Enter your Email Address to subscribe to our newsletters

Hyderabad 05 ജനുവരി (H.S.)
അമേരിക്കയില്‍ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ ആരോപണങ്ങളുമായി പിതാവ് രംഗത്ത്.മകളുടെ കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമായിരിക്കാമെന്ന് കൊല്ലപ്പെട്ട നികിതയുടെ പിതാവ് ആനന്ദ് ആരോപിച്ചു. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്‍റെ മകളടക്കം നിരവധി പേരില്‍ നിന്ന് പ്രതിയായ അര്‍ജുന്‍ ശര്‍മ്മ പണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അര്‍ജുന്‍ മകളുടെ മുന്‍ കാമുകനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അമേരിക്കയില്‍ ഇരുവരും ഒരു ഫ്ലാറ്റിലായിരുന്നു നേരത്തെ താമസിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് നാല് പേരും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാവരില്‍ നിന്നും അര്‍ജുന്‍ കടം വാങ്ങിയിരുന്നു. നികിതയുടെ മരണത്തിന് പിന്നിലും സാമ്പത്തിക കാരണങ്ങളാകാമെന്നും അദ്ദേഹം പറഞ്ഞു
പുതുവര്‍ഷപ്പുലരിയിലാണ് മകളുമായി അവസാനമായി ഫോണില്‍ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആനന്ദിന്‍റെ മൂത്തമകളായ നികിത നാല് വര്‍ഷമായി അമേരിക്കയിലാണ്. നികിത ഗോദിശാലയുടെ കൊലപാതകത്തില്‍ അമേരിക്കയില്‍ ഇന്‍റര്‍പോള്‍ തിരയുന്ന പ്രതി അര്‍ജുന്‍ ശര്‍മ്മയെ നേരത്തെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ഇയാളുടെ അപ്പാര്‍ട്ട്‌മെന്‍റില്‍ നികിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നികിതയുടെ മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ജനുവരി രണ്ടു മുതലാണ് നിഖിത ഗോദിശാല എന്ന യുവതിയെ എല്ലിക്കോട്ട് നഗരത്തില്‍ നിന്ന് കാണാതായത്. പ്രതി അര്‍ജുന്‍ ശര്‍മ്മ(26)യുടെ കൊളമ്പിയയിലെ മേരിലാന്‍ഡ് അപ്പാര്‍ട്ട്മെന്‍റിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ കത്തി കൊണ്ട് കുത്തിയതിന്‍റെ പാടുകളുണ്ട്.
ശര്‍മ്മയ്ക്കെതിരെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഗോദിശാലയുടെ കുടുംബവുമായി ബന്ധപ്പെട്ടെന്ന് വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം എക്‌സിലൂടെ അറിയിച്ചു. ആവശ്യമായ നയതന്ത്ര സഹായങ്ങളെല്ലാം കുടുംബത്തിന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
മേരിലാന്‍റ് സിറ്റിയിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്‍റില്‍ വച്ച് അര്‍ജുന്‍ ശര്‍മ്മ ഡിസംബര്‍ 31ന് ഗോദിശാലയെ അവസാനമായി കണ്ടതെന്നും പിന്നീട് ഇവരെ കാണാനില്ലെന്നും കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ പരാതി നല്‍കിയ ജനുവരി രണ്ടിന് തന്നെ ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ ഇയാള്‍ ഇന്ത്യയിലേക്ക് പോയതായും പിന്നീട് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പിറ്റേദിവസം ഇയാളുടെ അപ്പാര്‍ട്ട്‌മെന്‍റില്‍ പരിശോധന നടത്തുകയും ഗോദിശാലയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ഡിസംബര്‍ 31ന് വൈകിട്ട് ഏഴ് മണിക്ക് ശേഷം ശര്‍മ്മ ഗോദിശാലയെ കൊലപ്പെടുത്തിയിരിക്കാം എന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ നിഗമനം
---------------
Hindusthan Samachar / CHANDHU CHANDRASEKHAR