Enter your Email Address to subscribe to our newsletters

Trivandrum , 20 ജനുവരി (H.S.)
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണെന്നും ഇഡി ഉൾപ്പെടെ ഏത് ഏജൻസി അന്വേഷിക്കുന്നതിലും പാർട്ടിക്ക് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൈവത്തിന്റെ സ്വർണ്ണം കക്കുന്നവരല്ല ഞങ്ങൾ’
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഒരു ദൈവത്തിന്റെയും സ്വർണ്ണം കക്കാൻ നടക്കുന്നവരല്ല തങ്ങൾ. അന്വേഷണം നടക്കട്ടെ, അന്വേഷിച്ച് വരുമ്പോൾ എല്ലാം മനസ്സിലാകും. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഉൾപ്പെടെയുള്ളവർ നടത്തിയ ഓരോ കാര്യങ്ങളും ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഈ അന്വേഷണം സഹായിക്കും, എം.വി. ഗോവിന്ദൻ പറഞ്ഞു.
20 വർഷം മുൻപുള്ള കാര്യങ്ങൾ ഉൾപ്പെടെ അന്വേഷിക്കണമെന്ന കോടതി നിർദ്ദേശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. കേസിൽ തന്ത്രി അറസ്റ്റിലായതോടെ ബിജെപിയുടെ ആവേശം കുറഞ്ഞുവെന്നും എന്നാൽ കോൺഗ്രസ് ഇപ്പോഴും ഇതിൽ രാഷ്ട്രീയം കാണുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കുറ്റം ചെയ്ത എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡി പരിശോധന സന്നിധാനത്ത്
കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ സന്നിധാനത്തെത്തി പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രതികരണം. ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികൾ പരിശോധിക്കാനും രേഖകൾ ശേഖരിക്കാനുമാണ് ഇഡി സംഘം എത്തിയത്. ഹൈക്കോടതിയുടെ കർശനമായ നിരീക്ഷണത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സിപിഐഎം നേതാക്കൾക്കും ദേവസ്വം ബോർഡ് ഭാരവാഹികൾക്കും കേസിൽ പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി പാർട്ടി സെക്രട്ടറി രംഗത്തെത്തിയത്.
ഭവന സന്ദർശനവും സർക്കാരും
സിപിഐഎം നേതൃത്വത്തിൽ നടക്കുന്ന ഭവന സന്ദർശന പരിപാടിക്ക് ജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു. ചിലയിടങ്ങളിൽ ജനങ്ങൾ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാർഷിക മേഖലയിലെ പ്രതിസന്ധികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും അത്തരം ആശങ്കകൾ സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ തിരുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല. ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം ഊർജിതമാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അത് യഥാർത്ഥ പ്രതികളെ തുറന്നുകാട്ടുമെന്നുമാണ് സിപിഐഎം നിലപാട്.
---------------
Hindusthan Samachar / Roshith K