Enter your Email Address to subscribe to our newsletters

Kochi, 02 ജനുവരി (H.S.)
വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നത് ഹീനമായ വര്‍ഗീയ പ്രചരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തത് മറ്റുളളവരെ കൊണ്ട് പറയിപ്പിക്കുകയാണ്. കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കണം. സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ പ്രചരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നവരാണ് വര്‍ഗീയ പ്രചരണം നടത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും കേരളത്തില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണ്. കേരളത്തില്‍ വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്താനാണ് ബിജെപിയെ പോലെ സി.പി.എമ്മും ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
സിപിഐ നേതാക്കളെ പുറത്തു നിന്ന് ആളെ ഇറക്കി പിണറായി വിജയന്‍ ചീത്ത വിളിപ്പിക്കുകയാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എസ്.എന്‍.ഡി.പിക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അനുവദിച്ചത്. അതിനെ പ്രകീര്‍ത്തിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ റെക്കോഡ് മാധ്യമങ്ങളുടെ ലൈബ്രറിയില്‍ ഉണ്ടാകും. പത്തുകൊല്ലമായി ഭരിക്കുന്ന പിണറായി വിജയനല്ലേ നിങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാത്തതെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിനാണ് മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയനാണ് കുടപിടിച്ചു കൊടുക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
ആഗോള അയ്യപ്പസംഗമം നടത്തി തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പ് 2019 മുതല്‍ ശബരിമലയില്‍ നടത്തിയ കളവിന്റെ പരമ്പരകള്‍ പുറത്തുവന്നു. കട്ടിളയിലെ ശിവരൂപം പോലും അടിച്ചുകൊണ്ട് പോയി. കോടതി പിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ ഇവര്‍ അടിച്ചു മാറ്റിയേനെ. മോഷണ പരമ്പരയില്‍ ഇവര്‍ക്കെല്ലാം പങ്കുണ്ടെന്നും സതീശന്‍ വിമര്‍ശിച്ചു. കടകംപള്ളിയെ ചോദ്യം ചെയ്തതോ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായതോ ആരും അറിഞ്ഞില്ലാ. പോറ്റിക്കൊപ്പം പടം എടുത്തത് കൊണ്ട് അടൂര്‍ പ്രകാശ് പ്രതിയാകുമോ? അങ്ങനെയെങ്കില്‍ പിണറായി വിജയനും പ്രതിയാകണമല്ലോ. അദ്ദേഹത്തെ എസ്.ഐ.ടി ചോദ്യം ചെയ്യണമല്ലോ. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സഹപ്രവര്‍ത്തകരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ചേര്‍ന്ന് അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയത്. എന്നിട്ടാണോ അതേ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിന്നത്. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നതിനെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ പിണറായി വിജയനെയും ചോദ്യം ചെയ്യണം. സ്വര്‍ണം കട്ടതില്‍ നാണംകെട്ട് നില്‍ക്കുന്നത് ബാലന്‍സ് ചെയ്യാനാണ് ശ്രമിക്കുന്നത്. സ്വര്‍ണം കട്ടത് സി.പി.എമ്മാണ്. അതില്‍ മാറ്റാരെയും അവര്‍ പങ്കാളികളാക്കിയിട്ടില്ല. മൂന്ന് സി.പി.എം നേതാക്കളാണ് സ്വര്‍ണം കട്ടതിന് ജയിലില്‍ കിടക്കുന്നത്. ഇപ്പോള്‍ ചോദ്യം ചെയ്തവരെ അറസ്റ്റു ചെയ്യേണ്ടി വരും. ആരോപണം ഉന്നയിച്ച് 84 ദിവസമായിട്ടും കീറ കടലാസ് പോലും ഞാന്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. കോടതിയില്‍ കീറക്കടലാസല്ല തെളിവായി ഹാജരാക്കുന്നത്. മന്ത്രിയായിരുന്ന ആള്‍ക്ക് സിവില്‍ കോടതിയിലെ നടപടിക്രമങ്ങള്‍ അറിയില്ലേ? ഇഷ്ടമുള്ളപ്പോള്‍ തെളിവ് ഹാജരാക്കാനാകില്ല. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കും. ഒന്നും പറയാനില്ലാത്തോണ്ട് വിളിച്ച് കൂകുകയാണ്. രണ്ട് കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച ആളാണ് കേസ് കൊടുത്തപ്പോള്‍ മാനം പത്ത് ലക്ഷമായി ചുരുക്കിയതെന്നും സതീശന്‍ പരിഹസിച്ചു.
---------------
Hindusthan Samachar / Sreejith S