Enter your Email Address to subscribe to our newsletters

WAYANAD, 05 ജനുവരി (H.S.)
നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് നേടുകയെന്നതാണ് ലക്ഷ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പാര്‍ട്ടി മാര്‍ഗരേഖക്കനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നേരത്തെ നടത്തും. വിജയസാധ്യത തന്നെയാണ് പ്രധാന മാനദണ്ഡം. കേരളത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റിയെ എഐസിസി പ്രഖ്യാപിച്ചു കഴിഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുമായി് ആലോചിച്ച് ഷെഡ്യൂള്‍ തയ്യാറാക്കും. ഇത്തവണയും ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കും. ചെറുപ്പക്കാര്‍, വനിതകള്‍ എല്ലാവരും ചേര്‍ന്ന ഒരു ബ്ലെന്‍ഡ് ആയിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക. പ്രഖ്യാപനം വരുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥിയെ സ്വയം പ്രഖ്യാപിച്ച് ചര്‍ച്ചയാക്കാന്‍ പാടില്ലെന്ന് വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.
കെപിസിസി, ഡിസിസി ഭാരവാഹികളുടെയും നേതാക്കളുടെയും പ്രവര്‍ത്തനം പാര്‍ട്ടിയോട് ഉത്തരരവാദിത്തോടെയുള്ളതാകണം. വരുന്ന നാലുമാസത്തേക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള ഒരു ഒഴിവുകഴിവും സ്വീകരിക്കില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് ക്യാമ്പില്‍ വിഴുപ്പലക്കരുതെന്നും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അതു നേതൃത്വത്തിന് എഴുതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒറ്റക്കെട്ടായിയെടുക്കുന്ന പൊതുചിന്താഗതികള്‍ക്ക് എതിരായിട്ട് ഒറ്റപ്പെട്ട ശബ്ദം ഉണ്ടാകുന്നുണ്ടെങ്കില്‍ അതിനെ എതിര്‍ക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്.
കേരളത്തില്‍ 'മൂന്നാം പിണറായി ഭരണത്തെക്കുറിച്ച്' പറയാന്‍ സിപിഎമ്മുകാര്‍ക്ക് തന്നെ നാണമാണ്. കേരള ജനത അതിനെ എങ്ങനെ കാണുന്നു എന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൃത്യമായി കാണിച്ചു കൊടുത്തു. സര്‍ക്കാരിനെതിരായ ജനവികാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനക്കരുത്തിന്റെ കൂടി വിജയമാണിത്. കേരള ഭരണം തങ്ങളുടെ തറവാട്ട് സ്വത്താണെന്ന് കരുതി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുസര്‍ക്കാരിനെതിരായ ജനവികാരമാണ് കാലത്തിന്റെ ചുവരെഴുത്ത്. പിണറായി വിജയനെ ചൂണ്ടി ആരും കോണ്‍ഗ്രസിനെ താരത്മ്യം ചെയ്യേണ്ട. പിണറായി വിജയനെപ്പോലെ ശക്തരായ നിരവധി നേതാക്കളാല്‍ സമ്പന്നമാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയും അധികാരവും പിടിച്ചെടുത്ത് ഏകാധിപത്യ രീതിയില്‍ സ്വയം പ്രഖ്യാപിത നേതാവായി മാറിയ വ്യക്തിയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരമില്ലാഞ്ഞിട്ടും വലിയ ജനപിന്തുണ കോണ്‍ഗ്രസിനും മുന്നണിക്കും ലഭിച്ചു. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പൊതുശത്രുവായി കണ്ടു. രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ല എന്നുള്ള ഏറ്റവും ശക്തമായ മറുപടി വന്‍വിജയത്തിലൂടെ ജനം യുഡിഎഫിന് സമ്മാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും കേരളത്തില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കിയെന്ന തരത്തില്‍ ദേശീയതലത്തില്‍ വന്‍ പ്രചരണം നടത്തി. മുന്‍കാലത്തെ വോട്ട് ശതമാനം മാത്രമാണ് ഇത്തവണയും ബിജെപി നേടിയത്.
വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഎമ്മും ബിജെപിയും:
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും അവരുടെ രാഷ്ട്രീയ പരീക്ഷണശാലകളില്‍ ചില പുതിയ കരുക്കള്‍ ഒരുക്കുന്ന ശ്രമത്തിലാണെന്നും അതിന്റെ ഭാഗമായി കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളെന്ന വാര്‍ത്ത സൃഷ്ടിക്കുകയാണ് അവരുടെ തന്ത്രമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതിന് പറ്റിയത് ദ്വിദിന ക്യാമ്പില്‍ നിന്ന് കിട്ടുമോയെന്നാണ് നോക്കുന്നത്. മുഖ്യമന്ത്രി പദം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, എംപിമാരുടെ മത്സര സന്നദ്ധത തുടങ്ങിയ ചര്‍ച്ചകളുടെ ഉറവിടം അതിന്റെ ഫലമായി പരുവപ്പെട്ടതാണ്. ലോക്‌സഭയിലും തദ്ദേശ സ്ഥാപനങ്ങളിലും നടന്ന തിരഞ്ഞെടുപ്പില്‍ ദയനീയപരാജയം ഏറ്റുവാങ്ങിയ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഏക കച്ചിത്തുരുമ്പ് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കുക എന്ന പരീക്ഷണമാണ്. അത്തരം വാര്‍ത്തകള്‍ക്ക് അവസരം സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രത നാം കാട്ടണം.
തൊഴിലുറപ്പ് പദ്ധതിയെ കശാപ്പ് ചെയ്തു
തൊഴിലുറപ്പ് നിയമഭേദഗതി ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത നരേന്ദ്രമോദി സര്‍ക്കാര്‍ തകര്‍ത്തെന്നും അതിനെതിരെ കോണ്‍ഗ്രസ് ദേശീയവ്യാപക പ്രക്ഷോഭത്തിലാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മഹാത്മാ ഗാന്ധിജിയുടെ പേര് മാറ്റുക എന്ന മഹാപാതകത്തിലൂടെ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന ഗ്രാമസ്വരാജ് സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും അട്ടിമറിച്ചു. പദ്ധതിയില്‍ കൂലിയിനത്തിലെ കേന്ദ്രവിഹിതം 60 ശതമാനമാക്കിയതിനെ തുടര്‍ന്ന് കേരളം പോലും 2000 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. കേന്ദ്രസര്‍ക്കാരിന്റെ കയ്യിലേക്ക് കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിച്ച് വികേന്ദ്രീകരണം എന്ന ആശയത്തെ തകര്‍ത്തു. സംസ്ഥാനത്തെ ഒരു പഞ്ചായത്തില്‍ ഈ പദ്ധതി വേണമോയെന്ന് തീരുമാനിക്കാനുള്ള അധികാരം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് ചുരുക്കി. പിഎംശ്രീ,ലേബര്‍ കോഡ്, ദേശീയപാത തകര്‍ച്ച എന്നിവയില്‍ ബിജെപിയുമായിട്ടുള്ള സിപിഎമ്മിന്റെ അവിഹിത കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നുവെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
വെല്ലുവിളികളെ നേരിട്ട് നേടിയ വിജയം:
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
അശാസ്ത്രീയമായ വാര്‍ഡ് വിഭജനം, അനീതിപരമായ വോട്ടര്‍പട്ടിക തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ലക്ഷ്യ ലീഡര്‍ഷിപ്പ് കെപിസിസി ദ്വിദിന ക്യാമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എഐസിസിയുടെ പൂര്‍ണ പിന്തുണയോടെ നല്ല മുന്നൊരുക്കം നടത്തിയാണ് യുഡിഎഫ് ജയിച്ചത്. വെറും 150 വോട്ടിനാണ് കോഴിക്കോട് കോര്‍പറേഷന്‍ നഷ്ടപ്പെട്ടത്. 2020ല്‍ എല്‍ഡിഎഫ് 200 തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ നേടിയെങ്കില്‍ ഇത്തവണ അതു യുഡിഎഫിനു ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വിജയത്തുടര്‍ച്ച നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. അതിനുള്ള തയാറെടുപ്പാണ് നടന്നുവരുന്നത്.
രാഷ്ട്രീയലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ പഞ്ചായത്ത് രാജ് ഭേദഗതി കൊണ്ടുവന്നത്. നിയമസഭയില്‍ ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കി. തുടര്‍ന്ന് വാര്‍ഡുകളെ വികൃതമായി വിഭജിച്ചു. പേരാവൂര്‍ നിയമസഭാമണ്ഡലത്തിലെ ആറളം പഞ്ചായത്തില്‍ കോട്ടപ്പാറ വാര്‍ഡില്‍ 250 പേര്‍ മാത്രമുള്ളപ്പോള്‍ തൊട്ടടുത്ത ചതിരൂര്‍ വാര്‍ഡില്‍ 1968 വോട്ടര്‍മാരുണ്ടായിരുന്നു. എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി നടത്തിയ വാര്‍ഡ് വിഭജനത്തിനെതിരേ കോടതിയില്‍ പരാതികള്‍ പ്രവഹിച്ചെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തില്‍ അപ്പീല്‍ ഇല്ലാത്തതിനാല്‍ അവ കോടതിയില്‍നിലനിന്നില്ലെന്നു സണ്ണി ജോസഫ് പറഞ്ഞു.
വയനാട് ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക് സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അഗംങ്ങളായ രമേശ് ചെന്നിത്തല എംഎല്‍എ,ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ മുന്‍ കെപിസിസി പ്രസിഡന്ററുമാരായ എംഎം ഹസന്‍, കെ.മുരളീധരന്‍,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് എംഎല്‍എ ,ഷാഫി പറമ്പില്‍ എംപി തുടങ്ങിയവര്‍ സംസാരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെപിസിസിയുടെ നേതൃത്വത്തില്‍ ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ തിരഞ്ഞെടുപ്പ് പ്രചരണത്തിന് യോഗം രൂപം നല്‍കും.ദേശീയ,സംസ്ഥാനതലത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തുന്നതോടൊപ്പം സംഘടനാ വിഷയങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്യും. ജനുവരി 5ന് വൈകുന്നേരം 3ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ക്യാമ്പ് അവസാനിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR