കൊച്ചി വിമാനത്താവളം വികസിപ്പിക്കാൻ മാസ്‌റ്റര്‍ പ്ലാൻ; രണ്ടാം റണ്‍വേ, ടാക്‌സി വേ, എടിസി ടവര്‍ എന്നിവ പരിഗണനയില്‍
Kochi, 03 ജനുവരി (H.S.) വരുന്ന 25 വർഷത്തെ വികസനം ലക്ഷ്യമിട്ട് കൊച്ചി വിമാനത്താവള കമ്ബനി മാസ്‌റ്റർ പ്ലാൻ തയ്യാറാക്കാൻ ഒരുങ്ങുകയാണ് ഇപ്പോള്‍. പദ്ധതിയുടെ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് കണ്‍സല്‍റ്റൻസിയെ തേടി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ
Cochin International Airport


Kochi, 03 ജനുവരി (H.S.)

വരുന്ന 25 വർഷത്തെ വികസനം ലക്ഷ്യമിട്ട് കൊച്ചി വിമാനത്താവള കമ്ബനി മാസ്‌റ്റർ പ്ലാൻ തയ്യാറാക്കാൻ ഒരുങ്ങുകയാണ് ഇപ്പോള്‍.

പദ്ധതിയുടെ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് കണ്‍സല്‍റ്റൻസിയെ തേടി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായ കൊച്ചി വിമാനത്താവളം കാലങ്ങളായി പുതിയ വികസന പ്രവർത്തനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതിനിടെയാണ് ഈ റിപ്പോർട്ടുകള്‍ വരുന്നത്.

നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ രണ്ടാം റണ്‍വേയും ടാക്‌സി ബേ, അനുബന്ധ വ്യോമ ഭാഗത്തെ വികസന പ്രവർത്തനങ്ങള്‍, പുതിയ പാസഞ്ചർ ടെർമിനലുകളും കാർഗോ കോംപ്ലക്‌സും, വിമാനത്താവളത്തിലേയ്ക്കുള്ള മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി, സിയാലിന്റെ കൈവശമുള്ള ഭൂമിയുടെ പരമാവധി വികസന സാധ്യതകള്‍ എന്നിവയാണ് വരാനിരിക്കുന്ന മാസ്‌റ്റർ പ്ലാനില്‍ പ്രധാനമായും ഉള്‍പ്പെടുത്തുകയെന്നാണ് വിവരം.

വ്യോമ ഭാഗത്തെ വികസന പ്രവർത്തനങ്ങളില്‍ പുതിയ റണ്‍വേ, ടാക്‌സി വേ, ഏപ്രണുകള്‍, ടെക്‌നിക്കല്‍ ബ്ലോക്ക്, എയർ ട്രാഫിക് കണ്‍ട്രോള്‍ ടവർ , പെരിമീറ്റർ റോഡ്, ഇന്ധനം നിറയ്ക്കുന്നതിനുള്ള സംവിധാനം, ആധുനിക നാവിക സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇവയെല്ലാം മാസ്‌റ്റർ പ്ലാനിന്റെ ഭാഗമായി ഇതിനൊപ്പം ചേർക്കാനാണ് തീരുമാനം.പുതിയ പാസഞ്ചർ, കാർഗോ ടെർമിനല്‍ കോംപ്ലക്‌സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, പാർക്കിങ് സംവിധാനങ്ങള്‍, അപ്രോച്ച്‌ റോഡുകള്‍, ഇന്ധന വിതരണ സംവിധാനങ്ങള്‍ എന്നിവയാണ് ലാൻഡ് സൈഡിലെ വികസന പ്രവർത്തനങ്ങള്‍.

10 മാസമാണ് പ്ലാൻ തയാറാക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ടെൻഡറുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തുറന്ന് കണ്‍സല്‍റ്റൻസിയെ കണ്ടെത്തും.നിലവിലെ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ ഈ വർഷം അവസാനത്തോടെ മാസ്‌റ്റർ പ്ലാൻ തയ്യാറാവുമെന്നാണ് വിവരം.

അതിനിടെ മറ്റ് പല മാറ്റങ്ങളും വിമാനത്താവളത്തില്‍ അധികൃതർ പടിപടിയായി നടപ്പാക്കുന്നുണ്ട്. കയറ്റുമതി സംഭരണ ശേഷി വർധിപ്പിച്ചുവെന്നതാണ് അതില്‍ ഏറ്റവും അവസാനത്തേത്. ഇതോടെ വാർഷിക കാർഗോ സംഭരണ ശേഷി 75000 മെട്രിക് ടണ്ണില്‍ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്‍ ആയി ഉയർന്നു.

പുതിയ സംവിധാനത്തില്‍ രണ്ട് അധിക എക്‌സ്- റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്‌ഷൻ മെഷീനുകളും ഉള്‍പ്പെടെ അപകടകരമായ ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, താഴ്ന്ന താപനില നില നിർത്തുന്ന രണ്ട് കോള്‍ഡ് റൂമുകള്‍, റേഡിയോ ആക്‌ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകള്‍ക്ക് പ്രത്യേക മുറി എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള ലിമിറ്റഡ്‌ 2024-25 സാമ്ബത്തിക വർഷത്തെ ലാഭവിഹിതമായ 79.82 കോടി രൂപ സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. സിയാല്‍ ഡയറക്‌ടർമാരായ മന്ത്രി പി രാജീവ്, മന്ത്രി കെ രാജൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് 79.82 കോടി രൂപയുടെ ചെക്ക് കൈമാറിയത്. അതിന് പിന്നാലെയാണ് വികസനത്തിനായി മാസ്‌റ്റർ പ്ലാൻ ഉള്‍പ്പെടെ തയ്യാറാക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News