Enter your Email Address to subscribe to our newsletters

Kerala, 04 ജനുവരി (H.S.)
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത നടപടിയില്‍ വിഡി സതീശനെ പിന്തുണച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
പുനർജനിയില്‍ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് തന്നെ വിഡി സതീശനാണെന്നും അദ്ദേഹത്തോടുള്ള വിരോധത്തിൻ്റെ പേരില്‍ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം:
' പുനർജനിയില്‍ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? അല്ല, ബി ജെ പി ആണോ? അല്ല ,അത് ശ്രീ വി ഡി സതീശൻ തന്നെയാണ്. ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോള്‍ അതിന് പ്രതിരോധം എന്ന നിലയില്‍ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.ആ ആരോപണത്തിന് മറുപടിയായി ശ്രീ വി ഡി സതീശൻ പറഞ്ഞത് ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവില്‍ കേരളത്തില്‍ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങള്‍ക്ക് റിപ്പോർട്ട് കിട്ടുംഎന്നാണ്.
പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇല്‍ പരം പുതിയ വീടുകളും 100 ഇല്‍ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യല്‍ മെഷീനുകള്‍ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരില്‍ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്', രാഹുല്‍ കുറിച്ചു.
അതേസമയം പദ്ധതിയില്‍ ഏത് അന്വേഷണത്തിനും താൻ തയ്യാറാണെന്ന് വിഡി സതീശൻ പ്രതികരിച്ചു.'നാലഞ്ചു കൊല്ലമായി അന്വേഷണം നടക്കുന്നു. ഏതു രീതിയില്‍ അന്വേഷിച്ചാലും ഒരു കാരണവശാലും നിയമപരമായി അത് നിലനില്‍ക്കുന്നതല്ല. കാരണം 100ശതമാനം പെർഫെക്ഷനോടു കൂടിയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തത്. ഏതു തരത്തിലുള്ള അന്വേഷം നേരിടാനും ഞാൻ തയ്യാറാണ്. അന്വേഷമായിട്ടൊക്കെ ഞാൻ പൂർണമായി സഹകരിച്ചിട്ടുണ്ട് ,എല്ലാവിധ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.മാർച്ച് അവസാവത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പോവുയാണ്. ജനുവരിയില്‍ എനിക്കെതിരെ ഒരു കേസ് ആയിക്കോട്ടെ എന്ന് വിചാരിച്ചാല്‍ എനിക്ക് യാതൊരു വിരോധവുമില്ല.
ഞാൻ അതിനെ രാഷ്ട്രീയമായി നേരിടും. അല്ലാത്ത കേസ് ആണെങ്കില്‍ നിയമപരമായി അതിനെ നേരിടും. ഒരു ബുദ്ധിമുട്ടും ആ കാര്യത്തില്‍ ഇല്ല.വിദേശത്ത് പോയി ഫണ്ട് പിരിച്ചെന്ന് കണ്ടെത്തിയെങ്കില്‍ കേസ് എടുക്കട്ടെ അല്ലെങ്കില്‍ സിബിഐക്ക് വിടട്ടെ. അതിനേക്കാളും വലിയ ഏജൻസി ഇന്ത്യയില്‍ ഇല്ലല്ലോ.
ഞാൻ വിദേശത്ത് പോയി പണം പിരിച്ചിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ ആണ് കണ്ടെത്തിയത്. എഴുതി കൊടുക്കുന്ന റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കാൻ പറ എം വി ഗോവിന്ദനോട്. ഒരു പ്രാവശ്യം ഇത് വളരെ വിശദമായി അന്വേഷിച്ചു, എന്നിട്ട് ഒരു കാരണവശാലും ഇത് നിലനില്‍ക്കുന്നതല്ല എന്ന് വിജിലൻസ് തന്നെ റിപ്പോർട്ട് കൊടുത്തു, അത് ആഭ്യന്തര വകുപ്പ് അംഗീകരിച്ച് കേസ് ഡ്രോപ്പ് ചെയ്തു.
രണ്ടാമത് വീണ്ടും പരാതി വന്നപ്പോള്‍ അന്വേഷണം നടത്തി ആ അന്വേഷണത്തിന്റെ ഒരു ഭാഗത്തുള്ള ഒരു കാര്യമാണ് ഈ പറയുന്നത്. ഇനി വേറെ ആരും കാണാത്ത ഫൈൻഡിങ് ഉണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ', വിഡി സതീശൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR