സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്ബള പരിഷ്‌കരണം ബജറ്റിന് മുമ്ബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
Thiruvananthapuram, 04 ജനുവരി (H.S.) സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്ബള പരിഷ്‌കരണം ബജറ്റിന് മുമ്ബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ മുതല്‍ പരിഷ്‌കരിച്ച ശമ്ബളം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് നടപടിക്രമങ്ങ
Central government


Thiruvananthapuram, 04 ജനുവരി (H.S.)

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്ബള പരിഷ്‌കരണം ബജറ്റിന് മുമ്ബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

മാര്‍ച്ച്‌ മുതല്‍ പരിഷ്‌കരിച്ച ശമ്ബളം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. 2024 ജൂലൈ 1 മുതല്‍ പരിഷ്‌കരണത്തിന് മുന്‍കാല പ്രാബല്യമുണ്ടാകും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ് ഉണ്ടായിരിക്കും. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് അനുസൃതമായി പെന്‍ഷന്‍ തുക 2500 രൂപയിലേക്ക് മാറ്റിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കുടിശ്ശികയടക്കം കൊടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേമ പെന്‍ഷന്‍ 1600 ല്‍ നിന്ന് 2000 മാക്കി ഉയര്‍ത്തിയിരുന്നു.

ശമ്ബള പരിഷ്‌കരണ കമ്മീഷന് പകരം, സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ സമിതി ഒരു ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ ഒരു രാഷ്ട്രീയ തീരുമാനം എടുത്താലുടന്‍ പ്രഖ്യാപനം നടത്തും. മുന്‍ ശമ്ബള പരിഷ്‌കരണ സമയത്ത്, നിലവിലുള്ള അടിസ്ഥാന ശമ്ബളത്തെ 1.37 മടങ്ങ് ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്ബളം നിശ്ചയിച്ചത്. അന്ന്, 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്‌മെന്റ് ആനുകൂല്യവും ഒരുമിച്ച്‌ 37 ശതമാനം വര്‍ധനവുണ്ടായി.

ഇത്തവണ, 38 ശതമാനമായിരിക്കും വര്‍ധനവ് എന്നാണ് സൂചന. നിലവിലുള്ള അടിസ്ഥാന ശമ്ബളത്തിന്റെ 1.38 ഇരട്ടിയായിരിക്കും പുതിയ അടിസ്ഥാന ശമ്ബളം. നിലവിലുള്ള അടിസ്ഥാന ശമ്ബളത്തെ 1.38 കൊണ്ട് ഗുണിച്ചാല്‍ പുതുക്കിയ അടിസ്ഥാന ശമ്ബളം ലഭിക്കും. ഈ ഫോര്‍മുലയ്ക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചു.

അതനുസരിച്ച്‌, ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്ബളം 31,740 രൂപ ആയിരിക്കും.ക്ഷാമബത്ത കുടിശ്ശിക അടയ്ക്കുന്നതിലും സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നിലപാട് വന്നേക്കും. കുടിശ്ശിക എത്ര കാലയളവിലേതാണ് വിതരണം ചെയ്യുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഈ തുക പ്രൊവിഡന്റ് ഫണ്ടുമായി ലയിപ്പിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ബജറ്റില്‍, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിക്ക് പകരം ഒരു 'അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി' നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ചട്ടക്കൂടും വിജ്ഞാപനവും ഉടന്‍ പുറപ്പെടുവിക്കും.

ഒരു നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കുന്ന ഈ പദ്ധതി പ്രകാരം, സര്‍ക്കാരിന്റെ സംഭാവന വര്‍ധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനം 93,000 കോടി രൂപയാണ്. നിലവില്‍, 70,000 കോടി രൂപ ശമ്ബളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നു. ശമ്ബള പരിഷ്‌കരണം നടപ്പിലാക്കുന്നതോടെ, മുഴുവന്‍ നികുതി വരുമാനവും ശമ്ബളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കേണ്ടി വന്നേക്കാം.

ശമ്ബള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അംഗീകൃത ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സിപിഎമ്മുമായി ബന്ധപ്പെട്ട സര്‍വീസ് സംഘടനകള്‍ ജനുവരി 12, 13 തീയതികളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News