്കുന്നത്. പുതുവത്സരാഘോഷങ്ങൾക്കായി സംസ്ഥാനത്തുടനീളം വലിയ തിരക്കാണ് ബവ്കോ ഔട്ലെറ്റുകളിൽ അനുഭവപ്പെട്ടത്. വിൽപന കുറഞ്ഞ ചില ഔട്ലെറ്റുകളിലെ ജീവനക്കാർക്ക് മേൽനോട്ടക്കുറവ് ആരോപിച്ച് അധികൃതർ നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News