Enter your Email Address to subscribe to our newsletters

Kozhikkode, 02 ജനുവരി (H.S.)
മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് നടപടി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. മാധ്യമപ്രവര്‍ത്തകനെതിരെ വെള്ളാപ്പള്ളി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് പരാതി നല്‍കിയത്.
മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിക്കുകയും അദ്ദേഹം തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുള്ളയാളാണെന്ന് ആരോപിക്കുകയുമായിരുന്നു. യാതൊരു തെളിവുമില്ലാതെ മാധ്യമപ്രവര്‍ത്തകന്റെ വ്യക്തിത്വത്തെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന രീതിയിലാണ് വെള്ളാപ്പള്ളി സംസാരിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമപ്രവര്‍ത്തകന്റെ മതവിശ്വാസത്തെയും ജോലിയെയും കൂട്ടിക്കെട്ടി വര്‍ഗീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചത് സമൂഹത്തില്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടാക്കുന്നതും തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ തടയുന്നതുമാണെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രതികരണങ്ങളും വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നുവെന്നും ഇതിനെതിരെ നിയമനടപടി വേണമെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ വര്‍ഗീയമായി മുദ്രകുത്തുന്നത് ജനാധിപത്യത്തിന് ആപത്താണെന്ന് മാധ്യമ സംഘടനകള്‍ ചൂണ്ടിക്കാട്ടി. നേരത്തെയും ചില പ്രത്യേക സമുദായങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ വെള്ളാപ്പള്ളി നടത്തിയ പ്രസംഗങ്ങള്‍ വിവാദമായിരുന്നു. പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുമോ എന്ന കാര്യത്തില്‍ ഡി.ജി.പിയുടെ തീരുമാനം നിര്‍ണ്ണായകമാകും.
മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്ന് ആധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. ഇന്നലെ ശിവഗിരിയില്‍ വച്ച് മാധ്യമങ്ങളോട് കയര്‍ത്തതിന് വിശദീകരണവുമായാണ് വെള്ളാപ്പാളളി ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചത്. തന്നോട് കഴിഞ്ഞ ദിവസം ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തന്‍ തീവ്രവാദിയാണെന്നും മുസ്ലിങ്ങളുടെ വക്താവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
'എന്നോട് ചോദ്യം ചോദിച്ചയാളെ എനിക്കറിയാം. ഈരാറ്റുപേട്ടക്കാരനാണ്. എംഎസ്എഫ് നേതാവാണ്. അവന്‍ തീവ്രവാദിയാണ്. മുസ്ലിങ്ങളുടെ വക്താവാണ്. അയാളെ ആരോ പറഞ്ഞയച്ചതാണ്. ഞാന്‍ ഇത്രയും പ്രായമുള്ള ആളല്ലേ. അവന്റെ അപ്പൂപ്പനാകാനുള്ള പ്രായമില്ലേ? ധാര്‍ഷ്ട്യത്തോടെയാണ് സംസാരിച്ചത്. ആ സമയം തട്ടിമാറ്റി എന്നത് ശരിയാണ്'- വെള്ളാപ്പള്ളി പറഞ്ഞു.
പേര് കണ്ടാണോ തീവ്രവാദി എന്ന് വിളിച്ചത് എന്ന് ചോദിച്ചപ്പോള്‍ അറിവുണ്ട് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. തുടര്‍ ചോദ്യങ്ങളില്‍ പ്രകോപിതനാവുകയും ചെയ്്തു. മേശയിലടിച്ചു മൈക്കിലടിച്ചും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്തുമായിരുന്നു വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനം നടത്തിയത്. 'താനാരാ, കൂടുതല്‍ കസര്‍ക്കുകയൊന്നും വേണ്ട...വെറുതെ കളിക്കാതെ, വിരട്ടണ്ട. അയാള്‍ തീവ്രവാദി എന്ന് വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു. എടോ ഞാന്‍ ഇത് വലിച്ച് എറിയണോ. ഇല്ലെങ്കില്‍ എടുത്തോണ്ട് പോയിക്കോണം. തന്റെ കൊമ്പൊന്നും ഇവിടെ എടുക്കണ്ട. പറയണത് കേട്ടാല്‍ മതി. കുറേനാളായി തുടങ്ങിയിട്ട്. ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല' വെള്ളാപ്പള്ളി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S