Enter your Email Address to subscribe to our newsletters

New delhi, 02 ജനുവരി (H.S.)
മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സില്‍ മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്. സാമൂഹ്യ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു മഹദ് വ്യക്തിത്വമാണ് മന്നം എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്‌കരണം എന്നിവയില്‍ വേരൂന്നിയതാണ് യഥാര്‍ത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദര്‍ശിയാണ് മന്നം എന്നും പ്രധാനമന്ത്രി കുറിച്ചു.
നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ മന്നത്തിന്റെ ദര്‍ശനങ്ങള്‍ നമ്മെ എക്കാലവും നയിക്കും എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി കുറിപ്പ് അവസാനിപ്പിച്ചരിക്കുന്നത്. മന്നത്ത് പത്മനാഭന്റെ 149ാമത് ജയന്തി ആഘോഷങ്ങളാണ് ഇന്ന് നടക്കുന്നത്. എന്‍എസ്എസ് ആസ്ഥാനത്ത് വിപുലമായ പരിപാടികളാണ് നടക്കുന്നത്. സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളില്‍ നിന്നുള്ള സമുദായാംഗങ്ങളും എത്തുകയാണ്.
പ്രധാനമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷിക ദിനത്തില്‍, സാമൂഹ്യ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു മഹദ് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ നാം സ്മരിക്കുകയാണ്. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്‌കരണം എന്നിവയില്‍ വേരൂന്നിയതാണ് യഥാര്‍ത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകള്‍ പ്രചോദനാത്മകമാണ്. നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ നമ്മെ എക്കാലവും നയിക്കുന്നു.
ഇന്നലെ പുതുവത്സര ദിനത്തില്‍ നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തോടെയാണു 149-ാമത് ജയന്തി ആഘോഷങ്ങള്‍ക്കു തിരി തെളിഞ്ഞത്. സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനുകളിലെ കരയോഗങ്ങള്‍, വനിതാസമാജങ്ങള്‍, ബാലസമാജങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം സമുദായക്കൂട്ടായ്മയ്ക്കു തെളിവായി. അരലക്ഷം ചതുരശ്ര അടിയില്‍ മന്നം നഗറില്‍ നിര്‍മിച്ച പന്തല്‍ പ്രതിനിധികളെക്കൊണ്ടു നിറഞ്ഞു.
ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു സമ്മേളനവേദിയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനു മുന്‍പില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ചിത്രത്തിനു മുന്‍പില്‍ പ്രസിഡന്റ് ഡോ. എം.ശശികുമാറും നിലവിളക്ക് തെളിച്ചു. ജനറല്‍ സെക്രട്ടറി വിശദീകരണ പ്രസംഗം നടത്തി.
മന്നം ജയന്തി ദിനമായ ഇന്നു സമ്മേളനത്തില്‍ പങ്കെടുക്കാനും സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളില്‍ നിന്നുള്ള സമുദായാംഗങ്ങളും എത്തുകയാണ്. ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ എന്‍എസ്എസ് കോളജ് മൈതാനത്ത് സൗകര്യമുണ്ട്. എന്‍എസ്എസ് ഹിന്ദു കോളജ് ക്യാംപസില്‍ എല്ലാവര്‍ക്കും ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S