ശബരിമല സ്വര്‍ണക്കൊള്ള : ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ച് എന്‍ വാസു
New Delhi, 02 ജനുവരി (H.S.) ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം രാജ
N.Vasu


New Delhi, 02 ജനുവരി (H.S.)

ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. കഴിഞ്ഞ ഡിസംബര്‍ 19-ന് കേരള ഹൈക്കോടതി എന്‍. വാസുവിന്റെയും മറ്റ് രണ്ട് മുന്‍ ഉദ്യോഗസ്ഥരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ എന്‍. വാസുവിനെതിരെ ഗൗരവകരമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ജാമ്യം നിഷേധിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് വാസു ഇപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

2019-ല്‍ ദേവസ്വം കമ്മിഷണറായിരിക്കെ, സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ ചെമ്പ് പാളികളാണെന്ന് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയെന്നാണ് വാസുവിനെതിരെയുള്ള പ്രധാന കുറ്റം. സ്വര്‍ണം മോഷണം പോകാന്‍ സൗകര്യമൊരുക്കുന്ന രീതിയില്‍ പ്രതികളെ സഹായിച്ചുവെന്നും മോഷണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അയച്ച ഇമെയിലുകളും എന്‍. വാസു നല്‍കിയ ശുപാര്‍ശകളും കുറ്റകൃത്യത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് വ്യക്തമാക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. 2019 ഡിസംബര്‍ 9-നാണ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി എന്‍. വാസുവിന് ഇമെയില്‍ അയച്ചത്.

ശബരിമല ശ്രീകോവില്‍ വാതിലിലെയും ദ്വാരപാലക വിഗ്രഹങ്ങളിലെയും സ്വര്‍ണ്ണപ്പണികള്‍ കഴിഞ്ഞപ്പോള്‍ തന്റെ പക്കല്‍ കുറച്ച് സ്വര്‍ണ്ണം ബാക്കിയുണ്ടെന്നും, അത് പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചുകൊണ്ടായിരുന്നു ഈ ഇമെയില്‍. തനിക്ക് ഈ മോഷണത്തില്‍ പങ്കില്ലെന്നും കീഴുദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നുമാണ് എന്‍. വാസുവിന്റെ വാദം. കട്ടിളപ്പാളിയില്‍ സ്വര്‍ണം പൊതിഞ്ഞതായി രേഖകളില്ലെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചിരുന്നു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ശ്രീകോവിലിലെ സ്വര്‍ണം പൂശിയ പാളികള്‍ പോളിഷ് ചെയ്യാനായി കൊണ്ടുപോയ സമയത്ത് അവ മാറ്റി പകരം ചെമ്പ് പാളികള്‍ വെച്ചുവെന്നാണ് കേസ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെത്തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 11-നാണ് എന്‍. വാസു അറസ്റ്റിലായത്. വാസുവിന്റെ ജാമ്യാപേക്ഷ വരും ദിവസങ്ങളില്‍ സുപ്രീം കോടതി പരിഗണിക്കും. കേസില്‍ ഇ.ഡി അന്വേഷണവും പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണ്ണായകമാകും.

---------------

Hindusthan Samachar / Sreejith S


Latest News