Enter your Email Address to subscribe to our newsletters

Kerala, 20 ജനുവരി (H.S.)
തിരുവനന്തപുരം: നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. കേരളം സാമ്പത്തികമായി പൂർണ്ണമായും തകർന്ന് തരിപ്പണമായിരിക്കുകയാണെന്നും സർക്കാരിന്റെ പരാജയം നയപ്രഖ്യാപന പ്രസംഗത്തിലെ വരികൾക്കിടയിലൂടെ മുഴച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ അവകാശവാദങ്ങളും അർദ്ധസത്യങ്ങളും കുത്തിനിറച്ച ഒരു രേഖയാണ് ഗവർണറെക്കൊണ്ട് സർക്കാർ വായിപ്പിച്ചതെന്നും സതീശൻ ആരോപിച്ചു.
സാമ്പത്തിക തകർച്ചയും കേന്ദ്രവിഹിതവും
കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 52,000 കോടി രൂപയെക്കുറിച്ച് മുൻപ് വലിയ ശബ്ദമുയർത്തിയ സർക്കാർ ഇപ്പോൾ നയപ്രഖ്യാപനത്തിൽ അതിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. 52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്, അദ്ദേഹം പരിഹസിച്ചു. സാമ്പത്തിക രംഗം മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മേഖലയും നാല് വർഷത്തെ ബിരുദ കോഴ്സുകളും തകർന്നു നിൽക്കുകയാണെന്നും ഇത് സർക്കാരിന്റെ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി സജി ചെറിയാനും മതേതരത്വവും
മന്ത്രി സജി ചെറിയാനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് സർക്കാർ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത് വൈരുദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സിപിഐഎം ആസൂത്രിതമായി ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയതെന്നും ആ പദവിയിൽ തുടരാൻ സജി ചെറിയാന് യോഗ്യതയില്ലെന്നും സതീശൻ ആവർത്തിച്ചു.
ശബരിമല സ്വർണക്കൊള്ള
ശബരിമലയിലെ സ്വർണപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് അതീവ ഗൗരവതരമാണെന്ന് സതീശൻ പറഞ്ഞു. ശ്രീകോവിലിന്റെ ഒറിജിനൽ പാളി അവിടെനിന്ന് കടത്തിയെന്ന കോടതിയുടെ നിരീക്ഷണം പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ്. സ്വർണ്ണപ്പാളി കോടീശ്വരന് വിറ്റു എന്ന തങ്ങളുടെ ആരോപണം ഇതോടെ വ്യക്തമായിരിക്കുകയാണ്. എസ്‌ഐടി (SIT) അന്വേഷണം മന്ദഗതിയിലാണെന്നും കൂടുതൽ സിപിഐഎം നേതാക്കൾ കുടുങ്ങുമെന്ന ഭയമാണ് സർക്കാരിനെന്നും അദ്ദേഹം ആരോപിച്ചു.
ഗവർണർ-സർക്കാർ തർക്കം
ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ വെറും നാടകമാണെന്നും ഇതിനെക്കുറിച്ച് കേട്ടാൽ ജനങ്ങൾ ചിരിക്കുമെന്നും സതീശൻ പറഞ്ഞു. ഏത് രാത്രിയിലും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ സെറ്റിൽമെന്റ് ആകും. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്, അദ്ദേഹം പറഞ്ഞു.
സമുദായ നേതാക്കൾ വർഗീയത പറഞ്ഞാൽ യുഡിഎഫ് എതിർക്കുമെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ നേതാക്കളുടെ വിമർശനം യുഡിഎഫിന് എതിരാണെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് ഒരു ടീമായി തന്നെ മുന്നോട്ട് പോകുമെന്നും ഭിന്നതകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K