Enter your Email Address to subscribe to our newsletters

Kozhikode, 20 ജനുവരി (H.S.)
കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള വ്യാജ ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശിനി ഷിംജിത മുസ്തഫ ഒളിവിൽ. ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയത്.
പോലീസ് അന്വേഷണം ഊർജിതം കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് കേസന്വേഷിക്കുന്നത്. യുവതിയെ കണ്ടെത്താനായി പോലീസ് വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിവരികയാണ്. ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുക എന്നത് പോലീസിന് നിർണ്ണായകമാണ്. ഫോൺ ഒളിപ്പിച്ചുവെച്ചതോ നശിപ്പിച്ചതോ ആകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനായി സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
പൊളിഞ്ഞ വാദങ്ങൾ ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം വടകര പോലീസിനെ അറിയിച്ചിരുന്നുവെന്നുമാണ് ഷിംജിത ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദങ്ങൾ പൊളിഞ്ഞു. വീഡിയോ വൈറലാവുകയും ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വലിയ രീതിയിലുള്ള സൈബർ വിമർശനം ഉയരുകയും ചെയ്തതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു.
കുടുംബത്തിന്റെ പരാതിയും മനുഷ്യാവകാശ കമ്മീഷൻ ഇടപെടലും വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതും ദീപക്കിന്റെ ചിത്രം മോശമായി ചിത്രീകരിച്ചതുമാണ് അദ്ദേഹത്തെ മാനസികമായി തകർത്തതെന്ന് കുടുംബം ആരോപിക്കുന്നു. ഷിംജിതയുടെ വീഡിയോ ദീപക്കിനെ അപകീർത്തിപ്പെടുത്തുന്നതായിരുന്നുവെന്നും ഇതിൽ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും കാണിച്ച് ദീപക്കിന്റെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ പ്രതിഷേധം യാതൊരു വിധ തെളിവുകളുമില്ലാതെ ഒരാളെ പരസ്യമായി അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദീപക്കിന്റെ നിരപരാധിത്വം തെളിയിക്കുന്ന കുറിപ്പുകളുമായി സിനിമാ താരം ഹരീഷ് കണാരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ബസിൽ വെച്ച് ദീപക്കിനെ നേരിട്ട് കണ്ടിരുന്നവരും അദ്ദേഹം മാന്യനായാണ് പെരുമാറിയതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
യുവതിയെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വ്യാജ ആരോപണങ്ങൾ വഴി ഒരാളുടെ ജീവൻ നഷ്ടപ്പെടുത്തിയവർക്ക് കടുത്ത ശിക്ഷ നൽകണമെന്നുമാണ് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. നിലവിൽ പോലീസ് യുവതിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും ബന്ധുവീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
---------------
Hindusthan Samachar / Roshith K