Enter your Email Address to subscribe to our newsletters

THIRUVANATHAPURAM, 05 ജനുവരി (H.S.)
തിരുവനന്തപുരം നഗരസഭ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി മുൻ ഡിജിപി ആർ. ശ്രീലേഖ.. മേയർ ആയാണ് പരിഗണിക്കുന്നത് മത്സരരംഗത്ത് ഉണ്ടാകണമെന്നാണ് ആദ്യഘട്ടത്തിൽ ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്.. അങ്ങനെയാണ് മത്സരത്തിനിറങ്ങിയതെന്നും വെറും കൗൺസിലറായി പ്രവർത്തിക്കാനായിരുന്നുവെങ്കിൽ മത്സരത്തിൽ ഉണ്ടാകുമായിരുന്നില്ല എന്നും ശ്രീലേഖ പറഞ്ഞു.. തിരുവനന്തപുരത്ത് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഡിജിപി അതൃപ്തി പരസ്യമാക്കിയത്.. സംസ്ഥാന നേതൃത്വം മേയർ സ്ഥാനത്തേയ്ക്ക് ഉറപ്പ് നൽകിയിരുന്നു.. അവസാനം കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വി. വി. രാജേഷിനെ മേയർ സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചതെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി..
മേയർ വി. വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും സത്യപ്രതിജ്ഞ ചെയ്ത ദിവസം നടപടികൾ പൂർത്തിയാകും മുൻ ആർ. ശ്രീലേഖ മടങ്ങിയിരുന്നു.. അന്നേ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും തുറന്നു പറച്ചിൽ ഇപ്പോഴാണ് ഉണ്ടായത്..
തിരുവനന്തപുരത്ത് BJP ക്ക് ജയസാധ്യതയുളള വട്ടിയൂർക്കാവ് മണ്ഡലം മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.. കഴിഞ്ഞ കോർ കമ്മിറ്റി യോഗത്തിലാണ് സുരേന്ദ്രൻ വട്ടിയൂർക്കാവ് ആവശ്യപ്പെട്ടത്.. വട്ടിയൂർക്കാവ് അല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ സ്വരം കടുപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.. എന്നാൽ ഇക്കാര്യം കെ. സുരേന്ദ്രനോ, ബി ജെ പി സംസ്ഥാന നേതൃത്വമോ സ്ഥിരീകരിച്ചിട്ടില്ല..
അതേസമയം ഈ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ആർ. ശ്രീലേഖയുടെ അതൃപ്തി തുറന്നു പറച്ചിലെന്നതാണ് കൗതുകകരം.. മേയർ സ്ഥാനത്തു പരിഗണിക്കാത്ത സാഹചര്യത്തിൽ വട്ടിയൂർക്കാവ് നിയമസഭ മണ്ഡലം ശ്രീലേഖയ്ക്ക് നൽകാമെന്നായിരുന്നു ധാരണ.. രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ശ്രീലേഖയോടു സംസാരിച്ചതെന്നായിരുന്നു വാർത്തകൾ .. കെ. സുരേന്ദ്രനു വട്ടിയൂർക്കാവ് നൽകിയാൽ അവിടെ നിന്നും ശ്രീലേഖ ഒഴിവാക്കപ്പെടും.. ഇതിനിടയിലാണ് ശ്രീലേഖയുടെ തുറന്നു പറച്ചിൽ പുറത്തു വരുന്നത്..നേമത്ത്, BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുൻ അധ്യക്ഷൻ വി മുരളീധരനും മത്സര സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് BJP ക്ക് വിജയ സാധ്യതയുള്ള വട്ടിയൂർക്കാവിൽ മത്സരിക്കാൻ K സുരേന്ദ്രനും താല്പര്യമറിയിച്ചത്.
മൂന്ന് ലോകസഭാ തിരഞ്ഞെടുപ്പുകളിലും, നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും 2016 ൽ മഞ്ചേശ്വരത്ത് നിന്ന് 89 വോട്ടുകൾക്ക് മാത്രം പരാജയപ്പെടുകയും ചെയ്ത K സുരേന്ദ്രൻ ഇത്തവണ വിജയ സാധ്യത ഏറെയുള്ള മണ്ഡലം വേണമെന്ന നിലപാടിലാണ്. കഴിഞ്ഞ ലോകസഭാ - തദ്ദേശ തിരഞ്ഞെടുപ്പുകളിൽ BJP യ്ക്ക് ലീഡുള്ള വട്ടിയൂർക്കാവ് സീറ്റ് അനുവദിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. വട്ടിയൂർക്കാവ് ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്നും സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ കഴിയാത്തതിനാൽ, ആർ ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. ഇതോടെ വട്ടിയൂർക്കാവിലെ സ്ഥാനാർഥി നിർണയത്തിന് BJP ദേശീയ നേതൃത്വത്തിന്റെയും RSS ന്റെയും നിലപാട് പ്രധാനമാണ്. ഇതിനിടെ തന്നെ മേയറാക്കുമെന്ന് പാർടി നേതൃത്വം അറിയിച്ചതാണെന്ന് ആർ ശ്രീലേഖ തുറന്ന് പറഞ്ഞു. വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്നും ശ്രീലേഖ വ്യക്തമാക്കി
---------------
Hindusthan Samachar / CHANDHU CHANDRASEKHAR