കണ്ണൂരില്‍ സീറ്റിനായി വടംവലി; എംപി സ്ഥാനം ത്യജിച്ച്‌ മത്സരിക്കാമെന്ന് സുധാകരൻ
Kannur, 03 ജനുവരി (H.S.) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകള്‍ സജീവമായി നടക്കുകയും സാധ്യതകള്‍ ഓരോ മുന്നണികളും വിലയിരുത്തുകയും ചെയ്യുകയാണ്. ഇതുവരെയുള്ള ചർച്ചകളില്‍ നിന്ന് തന്നെ കോണ്‍ഗ്രസില്‍ വടംവലി തുടങ്ങിയെന്ന കാര്യം വ്യക്ത
K Sudhakaran


Kannur, 03 ജനുവരി (H.S.)

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകള്‍ സജീവമായി നടക്കുകയും സാധ്യതകള്‍ ഓരോ മുന്നണികളും വിലയിരുത്തുകയും ചെയ്യുകയാണ്.

ഇതുവരെയുള്ള ചർച്ചകളില്‍ നിന്ന് തന്നെ കോണ്‍ഗ്രസില്‍ വടംവലി തുടങ്ങിയെന്ന കാര്യം വ്യക്തമാണ്. ചില സീറ്റുകളിലാണ് ഇപ്പോള്‍ പ്രധാനമായും ചർച്ചകള്‍ നടക്കുന്നത്. അതില്‍ ഒന്നാണ് കണ്ണൂർ സീറ്റ്. ഇത്തവണ സീറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് രംഗത്ത് ഇറങ്ങുന്നത്.

കടന്നപ്പള്ളി രാമചന്ദ്രനാണ് നിലവിലെ എംഎല്‍എ. എന്നാല്‍ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമ്ബോള്‍ സ്വാഭാവികമായും കണ്ണൂർ എല്‍ഡിഎഫിനെ കൈവിടുമെന്ന വിശ്വാസമാണ് വലതുമുന്നണി വച്ച്‌ പുലർത്തുന്നത്.

അതുകൊണ്ട് തന്നെയാവണം കണ്ണൂർ സീറ്റില്‍ കണ്ണുവച്ച്‌ മുതിർന്ന നേതാക്കള്‍ ഉള്‍പ്പെടെ അര ഡസനിലധികം നേതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് ഇതെന്ന് ഓർക്കണം.

കഴിഞ്ഞ ദിവസം കണ്ണൂർ സീറ്റ് സംബന്ധിച്ച നിലപാട് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. താൻ മത്സരിക്കുമെന്ന അവകാശവാദവുമായി കെ സുധാകരൻ എംപി രംഗത്ത് ഇറങ്ങിയതോടെ സീറ്റിന് വേണ്ടിയുള്ള അണിയറ കളികള്‍ സജീവമാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡാണ് മണ്ഡലത്തില്‍ യുഡിഎഫിന് ഉണ്ടായിരിക്കുന്നത്.ഇതേ രീതി തുടർന്നാല്‍ ഇത്തവണ സീറ്റ് മറിയുമെന്നാണ് അവരുടെ പ്രതീക്ഷ. ചർച്ചകള്‍ ശൈശവ ദശയി എത്തിയപ്പോഴേക്കും സുധാകരൻ വിഭാഗം ശക്തമായ പ്രചാരണം ആരംഭിച്ചിട്ടുമുണ്ട്.

എംപിമാരില്‍ കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡിന്റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്.എന്നാല്‍ കേരളത്തിലെ നേതൃത്വത്തിന് ഇതിനോട് യോജിപ്പില്ലെന്നാണ് സൂചന.

സുധാകരന് മാത്രം ഇളവ് നല്‍കിയാല്‍ നാലഞ്ച് എംപിമാർ കൂടി നിയമസഭയിലേക്ക് ഇറങ്ങാൻ തയ്യാറായി നില്‍ക്കുന്നതിനാല്‍ കെപിസിസി നേതൃത്വം ഇതിനെ എതിർക്കുന്നു. മുൻ മേയർ ടിഒ മോഹനൻ, കോർപ്പറേഷൻ കൗണ്‍സിലർ റിജില്‍ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്‌ണൻ, കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവർക്കൊക്കെയും കണ്ണൂരില്‍ ഒരു കണ്ണുണ്ട്.

കോർപ്പറേഷനില്‍ തുടർഭരണം കിട്ടിയതോടെ ടിഒ മോഹനന്റെ ഗ്രാഫ് കുത്തനെ ഉയർന്നു. ആദി കടലായി ഡിവിഷനിലെ മിന്നുന്ന വിജയമാണ് റിജില്‍ മാക്കുറ്റിയെ മുൻനിരയില്‍ നിർത്തുന്നത്. 91ല്‍ കണ്ണൂർ മണ്ഡലത്തില്‍ നിന്ന് ജയിച്ച്‌ മന്ത്രിയായ എൻ രാമകൃഷ്‌ണന്റെ മകള്‍ അമൃതാ മുൻ കൗണ്‍സിലർ കൂടിയാണ്.

കെഎസ്‌യു ഉപാധ്യക്ഷൻ ആണെങ്കിലും കണ്ണൂർ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ഷമ്മാസ് കാലങ്ങളായി നടത്തുന്നത്.കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാല്‍ ലക്ഷത്തിലധികം ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പില്‍ 15,000 അടുത്ത് ലീഡും കണ്ണൂർ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടെന്നതാണ് നേതാക്കളെ അവിടേക്ക് ആകർഷിക്കുന്നതിന് കാര്യം.

എല്‍ഡിഎഫിന് വേണ്ടി ഇത്തവണയും രാമചന്ദ്രൻ കടന്നപ്പള്ളി തന്നെ ഇറങ്ങിയേക്കും.അതിനിടെ എംപി സ്ഥാനം ത്യജിച്ച്‌ മത്സരത്തിന് ഇറങ്ങാമെന്ന കെ സുധാകരന്റെ വാക്കുകള്‍ മറ്റൊരു രീതിയില്‍ രാഷ്ട്രീയ നിരീക്ഷകർ പോലും കാണുന്നത്.

ഇത്തവണ യുഡിഎഫ് അധികാരം പിടിച്ചാല്‍ സർക്കാരില്‍ ഒരു സ്ഥാനവും കിട്ടാതെയാവും എന്ന തോന്നലാണ് ഇതിലേക്ക് നയിക്കുന്നതെന്ന് സൂചനയുണ്ട്. സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ ഒരു മന്ത്രിസ്ഥാനവും കെ സുധാകരൻ സ്വപ്‌നം കാണുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News