ജമാഅത്തെ ഇസ്ലാമി വേദിയിൽ മന്ത്രി വി. അബ്ദുറഹിമാൻ; രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് മന്ത്രിയുടെ സാന്നിധ്യം
Malappuram, 20 ജനുവരി (H.S.) മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ ചേരികൾ തമ്മിൽ വാക്പോര് മുറുകുന്നതിനിടെ, സംഘടനയുടെ പരിപാടിയിൽ ഉദ്ഘാടകനായി പങ്കെടുത്ത് മന്ത്രി വി. അബ്ദുറഹിമാൻ. ജമാഅത്തെ ഇസ്ലാമിയു
ജമാഅത്തെ ഇസ്ലാമി വേദിയിൽ മന്ത്രി വി. അബ്ദുറഹിമാൻ; രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് മന്ത്രിയുടെ സാന്നിധ്യം


Malappuram, 20 ജനുവരി (H.S.)

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ ചേരികൾ തമ്മിൽ വാക്പോര് മുറുകുന്നതിനിടെ, സംഘടനയുടെ പരിപാടിയിൽ ഉദ്ഘാടകനായി പങ്കെടുത്ത് മന്ത്രി വി. അബ്ദുറഹിമാൻ. ജമാഅത്തെ ഇസ്ലാമിയുടെ സാമൂഹിക സേവന വിഭാഗമായ 'ബൈത്തു സക്കാത്ത്' സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി മുഖ്യാതിഥിയായി എത്തിയത്. മലപ്പുറം ജില്ലയിലെ താനൂർ പുത്തൻ തെരുവിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത വേദിയിലാണ് മന്ത്രി വി. അബ്ദുറഹിമാൻ എത്തിയത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധ ബന്ധമുണ്ടെന്നും, അധികാരത്തിൽ വന്നാൽ ഭരണസംവിധാനങ്ങളിൽ വരെ ഈ സംഘടന പിടിമുറുക്കുമെന്നും എൽഡിഎഫ് നേതാക്കൾ നിരന്തരം ആരോപിക്കുമ്പോഴാണ് ഒരു ഇടത് മന്ത്രി തന്നെ ഈ സംഘടനയുടെ വേദിയിൽ പ്രത്യക്ഷപ്പെട്ടത്.

വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി പരിപാടിയിൽ സംസാരിക്കവെ വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കണമെന്നും കേരളത്തിന്റെ മതേതര മനസ്സിനെ മുറിപ്പെടുത്തുന്ന ഒരു നീക്കത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയുടെ പേരിൽ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ ആരായാലും അവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

രാഷ്ട്രീയ പ്രാധാന്യം ജമാഅത്തെ ഇസ്ലാമിയെ നിശിതമായി വിമർശിക്കുന്ന നിലപാടാണ് അടുത്ത കാലത്തായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വവും സ്വീകരിച്ചു വരുന്നത്. ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പിൽ പോലും ഇടപെടാൻ ശ്രമിക്കുമെന്ന മുൻ മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി ശരിവെച്ചിരുന്നു. വർഗീയത പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംഘടനയുടേതെന്നും, അതിനാൽ തന്നെ അവരുമായുള്ള എല്ലാവിധ രാഷ്ട്രീയ ബന്ധങ്ങളെയും എതിർക്കുമെന്നുമായിരുന്നു സിപിഎം നിലപാട്. എന്നാൽ, ഈ നിലപാടുകൾ നിലനിൽക്കെത്തന്നെ മന്ത്രി വി. അബ്ദുറഹിമാൻ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് മുന്നണിക്കുള്ളിലും പുറത്തും വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും.

പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഡിഎഫിനെ ജമാഅത്ത് ബന്ധത്തിന്റെ പേരിൽ വേട്ടയാടുന്ന ഇടത് മുന്നണിക്ക്, സ്വന്തം മന്ത്രി തന്നെ അവരുടെ വേദിയിലെത്തിയത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ കേന്ദ്രങ്ങൾ ആരോപിക്കുന്നു. താനൂർ പുത്തൻ തെരുവിലെ ബൈത്തു സക്കാത്ത് പരിപാടിയിൽ പങ്കെടുത്ത മന്ത്രിയുടെ നടപടി വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്ന് ഉറപ്പാണ്.

സംഘടനയുമായുള്ള ബന്ധത്തെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചും മുഖ്യമന്ത്രിയും ജമാഅത്തെ ഇസ്ലാമി നേതൃത്വവും തമ്മിൽ നേരത്തെ തന്നെ വാക്പോര് നടക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുൻകാല നിലപാടുകളെയും എകെജി സെന്ററിൽ നടന്ന കൂടിക്കാഴ്ചകളെയും ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഓർമ്മിപ്പിച്ചതോടെ ഈ തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മന്ത്രിയുടെ സന്ദർശനം ഇടതുമുന്നണിക്ക് നൽകുന്ന തലവേദന ചെറുതല്ല.

---------------

Hindusthan Samachar / Roshith K


Latest News