Enter your Email Address to subscribe to our newsletters

ERANAKULAM, 05 ജനുവരി (H.S.)
കടമക്കുടിക്ക് വികസനക്കുതിപ്പ്; ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 7.79 കോടിയുടെ ഭരണാനുമതി.ദ്വീപിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകിക്കൊണ്ട് കടമക്കുടി ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. 7.79 കോടി (ഏഴ് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറായിരം) രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.
ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പദ്ധതിക്ക് രൂപം നൽകുമെന്നത് തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് പാലിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പദ്ധതി വൈകാതെ തന്നെ യാഥാർത്ഥ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കായൽ സൗന്ദര്യവും ദേശാടനക്കിളികളുടെ സാന്നിധ്യവും കൊണ്ട് സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഇഷ്ടകേന്ദ്രമാണ് കടമക്കുടി.
തനതായ ജീവിതരീതികളും ഉപജീവനമാർഗങ്ങളും പിന്തുടരുന്നവരാണ് കടമക്കുടിയിലെ ജനങ്ങൾ. ഗ്രാമീണ കായൽ ടൂറിസം പദ്ധതി വരുന്നതോടെ കടമക്കുടിയുടെ മുഖച്ഛായ തന്നെ മാറും. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും പദ്ധതി വലിയ മുതൽക്കൂട്ടാകും.
നേരത്തെ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര കടമക്കുടിയെ പുകഴ്ത്തി സാമൂഹ്യ മാധ്യമത്തിൽ കുറപ്പെട്ടിരുന്നു. ഇതിനുശേഷം നിരവധി സഞ്ചാരികളാണ് കടമക്കുടിയിൽ എത്തിയത്. കടമക്കുടിയിൽ വാട്ടർ മെട്രോ പദ്ധതിയും നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.കടമക്കുടി, പാല്യംതുരുത്ത് ടെർമിനലുകളുടെ നിർമാണ പ്രവൃത്തികളാണ് അതിവേഗത്തിൽ പുരോഗമിക്കും.
ഹൈക്കോർട്ട്, ഫോർട്ട് കൊച്ചി, വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് എന്നീ ടെർമിനലുകളിലാണ് വാട്ടർമെട്രോ സർവ്വീസ് നടത്തുന്നത്. സൗത്ത് ചിറ്റൂരിൽ നിന്നായിരിക്കും കടമക്കുടിയിലേക്കുള്ള വാട്ടർമെട്രോ സർവീസ് തുടങ്ങുക.
ജലമെട്രോ പൂർണാർഥത്തിൽ സജ്ജമാകുന്നതോടെ കടമക്കുടി ദ്വീപുകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.കൊച്ചി നഗരത്തിൽനിന്ന് എട്ടു കിലോമീറ്ററാണ് കടമക്കുടിയിലേക്കുള്ള ദൂരം. ജലമെട്രോ സജ്ജമാകുന്നതോടെ ഗതാഗതക്കുരുക്കിൽനിന്നും ഒഴിവായി കടമക്കുടി ദ്വീപുകളിലേക്കുള്ള യാത്ര ഏറെ ആസ്വാദ്യകരമാകും. കണ്ടൽക്കാടുകളും തൈത്തെങ്ങുകളും പക്ഷിക്കൂട്ടങ്ങളെയുമൊക്കെ കണ്ടുള്ള കായൽയാത്രയ്ക്ക് സൗകര്യമൊരുങ്ങുന്നതോടെ കൂടുതൽ വിനോദസഞ്ചാരികൾ കടമക്കുടിയിലേക്കെത്തും.
വാട്ടർമെട്രോ കൂടി വരുന്നതോടെ കടമക്കുടി ദ്വീപുകളുടെ വിനോദസഞ്ചാരസാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനാണ് പഞ്ചായത്തും ലക്ഷ്യമിടുന്നത്. സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ കൂടുതൽ വിനോദ സഞ്ചാരികളെ കടമക്കുടിയിലേക്ക് ആകർഷിക്കുന്നതിന് വൈവിധ്യങ്ങളായ പദ്ധതികൾ കൊണ്ടുവരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR