Enter your Email Address to subscribe to our newsletters

Alappuzha , 02 ജനുവരി (H.S.)
ആലപ്പുഴ: കാലിന് പരിക്കേറ്റ് ഏറെ നാളായി വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് രാജേഷ് സുധാകരനെ കണ്ടത്. സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ച് ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് മേയർ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പുതിയ ദൗത്യത്തിന് പിന്തുണ തേടിയുള്ള സന്ദർശനമെന്നാണ് രാജേഷ് പറഞ്ഞത്. പുതിയ ചുമതല ഏറ്റെടുത്ത മേയറിന് സുധാകരൻ ആശംസകളും അറിയിച്ചു. ഇന്ന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്ത ശേഷം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ രാജേഷ് ആലപ്പുഴയിലേക്ക് വന്നിരുന്നു. ഈ സന്ദർശനത്തിന് ശേഷം മടങ്ങും വഴിയാണ് പറവൂരിലെ വീട്ടിലെത്തി ജി സുധാകരനെയും കണ്ടത്.ചികിത്സയിലിരുന്ന സുധാകരനെ മുഖ്യമന്ത്രിയടക്കം മുതിർന്ന സിപിഎം നേതാക്കളെല്ലാം വീട്ടിലും ആശുപത്രിയിലുമെത്തി കണ്ടിരുന്നു.
ബിജെപി സംസ്ഥാന സെക്രട്ടറിയും കൗൺസിലറുമായ വി.വി. രാജേഷ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടത് . 2025 ഡിസംബറിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെത്തുടർന്ന്, ഡിസംബർ 26-നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഈ വിജയത്തിന്റെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
ചരിത്രപരമായ വിജയം: കേരളത്തിലെ ഒരു കോർപ്പറേഷൻ ഭരണത്തിൽ ബിജെപി എത്തുന്നതും ഒരു ബിജെപി നേതാവ് മേയറാകുന്നതും ചരിത്രത്തിൽ ഇതാദ്യമാണ്.
തിരഞ്ഞെടുപ്പ് ഫലം: 101 അംഗ കോർപ്പറേഷൻ കൗൺസിലിൽ 51 വോട്ടുകൾ നേടിയാണ് വി.വി. രാജേഷ് വിജയിച്ചത്. 50 ബിജെപി കൗൺസിലർമാരുടെയും ഒരു സ്വതന്ത്ര കൗൺസിലറുടെയും (പട്ടൂർ രാധാകൃഷ്ണൻ) പിന്തുണ അദ്ദേഹത്തിന് ലഭിച്ചു.
മറ്റ് സ്ഥാനാർത്ഥികൾ: യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് 17 വോട്ടുകളും, എൽഡിഎഫ് സ്ഥാനാർത്ഥി ആർ.പി. ശിവജിക്ക് 29 വോട്ടുകളുമാണ് ലഭിച്ചത്.
ഡെപ്യൂട്ടി മേയർ: ബിജെപി കൗൺസിലറായ ജി.എസ്. ആശാ നാഥ് ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു.
ഭരണമാറ്റം: നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന എൽഡിഎഫിന്റെ ഭരണത്തിനാണ് ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ അന്ത്യമായത്.
2026 ജനുവരി 1-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വി.വി. രാജേഷിനെ കത്തിലൂടെ അഭിനന്ദിച്ചു. ഈ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു പുതിയ തുടക്കമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
---------------
Hindusthan Samachar / Roshith K