Enter your Email Address to subscribe to our newsletters

CHENNAI, 05 ജനുവരി (H.S.)
തമിഴ്നാട്ടിൽ വിജയിയുടെ ടി വികെയ്ക്ക് ആത്മവിശ്വാസം പകർന്ന്
ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐ പി ഡി എസ്) സർവേ ഫലം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ ടി വി കെ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് സർവ്വെ പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് ആണ് സർവ്വേയിൽ രണ്ടാമത് എത്തിയത്. ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐ പി ഡി എസ്) ആണ് ഫലം പുറത്തുവിട്ടത്.
അതേസമയം ഡി എം കെ തന്നെ സംസ്ഥാന ഭരണം പിടിക്കുമെന്നാണ് സർവ്വെ ഫലം. മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ തന്നെ തിരിച്ചെത്തുമെന്നും സർവ്വെ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിൻ കഴിഞ്ഞാൽ വിജയ്ക്കാണ് പിന്തുണ കൂടുതൽ. എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി മൂന്നാം സ്ഥാനത്തുമെത്തി. ഡി എം കെ എംപി കനിമൊഴി നാലാമതും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഞ്ചാമതുമാണ്.
നിയമസഭ തിരഞ്ഞെടുപ്പിൽ ടി വി കെയുടെ രാഷ്ട്രീയ പ്രവേശനം ഏറ്റവും വലിയ തിരിച്ചടിയാവുക ഡി എം കെയ്ക്ക് ആയിരിക്കുമെന്നാണ് സർവ്വെ പറയുന്നത്. വിദുതലൈ ചിരുതൈഗൾ കച്ചി (വി സി കെ), എ ഐ എ ഡി എം കെ എന്നിവയ്ക്കും വലിയ തോതിൽ തിരിച്ചടിയുണ്ടാകുമെന്നും സർവേ പറയുന്നു. എന്നാൽ നാം തമിഴർ കച്ചിക്ക് (എൻ ടി കെ) ടി വി കെ പാർട്ടിയുടെ വരവ് കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും സർവ്വെ സൂചിപ്പിച്ചു.
പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിവുള്ള യുവനേതാക്കളുടെ പട്ടികയിൽ വിജയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമാണ് വിജയ്ക്കുള്ളതെന്ന് തെളിയിക്കുകയാണ് സർവ്വെ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉദയനിധി സ്റ്റാലിൻ മൂന്നാമതും എൻ ടി കെ നേതാവ് സീമാൻ നാലാമതുമാണ്
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലായി 81,375 പേരിൽ നിന്നാണ് സർവേ വിവരങ്ങൾ ശേഖരിച്ചത്. സർവ്വേയിൽ പങ്കെടുത്തവരിൽ 54.8 ശതമാനം പേർ നഗരപ്രദേശങ്ങളിൽ നിന്നും 41.3 ശതമാനം പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ളവരായിരുന്നു. പ്രായം അനുസരിച്ചുള്ള ഡാറ്റ പ്രകാരം: 21-നും 30-നും ഇടയിൽ പ്രായമുള്ളവർ 25.6 ശതമാനം, 31-നും 45-നും ഇടയിലുള്ളവർ 41.3 ശതമാനം, 46-നും 60-നും ഇടയിലുള്ളവർ 23.5 ശതമാനം എന്നിങ്ങനേയും ഉൾപ്പെടുന്നു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR