മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻ
Thiruvanathapuram, 05 ജനുവരി (H.S.) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പ
Human Rights Commission


Thiruvanathapuram, 05 ജനുവരി (H.S.)

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക്‌ രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളിൽ നിന്നും നിയമാനുസൃതം ഈടാക്കാവുന്നതാണ്. ലിഫ്റ്റിന്റെ സർവ്വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.രവീന്ദ്രൻ നായർക്ക് ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നൽകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13 ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ 6 വരെ ലിഫ്റ്റിൽ കുടുങ്ങിയെന്ന വസ്തുതയിൽ എതിർകക്ഷികൾക്ക് തർക്കമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ കോളേജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാൽ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അപ്പോൾ കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ദിവസവും ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മീഷൻ കാണുന്നു. രവീന്ദ്രൻ നായരുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്നസംഭവത്തിൽ ജീവനക്കാരുടെ ഉത്തരവാദിത്വം പോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാൻ പരാതിക്കാരന് അർഹതയുണ്ടെങ്കിലും ആവശ്യപ്പെട്ട തുക യുക്തിസഹമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമെ രവീന്ദ്രൻ നായരും പരാതി നൽകിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News