Enter your Email Address to subscribe to our newsletters

Thiruvanathapuram, 03 ജനുവരി (H.S.)
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിധി ഇന്ന്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. അട്ടിമറിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടന്ന കേസിലാണ് വിധി വരുന്നത്.
1990 ഏപ്രില്‍ നാലിന് ലഹരിമരുന്നുമായി തിരുവനന്തപുരത്ത് പിടിയിലായ വിദേശിയെ രക്ഷിക്കാന്‍ കേസിലെ തൊണ്ടിവസ്തുവായ അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കി എന്ന് കണ്ടെത്തിയാണ് ആന്റണി രാജുവിനെ പ്രതിയാക്കിയത്. കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന കെ.എസ്.ജോസ് കൂട്ടുപ്രതിയായി. 2006ല്‍ പോലീസ് കുറ്റപത്രം കൊടുത്ത കേസ് രണ്ടു കോടതികളിലായി 16 വര്‍ഷം വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികള്‍ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് കാരണമെന്ന് 2022ല്‍ പുറത്ത് വന്നതോടെ ആണ് കേസിന് വീണ്ടും ജീവന്‍ വച്ചത്.
ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. സുപ്രീം കോടതി വിധിയില്‍ നിര്‍ണ്ണായകമായത് മൂന്ന് തെളിവുകളാണ്.
1 ഒപ്പും കയ്യക്ഷരവും
കോടതിയിലെ തൊണ്ടി രജിസ്റ്ററില്‍ എഴുതിയ അതേ വാചകം; Received the item No T241/90 as per court order on 9.8.90, ആന്റണി രാജുവിനെക്കൊണ്ട് അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍ അസി. കമ്മിഷണര്‍ പി.പ്രഭ അഞ്ച് തവണ എഴുതിച്ചു അഞ്ചുതവണ ഒപ്പും ഇടുവിച്ചു. കൂടാതെ മറ്റൊരു പേപ്പറില്‍, Returned on 5/12/90 എന്നും എഴുതിച്ചു. അതും അഞ്ചു തവണയായിരുന്നു. ഇവ കുടാതെ ആന്റണി രാജു 1990 കാലത്തെഴുതിയ ഏതാനും രേഖകളും താരതമ്യത്തിനായി ഫൊറന്‍സിക് വിഭാഗം ശേഖരിച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ എല്ലാ കയ്യക്ഷരവും ഒരാളുടേതെന്ന് കണ്ടെത്തി. ലഹരിക്കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ ആന്റണി രാജുവിന് പ്രധാനമായും കുരുക്കായിരിക്കുന്നത് ഈ ഫൊറന്‍സിക് പരിശോധനയാണ്.
ഇതോടെ തൊണ്ടിയായ അടിവസ്ത്രം കൈക്കലാക്കാന്‍ തൊണ്ടി രജിസ്റ്ററില്‍ ഇംഗ്ലീഷില്‍ എഴുതിയൊപ്പിട്ടത് ആന്റണി രാജു തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതടക്കം സാധ്യമായ എല്ലാ ശാസ്ത്രിയ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ആന്റണി രാജുവിനെ പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയത്. ലഹരിക്കേസില്‍ അറസ്റ്റിലായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയുടെ മുഷിഞ്ഞ അണ്ടര്‍വെയര്‍ കൈക്കലാക്കാന്‍ ആന്റണി രാജു നടത്തിയ വിദഗ്ധ ഇടപെടലിന്റെ തെളിവാണ് കോടതിയുടെ തൊണ്ടി റജിസ്റ്ററിലെ കയ്യെഴുത്തും ഒപ്പും.
2 അടിവസ്ത്രം വെട്ടിത്തയ്ച്ചു എന്ന പരിശോധന ഫലം
കടുംനീല ബനിയന്‍ തുണിയില്‍ തുന്നിയ മുഷിഞ്ഞ ജട്ടി എന്നാണ് മെറ്റിരീയല്‍ Received the item No T241/90 as per court order on 9.8.90, എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തുവിനെ കേസിലുടനീളം പരാമര്‍ശിക്കുന്നത്. ഈ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധന സ്ഥിരീകരിച്ചിരുന്നു. തുന്നലിന്റെ സ്വഭാവം മുതല്‍ നൂലിന്റെ പഴക്കം വരെ സൂക്ഷമമായി പരിശോധിച്ചാണ് ഫൊറന്‍സിക് വിദഗ്ധന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതും കേസിലെ ആന്റണി രാജുവിന്റെ പങ്ക് അടിവരയിട്ടുറപ്പിക്കുന്നതാണ്. 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച നിലയില്‍ ധരിച്ച് കാണപ്പെട്ട ഇത് അറസ്റ്റിന്റെ സമയത്ത് തന്നെ പ്രതിയില്‍ നിന്നൂരി വാങ്ങി സീല്‍ചെയ്ത് പരിശോധനക്ക് അയച്ചതാണ്. സാധാരണ നിലക്ക് ആരും തയ്ച്ച് ചെറുതാക്കാന്‍ ഇടയില്ലാത്ത അടിവസ്ത്രത്തിലെ പ്രകടമായ വ്യത്യാസം ഫൊറന്‍സിക് വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും തുന്നലിന്റെ കാര്യത്തിലാണ്.
മാത്രവുമല്ല അസ്വാഭികമെന്ന് കണ്ട തുന്നലുകളെല്ലാം പുതിയവ ആണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു (''could have been done recently'; P.03, 3nd point)ഇത്രയും കാര്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമാകുന്ന സാഹചര്യത്തില്‍, ഈ തൊണ്ടിവസ്തു ആരൊക്കെ കൈകാര്യം ചെയ്തിരുന്നു എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോടതിയാണ് കസ്റ്റോഡിയന്‍. ഇവിടെ നിന്ന് അന്യായമായി കൈക്കലാക്കി നാലുമാസത്തോളം കൈവശംവച്ചത് പ്രതിഭാഗം അഭിഭാഷകന്‍ ആന്റണി രാജുവാണ്. കോടതിയിലെ തൊണ്ടി റജിസ്റ്റര്‍ ഇതിന് തെളിവായുണ്ട്. തിരുവനന്തപുരം ഫൊറന്‍സിക് ലാബ് 1996ല്‍ നല്‍കിയ ഈ റിപ്പോര്‍ട്ടും കയ്യില്‍വച്ചാണ് 2002ല്‍ ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് എന്നതാണ് വിചിത്രം. അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസില്‍ ആന്റണി രാജുവിനെ തളളി അദ്ദേഹത്തിന്റെ സീനിയര്‍ അഡ്വ. സെലിന്‍ വില്‍ഫ്രഡും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
3 ഇന്റര്‍പോളിന്റെ കത്ത്
ആന്റണി രാജു ലഹരിക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടുത്തിയ ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി അവിടെയെത്തി മറ്റൊരു കൊലക്കേസില്‍ പെട്ടതോടെയാണ് കേരളത്തില്‍ വക്കീലുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്. അഡ്വക്കറ്റ് ആന്റണി രാജുവിന്റെ കാര്യക്ഷമത കൊണ്ട് കേസില്‍ നിന്നൂരിയ ആന്‍ഡ്രൂ തൊട്ടടുത്തു തന്നെ നാടുവിട്ടു. ലഹരിയുമായി പിടിയിലായി ഒറ്റ വര്‍ഷത്തിനുള്ളില്‍ വിചാരണയും അപ്പീല്‍ വാദവും പൂര്‍ത്തിയാക്കി 91 മാര്‍ച്ച് ആദ്യം തന്നെ ഓസ്ട്രേലിയയിലെത്തി. 95 അവസാനം അവിടെയൊരു കൊലക്കേസില്‍ അറസ്റ്റിലാകുന്നു. തുടര്‍ന്ന് മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ ആന്‍ഡ്രൂവിന്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോണ്‍ പോള്‍ ആണ് നിര്‍ണായകമായ ആ വെളിപ്പെടുത്തല്‍ നടത്തുന്നത്. തടര്‍ന്ന് ഓസ്ട്രേലിയന്‍ പൊലീസ് ഇന്റര്‍പോള്‍ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്.
---------------
Hindusthan Samachar / Sreejith S