പണിമൂല ദേവീ ക്ഷേത്ര പൊങ്കാല മഹോത്സവം: മുന്നൊരുക്കങ്ങൾ വിലയിരുത്തി
THIRUVANATHAPURAM 05 ജനുവരി പണിമൂല ദേവീ ക്ഷേത്ര പൊങ്കാല മഹോത്സവം: മുന്നൊരുക്കങ്ങൾ വിലയിരുത്തി.പണിമൂല ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി
പണിമൂല ക്ഷേത്രം


THIRUVANATHAPURAM 05 ജനുവരി

പണിമൂല ദേവീ ക്ഷേത്ര പൊങ്കാല മഹോത്സവം: മുന്നൊരുക്കങ്ങൾ വിലയിരുത്തി.പണിമൂല ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ അവലോകന യോ​ഗം ചേർന്നു.

ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളും ഉപറോഡുകളും റീ ടാറിം​ഗ് നടത്തുന്നതിനും ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്തുകളിലും കോർപ്പറേഷൻ വാർഡുകളിലും മാലിന്യം നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊങ്കാല മഹോത്സവം ഫെബ്രുവരി 18,19, 20 തീയതികളിലാണ് നടക്കുന്നത്. ഫെബ്രുവരി 20ന് ആണ് പൊങ്കാല.

ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോ​ഗസ്ഥനെ ഉത്സവത്തിന്റെ നോഡൽ ഓഫീസറായി നിയമിക്കും. ഫെബ്രുവരി ആദ്യ ആഴ്ചയിൽ ക്ഷേത്രത്തിൽ വെച്ച് ഉദ്യോ​ഗസ്ഥ തലത്തിൽ അവലോകന യോ​ഗം ചേരും.

ഉത്സവമേഖലയിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി ഉറപ്പുവരുത്തണം. ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം, ഫയർ എൻജിൻ യൂണിറ്റ് എന്നിവയും സജ്ജമാക്കണം. ഉത്സവ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും എക്സൈസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങണമെന്നും മന്ത്രി ജി.ആർ അനിൽ ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി.

സെക്രട്ടറിയേറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്ന യോ​ഗത്തിൽ ഡെപ്യൂട്ടി കളക്ടർ ജി.ശ്രീകുമാർ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് അർച്ചന, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വി, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് നിന്നും 3 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ശ്രീ പണിമൂല ദേവി ക്ഷേത്രം.

ശ്രീ ഭദ്രാദേവിയും ശ്രീ ദുർഗ്ഗാദേവിയും ഒരുമിച്ച് കുടികൊള്ളുന്ന തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പണിമൂല ദേവീ ക്ഷേത്രം. ആദികാലത്ത് വിശാല ഭൂപ്രദേശമായിരുന്ന ഇവിടെ മുടിപ്പുരയും മുല്ലപ്പന്തലും കെട്ടി അതിൽ ദേവിയെ കുടിയിരുത്തിയാണ് ആരാധിച്ചിരുന്നത്.1980ൽ ഇന്ന് കാണുന്ന രീതിയിലുള്ള ക്ഷേത്രം പണിഞ്ഞ് ദേവതകളെ പ്രതിഷ്‌ഠിച്ചു. പ്രശസ്ത താന്ത്രികാചാര്യനായിരുന്ന ബ്രഹ്മശ്രീ. താഴമൺ മഠം കണ്ഠരര് ശങ്കരര് ആണ് അന്ന് പ്രതിഷ്‌ഠാകർമ്മം നിർവ്വഹിച്ചത്. ശ്രീ ഭദ്രാദേവിക്കും ശ്രീ ദുർഗ്ഗാദേവിയ്ക്കും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തിൽ നല്കുന്നത്.

ശ്രീ ഭദ്രകാളി ദേവിയും , ശ്രീ ദുർഗ്ഗാ ദേവിയുമാണ് ക്ഷേത്രത്തിലെ മുഖ്യദേവതകൾ. ഉപദേവന്മാരായി ഗണപതിയേയും, ബ്രഹ്മരക്ഷസ്സിനെയും, നാഗദേവതകളെയും ക്ഷേത്രത്തിൽ ആരാധിക്കുന്നു. ബ്രഹ്മശ്രീ. കണ്ഠരര് രാജീവരര്ആണ് ക്ഷേത്രം തന്ത്രി. ശ്രീ പണിമൂല ദേവീക്ഷേത്ര ട്രസ്റ്റാണ് ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്.

ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനമായ കുംഭം 8 നാണ് എല്ലാ വർഷവും ഇവിടെ പ്രതിഷ്‌ഠാ മഹോത്സവം നടത്തപ്പെടുന്നത്. രണ്ട് വർഷത്തിലൊരിക്കലാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഇത് പണ്ട് മുതലേയുള്ള ആചാരമാണ്. ഈ ദേശീയോത്സവം ഏഴ് ദിവസം നീണ്ടുനില്ക്കുന്നതാണ്. ഈ ഏഴ് ദിവസവും ആയിരക്കണക്കിന് ഭക്തജനങ്ങൾ ദേവിയുടെ സന്നിധിയിൽ പായസപൊങ്കാല അർപ്പിക്കാനായി എത്തിച്ചേരുന്നു. ഇത് ഈ ക്ഷേത്രത്തിൽ മാത്രം ദർശിക്കാൻ കഴിയുന്ന ഒരു വിശേഷ ആചാരമാണ്.

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News