Enter your Email Address to subscribe to our newsletters

Thiruvanathapuram, 05 ജനുവരി (H.S.)
വീട്ടിലെത്തി 91 വയസുകാരിയുടെ ചര്‍മ്മം സ്വീകരിച്ച് സ്‌കിന്‍ ബാങ്ക് ടീം.സ്‌കിന്‍ ബാങ്കില്‍ രണ്ടാമത്തെ ചര്‍മ്മം ലഭ്യമായി.
തിരുവനന്തപുരത്തെ 91 വയസുള്ള ആനന്ദവല്ലി അമ്മാളിന്റെ ചര്‍മ്മം വീട്ടിലെത്തി സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് ടീം. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയായ ഡോ. ഈശ്വറിന്റെ അമ്മയുടെ കണ്ണുകള്‍, ചര്‍മ്മം എന്നിവയാണ് ദാനം ചെയ്തത്. അമ്മയുടെ ആഗ്രഹമായിരുന്നു മരണാനന്തര അവയവദാനം. എന്നാല്‍ പ്രായക്കൂടുതല്‍ ആയതിനാല്‍ മറ്റ് അവയവങ്ങള്‍ എടുക്കാനായില്ല. വീട്ടില്‍ വച്ച് മരണമടഞ്ഞ അമ്മയെ അവയവദാനത്തിനായി ആശുപത്രിയിലെത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് സ്‌കിന്‍ബാങ്കിലെ ടീം പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടന്ന് വീട്ടിലെത്തി ചര്‍മ്മം സ്വീകരിച്ചത്. അവയവദാനം നടത്തിയ അമ്മയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സ്‌കിന്‍ ബാങ്ക് ടീമിനെ മന്ത്രി അഭിനന്ദിച്ചു.
ചര്‍മ്മം എടുക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുമായാണ് ടീം വീട്ടിലെത്തിയത്. 4 മണിക്കൂറോളം കൊണ്ടാണ് ചര്‍മ്മം എടുത്തത്. ഡോ. പ്രേംലാലിന്റെ നേതൃത്വത്തില്‍ ഡോ. ആഭ, ഡോ. അനുപമ, ഡോ. ആര്‍ഷ, ഡോ. ലിഷ, നഴ്‌സിംഗ് ഓഫീസര്‍മാരായ അശ്വതി, ഷീന ബാബു എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ലഭിക്കുന്ന രണ്ടാമത്തെ ചര്‍മ്മമാണിത്. 6.75 കോടി ചെലവഴിച്ചാണ് ബേണ്‍സ് യൂണിറ്റിനോടൊപ്പം സ്‌കിന്‍ ബാങ്ക് സജ്ജമാക്കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്‌കിന്‍ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ആദ്യമായി ലഭിച്ച ചര്‍മ്മത്തിന്റെ പ്രോസസിംഗ് പുരോഗമിക്കുന്നു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചര്‍മ്മം വച്ച് പിടിപ്പിക്കുന്നു. അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. പുതിയ ചര്‍മ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നല്‍കുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും കുറയ്ക്കാനും സാധിക്കുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, സൂപ്രണ്ട് ഡോ. ജയച്ചന്ദ്രന്‍, ആര്‍എംഒ ഡോ. അനൂപ്, കെ. സോട്ടോ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവര്‍ ഏകോപനമൊരുക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR