Enter your Email Address to subscribe to our newsletters

THIRUVANATHAPURAM, 05 ജനുവരി (H.S.)
സംസ്ഥാന ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാമത് സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 6 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ. നായനാര്‍ പാര്‍ക്കില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 'ലോകാരോഗ്യത്തിന് സിദ്ധ വൈദ്യശാസ്ത്രം' എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ സിദ്ധ ദിനാചരണം സംഘടിപ്പിക്കുന്നത്.
സൗജന്യ മെഡിക്കല്‍ ക്യാമ്പും എക്‌സ്‌പോയും
സിദ്ധാ ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി വിപുലമായ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഭാരതീയ ചികിത്സാ വകുപ്പിലെയും നാഷണല്‍ ആയുഷ് മിഷനിലെയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെയും സിദ്ധാ വിദഗ്ധര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ സിദ്ധ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതാണ്.
മെഡിക്കല്‍ ക്യാമ്പില്‍ അസ്ഥി-നാഡി രോഗങ്ങള്‍ക്കുള്ള വര്‍മ്മ ചികിത്സ, സ്ത്രീരോഗങ്ങള്‍ക്കുള്ള മഗളിര്‍ജ്യോതി ഒപി, വിട്ടുമാറാത്ത അലര്‍ജി ആസ്ത്മ രോഗങ്ങള്‍ക്കുള്ള പ്രാണ ഒ.പി, ത്വക് രോഗ ചികിത്സ തുടങ്ങി വിവിധ സ്‌പെഷ്യാലിറ്റി ഒ.പികള്‍, അസ്ഥിസാന്ദ്രതാനിര്‍ണയം (ബി.എം.ഡി.) എന്നിവ ഉണ്ടായിരിക്കും. പൂജപ്പുര സിദ്ധ റീജിയണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സിദ്ധ വൈദ്യശാസ്ത്രത്തിലെ നൂതന ഗവേഷണ രീതികളും മരുന്നുകളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി പ്രത്യേക സ്റ്റാളുകളും ക്യാമ്പിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക ഒപി യും രക്തപരിശോധനയും ഉണ്ടാകും.
പൊതുജനാരോഗ്യ രംഗത്ത് സിദ്ധ വൈദ്യശാസ്ത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സിദ്ധ വൈദ്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ആരോഗ്യ ഭവന്‍ മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ റാലി സംഘടിപ്പിക്കും. സിദ്ധ ചികിത്സാ രീതികളും മരുന്നുകളും പരിചയപ്പെടുത്തുന്ന പ്രത്യേക സ്റ്റാളുകളും ഒരുക്കും. എക്സ്‌പോയുടെ ഭാഗമായി സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ സഹകരണത്തോടെ 500 ഓളം ഔഷധസസ്യങ്ങള്‍ വിതരണം ചെയ്യും.
ശുചിത്വ-ആരോഗ്യ പരിപാലന രംഗത്തെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിതകര്‍മ്മസേനയുടെയും ഐ.സി.ഡി.എസ് പ്രവര്‍ത്തകരുടെയും പങ്കാളിത്തം പരിപാടിയില്‍ ഉണ്ടാവും. സംസ്ഥാന സര്‍ക്കാരിന്റെ വൈബ് ഫോര്‍ വെല്‍നസ് (ആരോഗ്യം ആനന്ദം) ക്യാമ്പയിന്റെ ഭാഗമായി ഐ.സി.ഡി.എസി.ന്റെ സഹകരണത്തോടെ 'ഭക്ഷണം തന്നെ മരുന്ന്' എന്ന സിദ്ധ തത്വം മുന്‍നിര്‍ത്തി ആരോഗ്യദായകമായ ഭക്ഷ്യ വിഭവങ്ങളുടെ മത്സരം സംഘടിപ്പിക്കും. ഇതോടൊപ്പം ശാസ്ത്രീയ സെമിനാറുകളും പൊതുജനങ്ങള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകളും ഉണ്ടായിരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR