Enter your Email Address to subscribe to our newsletters

WAYANAD, 05 ജനുവരി (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ പ്രശംസിച്ചിട്ടില്ലെന്ന് ശശി തരൂർ..
മാധ്യമങ്ങൾ നൽകുന്ന തലക്കെട്ടുകൾ മാത്രം കണ്ടാണ് പലരും തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. വയനാട്ടിൽ നടന്ന കോൺഗ്രസ് നേതൃക്യാമ്പിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും താൻ പങ്കുവച്ച കുറിപ്പുകൾ പൂർണമായി വായിച്ചുനോക്കിയാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തരൂർ മറുപടി നൽകി. തൊണ്ണൂറ്റിയെട്ട് വയസ്സുള്ള ഒരു വ്യക്തിയുടെ ജന്മദിനത്തിൽ മര്യാദ കാണിക്കുക മാത്രമാണ് താൻ ചെയ്തത്. മുതിർന്നവരെ ബഹുമാനിക്കുക എന്നത് നമ്മുടെ സാംസ്കാരിക രീതിയുടെ ഭാഗമാണെന്നും ആ സ്പിരിറ്റിൽ മാത്രമാണ് ആശംസകൾ നേർന്നതെന്നും ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കൾ മുൻപും ഇത്തരത്തിൽ ബഹുമാനം പ്രകടിപ്പിച്ചിട്ടുള്ള കാര്യം അദ്ദേഹം ഓർമിപ്പിച്ചു.
നരേന്ദ്ര മോദിയുടെ പ്രസംഗത്തെക്കുറിച്ച് താൻ കുറിച്ച വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് ശശി തരൂർ പറഞ്ഞു. ആ സദസ്സിൽ താൻ നേരിട്ട് ഇരുന്നിരുന്നതാണ്. താൻ എഴുതിയ കുറിപ്പിൽ എവിടെയാണ് പ്രശംസയുള്ളതെന്ന് ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു. വാർത്തകളുടെ തലക്കെട്ടുകൾ മാത്രം കണ്ട് അഭിപ്രായം പറയുന്നതാണ് ഇത്തരം മിഥ്യാധാരണകൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിയുടെ പൊതുവായ തീരുമാനങ്ങൾക്കൊപ്പം നിൽക്കും. ചില എംപിമാർക്ക് മത്സരിക്കാൻ താത്പര്യം ഉണ്ടായേക്കാം. താൻ വ്യക്തിപരമായി അക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടില്ലെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി രംഗത്തുണ്ടാകുമെന്നും ശശി തരൂർ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനാണ് വയനാട്ടിൽ കോൺഗ്രസിന്റെ നേതൃയോഗം ചേർന്നത്.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശശി തരൂരിന്റെ പ്രവർത്തികൾ സംസ്ഥാന കോൺഗ്രസിനും തലവേദനയായിരുന്നു. കെപിസിസിയുടെ നിർദ്ദേശങ്ങൾ ശശി തരൂർ പാലിക്കുന്നില്ലെന്ന് വിമർശനവും ഉയർന്നിരുന്നു.. ഇതിനിടെ രാഹുൽ ഗാന്ധിയെ ശശി തരൂർ നേരിട്ട് കണ്ട് താൻ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ വിശദീകരണം നടത്തി. ഇതിനിടെ ശശിതരൂർ ബിജെപിയിലേക്ക് അടുക്കുന്നു എന്ന വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് ശശി തരൂരിന്റെ വിശദീകരണം
---------------
Hindusthan Samachar / CHANDHU CHANDRASEKHAR