നിക്കോളാസ് മഡൂറോയെ ബന്ദികളാക്കിയ അമേരിക്കയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ മുതിർന്ന സിപിഎം നേതാവ് ഡോ.
Alappuzha, 04 ജനുവരി (H.S.) വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദികളാക്കിയ അമേരിക്കയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ മുതിർന്ന സിപിഎം നേതാവ് ഡോ.ടിഎം തോമസ് ഐസക്. കൊളോണിയല്‍ കൊള്ളയ്ക്ക് സമാനമായ അധിനിവേശമാണ് അമേരിക്ക വെനസ്വേലയില്‍ നടത്തിയത
Thomas Isaac


Alappuzha, 04 ജനുവരി (H.S.)

വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദികളാക്കിയ അമേരിക്കയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ മുതിർന്ന സിപിഎം നേതാവ് ഡോ.ടിഎം തോമസ് ഐസക്.

കൊളോണിയല്‍ കൊള്ളയ്ക്ക് സമാനമായ അധിനിവേശമാണ് അമേരിക്ക വെനസ്വേലയില്‍ നടത്തിയതെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. മോദി ഇക്കാര്യത്തില്‍ നിശബ്‌ദനാണെന്നും പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

തോമസ് ഐസക്കിന്റെ വാക്കുകള്‍:

കൊളോണിയല്‍ കൊള്ളയ്ക്ക് സമാനമായൊരു അധിനിവേശമാണ് അമേരിക്ക വെനസ്വേലയില്‍ നടത്തിയത്. ട്രംപ് അത് മറച്ചുവയ്ക്കുന്നില്ലായെന്നു മാത്രമല്ല, വീമ്ബിളക്കുകയുമാണ്. മഡൂറോയെ ബന്ധനസ്ഥനാക്കിയശേഷം ട്രംപ് നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ ഒരു റിപ്പോർട്ടർ ചോദിക്കുന്നു:

അമേരിക്ക ആ രാജ്യം ഭരിക്കുന്ന വേളയില്‍ അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടാകുമോ?ട്രംപിന്റെ മറുപടി ഇതാണ്: എണ്ണയുമായി ബന്ധപ്പെട്ട് വെനസ്വേലയില്‍ നമുക്ക് ശക്തമായ സാന്നിദ്ധ്യമുണ്ടാകും. അവിടെ മണ്ണിനടിയില്‍ നിന്ന് ഭീമമായ സമ്ബത്ത് നമ്മള്‍ പുറത്തെടുക്കാൻ പോവുകയാണ്....

ആ രാജ്യം അമേരിക്കയ്ക്ക് ഉണ്ടാക്കിയ നഷ്ടത്തിന് പരിഹാരമായി അത് അമേരിക്കയ്ക്ക് കിട്ടിയേ തീരൂ.വാള്‍സ്ട്രീറ്റ് ഉത്സാഹതിമിർപ്പിലാണ്. 1990-കളില്‍ റഷ്യയിലേക്ക് തിക്കിത്തിരക്കിട്ട് അമേരിക്കൻ മുതലാളിമാർ പോയതിനെ അനുസ്‌മാരിപ്പിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അമേരിക്കൻ കമ്ബനികളുടെ 20 അംഗ സംഘം വെനസ്വേലയിലേക്ക് പോകുന്നുവെന്ന് ആദ്യദിനം തന്നെ വാള്‍സ്ട്രീറ്റ് ജേർണല്‍ പത്രം വെളിപ്പെടുത്തിക്കഴിഞ്ഞു.ഇടനിലക്കാരെവച്ചൊന്നുമല്ല നേരിട്ട് ഭരിക്കാനാണ് ട്രംപിന് ആഗ്രഹം. മഡൂറൊയ്ക്ക് പകരം സ്ഥാനാരോഹണം നടത്താൻ വേണ്ടി വെനസ്വേല പ്രതിപക്ഷ നേതാവ് മറിയ കൊറിയ മച്ചാഡോയ്ക്ക് നൊബേല്‍ സമ്മാനം നല്‍കി ഒരുക്കിയിരുന്നു.

എന്നാല്‍ അത്തരമൊരു അധികാര കൈമാറ്റം ട്രംപ് തള്ളിക്കളഞ്ഞു. അവർക്ക് ആ രാജ്യത്തിനുള്ളില്‍ അത്തരം ബഹുമാനമോ പിന്തുണയോ ഉണ്ടെന്നു ഞാൻ കരുതുന്നില്ല.പത്തൊൻപതാം നൂറ്റാണ്ടില്‍ അമേരിക്കൻ പ്രസിഡന്റ് മണ്‍റോ അമേരിക്കൻ വൻകരയില്‍ വിദേശശക്തികള്‍ക്ക് സ്ഥാനമുണ്ടാകില്ലായെന്നു പ്രഖ്യാപിച്ചിരുന്നു. ഈ മണ്‍റോ തിട്ടൂരം ട്രംപ് പുനപ്രതിഷ്ഠിച്ചിരിക്കുകയാണ്.

അമേരിക്കൻ വൻകര അമേരിക്കയുടേതാണ്. ചൈനയോ റഷ്യയോ അവിടെ സ്വാധീനം ചെലുത്തണ്ട. എന്നുവച്ചാല്‍ ലാറ്റിനമേരിക്കയിലെ മറ്റ് ഇടതുപക്ഷ സർക്കാരുകള്‍ക്കെതിരെ ഭീഷണിയും ട്രംപ് ഉയർത്തിക്കഴിഞ്ഞു. ചൈനയെ അമേരിക്കൻ വൻകരയില്‍ നിന്ന് പുറത്താക്കുകയാണ് അമേരിക്കയുടെ പ്രധാന ഉന്നം.

ഇന്ത്യ ഒഴികെ ബ്രിക്‌സ് രാജ്യങ്ങളെല്ലാം അമേരിക്കൻ വെനസ്വേലൻ അധിനിവേശത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ബ്രസീലിലെ ലുലയാണ് മുന്നില്‍. ഇന്ത്യയുടെ മോദി നിശബ്‌ദനാണ്. തീരുവ ഉപരോധമുണ്ടെങ്കിലും വിദേശനയത്തില്‍ അമേരിക്കയ്ക്കൊപ്പം നില്‍ക്കാനാണ് മോദിയുടെ ഇന്ത്യയുടെ തീരുമാനം.

വിദേശമന്ത്രാലയത്തിന്റെ ഏക പ്രസ്‌താവന വെനസ്വേലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്‍കിയ ജാഗ്രതാ സന്ദേശം മാത്രമാണ്.ബ്രസീലും ചൈനയും മറ്റും ഉന്നയിച്ചതുപോലെ ഏറ്റവും ഗൗരവമായ ചോദ്യം ഇത്തരത്തില്‍ ഏകപക്ഷീയമായി ഒരു പരമാധികാര രാജ്യത്തിനുള്ളില്‍ കടന്നാക്രമണം നടത്താനും ഭരണാധികാരിയെ തടവിലാക്കാനും സ്വന്തം രാജ്യത്ത് കൊണ്ടുപോയി വിചാരണ നടത്താനും ഏതെങ്കിലും രാജ്യത്തിന് അവകാശമുണ്ടോ?

എല്ലാ സാർവ്വദേശീയ നിയമങ്ങള്‍ക്കും വിരുദ്ധമാണ് അമേരിക്കയുടെ നടപടി.പുതിയ ന്യുയോർക്ക് മേയർ സൊഹ്റൻ മംമ്ദാനി ഏറ്റവും ശക്തമായ പ്രസ്‌താവനയാണ് ഇറക്കിയത്. ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് ഒരു യുദ്ധപ്രഖ്യാപനമാണ്. രാജ്യത്തെ ഫെഡറല്‍ നിയമത്തിന്റെയും അന്തർദേശീയ നിയമത്തിന്റെയും ലംഘനമാണ്.അമേരിക്കയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് ബർണി സാന്റേഴ്സ് ട്രംപിന്റെ നടപടിക്ക് അമേരിക്കൻ നിയമത്തിന്റെ പിന്തുണയില്ലായെന്നാണ് പ്രസ്‌താവിച്ചിരിക്കുന്നത്.

അമേരിക്കൻ കോണ്‍ഗ്രസിന് മാത്രമേ യുദ്ധപ്രഖ്യാപനത്തിന് അവകാശമുള്ളൂ.എന്തുകൊണ്ട് ഇപ്പോള്‍ പെട്ടെന്നൊരു കടന്നാക്രമണം? കാരണം, ബാലലൈംഗിക ഇടപാടുകാരൻ എപ്സ്റ്റീന്റെ ഫയലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതില്‍ ട്രംപിനും പ്രമുഖസ്ഥാനമുണ്ട്.

ഇതില്‍ നിന്ന് ശ്രദ്ധതിരിക്കേണ്ടത് വഷളൻ ട്രംപിന്റെ ആവശ്യമാണ്.വെനസ്വേല കടന്നാക്രമണം അമേരിക്കയുടെ സർവ്വപ്രതാപത്തിന്റെ പ്രകടനമായി കാണുന്നവരാണ് ഏറെ. എന്നാല്‍ അത് അമേരിക്കയുടെ ദൗർബല്യങ്ങളില്‍ നിന്ന് കരകയറാനുള്ള കൈവിട്ടകളിയായി കാണുന്നവരും ഏറെയുണ്ട്.

എണ്ണ മാർക്കറ്റില്‍ സ്ഥാനം ഉറപ്പിക്കാൻ ഇത് സഹായിക്കും. ഉഭയകക്ഷി ഇടപാടിനുപോലും സ്വന്തം കറൻസി ഉപയോഗിക്കുന്നതില്‍ നിന്ന് എണ്ണരാജ്യങ്ങളെ ഭീഷണിപ്പെടുത്തി മാറ്റാം. ഡോളറിനെ രക്ഷിക്കാം. സാമ്ബത്തികമായി പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് അമേരിക്ക.

തങ്ങളുടെ സൈനിക ശക്തി തന്നെയാണ് ഏറ്റവും വലുതെന്ന് ലോകത്തെ ബോധ്യപ്പെടുത്താം.എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പ്രതിരോധത്തിന് ആഹ്വാനം ചെയ്‌തു കഴിഞ്ഞു. അമേരിക്കൻ പട്ടണങ്ങളിലെല്ലാം സ്വമേധയാ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നമ്മുടെ നാട്ടിലും പ്രതിഷേധം ഉയരണം. ട്രംപിനെതിരെ മാത്രമല്ല, ട്രംപിനെ പിന്താങ്ങുന്ന മോദിക്കെതിരായും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News