വി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാൻ സിപിഎം നീക്കം
Thiruvananthapuram, 03 ജനുവരി (H.S.) മുന്‍ മുഖ്യമന്ത്രിയും സി പി എം സ്ഥാപക നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സി പി എം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അരുണിനെ മത്സരി
V A Arunkumar


Thiruvananthapuram, 03 ജനുവരി (H.S.)

മുന്‍ മുഖ്യമന്ത്രിയും സി പി എം സ്ഥാപക നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സി പി എം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

അരുണിനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശം ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്ന് ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്.2001 മുതല്‍ 2016 വരെ പാലക്കാട് ജില്ലയിലെ മലമ്ബുഴയില്‍ നിന്ന് ജയിച്ചാണ് വിഎസ് നിയമസഭയിലെത്തിയത്.

ആലപ്പുഴ വിഎസിന്റെ സ്വന്തം നാടാണ്. ജില്ലയിലെ അമ്ബലപ്പുഴ, മാരാരിക്കുളം എന്നീ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചും വിഎസ് നിയമസഭയിലെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ വിഎസിന്റെ മകനെ മത്സരിപ്പിക്കുന്നത് വഴി ജനകീയ പിന്തുണ ഉറപ്പാക്കുക എന്നതാണ് സിപിഎം ലക്ഷ്യം.

മത്സരരംഗത്തേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് വി.എസിന്റെ കുടുംബവുമായി നേതൃത്വം പ്രാഥമികമായി ബന്ധപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴയിലെ കായംകുളം മണ്ഡലത്തിലായിരിക്കും അരുണ്‍ കുമാറിന് സാധ്യത കൂടുതല്‍. നിലവില്‍ യു പ്രതിഭയാണ് കായംകുളം എംഎല്‍എ. കഴിഞ്ഞ രണ്ട് തവണയും പ്രതിഭയായിരുന്നു ഇവിടെ നിന്ന് മത്സരിച്ച്‌ ജയിച്ച്‌ നിയമസഭയിലെത്തിയത്.

രണ്ട് ടേം വ്യവസ്ഥ സിപിഎം നടപ്പിലാക്കുന്നതിനാല്‍ ഇത്തവണ പ്രതിഭയ്ക്ക് സീറ്റ് ലഭിക്കില്ല. പ്രതിഭയ്ക്ക് ഇളവ് ലഭിക്കാനും സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് അരുണിന്റെ പേര് ഉയര്‍ന്ന് വരുന്നത്. നിലവില്‍ ഐ എച്ച്‌ ആര്‍ ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുണ്‍കുമാര്‍ ഡയറക്ടറുടെ താത്കാലിക ചുമതലയും നിര്‍വഹിക്കുന്നുണ്ട്.

അതിനാല്‍ രാജിവെച്ചേ മത്സരിക്കാനാകൂ. നിലവില്‍ അരുണ്‍ പാര്‍ട്ടി അംഗമല്ല.എങ്കിലും മത്സരിപ്പിക്കുന്നതില്‍ തടസമില്ല. അതേസമയം തന്നെ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നതായി കേട്ടുവെന്നും തനിക്ക് അതേക്കുറിച്ച്‌ അറിയില്ലെന്നുമാണ് അരുണ്‍കുമാര്‍ പറയുന്നത്.

അതേസമയം നേതൃതലത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 21 നാണ് വിഎസ് മരിച്ചത്.പുന്നപ്ര വയലാര്‍ സേനാനിയായിരുന്ന വിഎസ് ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമായി വിഎസ് പങ്കെടുത്തിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു. കേരളം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു വിഎസ് അച്യുതാനന്ദന്‍.എട്ട് പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന 102-ാം വയസിലാണ് അന്തരിക്കുന്നത്.

1965 ല്‍ ആണ് വിഎസ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അമ്ബലപ്പുഴയില്‍ 2327 വോട്ടിന് തോല്‍ക്കാനായിരുന്നു വിധി. പിന്നീട് 1967 ലും 1970 ലും അമ്ബലപ്പുഴയില്‍ നിന്ന് തന്നെ മത്സരിച്ച്‌ നിയമസഭയിലെത്തി. 1977 ല്‍ അമ്ബലപ്പുഴയില്‍ തോറ്റു.

1980 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ മത്സരരംഗത്ത് നിന്ന് മാറി.1991 ല്‍ മാരാരിക്കുളത്ത് നിന്ന് ജയിച്ച്‌ വീണ്ടും നിയമസഭയിലെത്തി. ആ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 1996 ല്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടു.

2001 ല്‍ മലമ്ബുഴയില്‍ നിന്ന് ജയിച്ചു. വീണ്ടും പ്രതിപക്ഷ നേതാവായി. 2006 ല്‍ മലമ്ബുഴയില്‍ നിന്ന് ജയിച്ച്‌ കേരളത്തിന്റെ 11-ാമത് മുഖ്യമന്ത്രിയുമായി. 2011 ല്‍ കേവലം രണ്ട് സീറ്റിന് ഭരണം നഷ്ടപ്പെട്ടതോടെ മലമ്ബുഴയില്‍ നിന്ന് ജയിച്ച വിഎസ് വീണ്ടും പ്രതിപക്ഷ നേതാവായി. 2016 ലും വിഎസ് മലമ്ബുഴയില്‍ നിന്ന് ജയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News