Enter your Email Address to subscribe to our newsletters

Kozhikode, 20 ജനുവരി (H.S.)
കോഴിക്കോട്: ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പരാതിക്കാരിയായ യുവതിയും ദീപക്കും സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. സംഭവദിവസം ബസിനുള്ളിൽ വെച്ച് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
ദീപക്കും ഷിംജിത മുസ്തഫയും ബസ്സിൽ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനായി ബസ്സിലെ സിസിടിവി ഹാർഡ് ഡിസ്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിലൂടെ യുവതി ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തിൽ എത്രത്തോളം സത്യമുണ്ടെന്ന് കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൂടാതെ, സംഭവസമയത്ത് ബസ്സിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തും.
സോഷ്യൽ മീഡിയ ദൃശ്യങ്ങൾ വീണ്ടെടുക്കുന്നു
ദീപക്കിനെതിരെ മോശമായ രീതിയിൽ ഷിംജിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളുടെ മുഴുവൻ ഭാഗങ്ങളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നിലവിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഈ നീക്കം നടക്കുന്നത്. യുവാവിനെ പരസ്യമായി അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ദീപക്കിനെ മാനസികമായി തളർത്തിയിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്.
പ്രതി വിദേശത്തേക്ക് കടന്നതായി സംശയം
കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫ വിദേശത്തേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇന്നലെ ഇവർക്കെതിരെ കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയതായി പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ ദുബായിലായിരുന്ന യുവതി അവിടേക്ക് തന്നെ മടങ്ങിയതായാണ് സംശയിക്കുന്നത്. അറസ്റ്റ് ഭയന്നാണ് യുവതിയുടെ ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. യുവതിയെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്.
യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അത് കണ്ടെത്താനായിട്ടില്ല. ഇന്നലെ ഷിംജിതയുടെയും ദീപക്കിന്റെ കുടുംബത്തിന്റെയും പ്രാഥമിക മൊഴികൾ പോലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, ബസ്സിൽ വെച്ച് ഗുരുതരമായ രീതിയിലുള്ള ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആത്മഹത്യാ പ്രേരണാക്കുറ്റം
ദീപക്കിന്റെ മാതാവ് കെ. കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയ്ക്കെതിരെ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 108 പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. തന്റെ മകൻ പാവമായിരുന്നുവെന്നും വ്യാജ ആരോപണത്തിൽ ഭയന്നാണ് അവൻ ജീവനൊടുക്കിയതെന്നും ദീപക്കിന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനും സാഹചര്യ തെളിവുകൾ ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള 'ട്രയൽ' ഒരാളുടെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ വലിയ ഗൗരവത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
---------------
Hindusthan Samachar / Roshith K