Enter your Email Address to subscribe to our newsletters

Eranakulam , 04 ജനുവരി (H.S.)
എറണാകുളം: തൊണ്ടിമുതൽ തിരിമറി കേസിൽ തടവിന് ശിക്ഷിച്ച ആന്റണി രാജു എം.എൽ.എ ഇന്ന് രാജി വെച്ചേക്കും. അയോഗ്യനാക്കിക്കൊണ്ട് ഉത്തരവ് ഇറങ്ങും മുമ്പ് രാജിവെച്ച് ഒഴിയാനാണ് തീരുമാനം. ആന്റണി രാജുവിനും സർക്കാരിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. ഇതിനുമുമ്പ് സ്വയം രാജിവെക്കാനാണ് തീരുമാനം. ഇന്ന് രാവിലെ സ്പീക്കറെ നേരിൽകണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയിൽ ആയി അയച്ചു നൽകുകയോ ചെയ്തേക്കും. മേൽക്കോടതികളിൽ അപ്പീൽ നൽകിയാലും അനുകൂല തീരുമാനം ഉടൻ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാലാണ് രാജിവെക്കുന്നത്.
തൊണ്ടിമുതൽ ആയ അടിവസ്ത്രത്തിൽ തിരിമറി നടത്തിയതിന് കഴിഞ്ഞ ദിവസം കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചതോടെയാണ് ജനപ്രാതിനിത്യ നിയമപ്രകാരം ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വത്തിന് അയോഗ്യത വന്നത്. രാഷ്ട്രീയ ആക്ഷേപങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ രാജി കൊണ്ടാകുമെന്നാണ് ആന്റണി രാജുവും ഇടതുമുന്നണിയും കരുതുന്നത്.
ആന്റണി രാജു തെളിവ് നശിപ്പിക്കൽ കേസ്
36 വർഷം പഴക്കമുള്ള തെളിവ് നശിപ്പിക്കൽ കേസിൽ മുൻ ഗതാഗത മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിക്കൊണ്ട് 2026 ജനുവരി 3-ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചു.
കോടതി വിധിയും ശിക്ഷയും (ജനുവരി 2026)
ശിക്ഷ: ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കായി ആന്റണി രാജുവിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു.
അയോഗ്യത: ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടോ അതിലധികമോ വർഷം തടവുശിക്ഷ ലഭിച്ചതിനാൽ അദ്ദേഹം എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും.
ജാമ്യം: വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ഒരു മാസത്തെ സമയം നൽകുകയും ചെയ്തു.
കേസിന്റെ പശ്ചാത്തലം
1990 ഏപ്രിൽ 4-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഹാഷിഷ് കടത്തിയതിന് ആൻഡ്രൂ സാൽവത്തോർ സെർവെല്ലി എന്ന ഓസ്‌ട്രേലിയൻ പൗരൻ പിടിയിലായതാണ് കേസിന്റെ തുടക്കം.
തെളിവ് നശിപ്പിക്കൽ: അന്ന് പ്രതിയുടെ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതിയിലെ തൊണ്ടിപ്പടികാരനായ കെ.എസ്. ജോസുമായി ചേർന്ന് കോടതിയിലുണ്ടായിരുന്ന അടിവസ്ത്രം മാറ്റി ചെറിയ വലിപ്പത്തിലുള്ള മറ്റൊന്ന് വെച്ചുവെന്നാണ് കേസ്.
അന്വേഷണം: കോടതിയിൽ ഹാജരാക്കിയ അടിവസ്ത്രം പ്രതിക്ക് പാകമാകാത്തതിനെത്തുടർന്ന് 1991-ൽ ഹൈക്കോടതി ഇയാളെ വിട്ടയച്ചു. പിന്നീട് ഓസ്‌ട്രേലിയയിലെ ജയിലിൽ കഴിയുമ്പോൾ സെർവെല്ലി തന്നെ ഈ കൃത്രിമം വെളിപ്പെടുത്തിയതോടെയാണ് ഇന്റർപോൾ മുഖേന വിവരം പുറത്തുവന്നത്.
നിയമനടപടികളുടെ കാലക്രമം
1994: പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
2006: കേസിൽ കുറ്റപത്രം സമർപ്പിച്ചു.
2024 നവംബർ: സാങ്കേതിക കാരണങ്ങളാൽ ഹൈക്കോടതി റദ്ദാക്കിയ കേസ് പുനരാരംഭിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
2026 ജനുവരി: വിചാരണ കോടതി ശിക്ഷാവിധി പ്രസ്താവിച്ചു.
---------------
Hindusthan Samachar / Roshith K