Enter your Email Address to subscribe to our newsletters

WAYANAD, 05 ജനുവരി (H.S.)
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസിയുടെ നേതൃത്വത്തിൽ വയനാട് സുൽത്താൻ ബത്തേരി സപ്ത കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച 'ലക്ഷ്യ 2026' നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുശതമാനം ആത്മവിശ്വാസത്തോടെയും യാഥാർഥ്യബോധത്തോടെയുമാണ് താൻ ഇക്കാര്യം പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിൽ വന്നാൽ നടപ്പിലാക്കാൻ സാധിക്കുന്ന പ്രായോഗികമായ പദ്ധതികൾ മാത്രമാകും യുഡിഎഫ് മുന്നോട്ടുവയ്ക്കുക. ഈ ലക്ഷ്യത്തിനായി ആരും വിശ്രമിക്കാതെ പണിയെടുക്കണമെന്നും താഴെത്തട്ടിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. യുഡിഎഫ് എന്നത് വെറുമൊരു രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ലെന്നും അതിനപ്പുറം വിപുലമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി മുന്നണി മാറിയിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഒരു 'ടീം യുഡിഎഫ്' ആയാണ് മുന്നണി പ്രവർത്തിക്കുന്നത്. മുൻപ് ഒപ്പമില്ലാതിരുന്ന പലരും ഇപ്പോൾ യുഡിഎഫിനൊപ്പം ചേർന്നിട്ടുണ്ട്. ഇടതുപക്ഷത്തിൻ്റെ തെറ്റായ നയങ്ങൾ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് അകന്ന നൂറുകണക്കിന് ആളുകളും ഇൻഫ്ലുവൻസർമാരും ഒപ്പീനിയൻ മേക്കർമാരും അടക്കമുള്ളവർ ഈ രാഷ്ട്രീയ പ്ലാറ്റ്‌ഫോമിൻ്റെ ഭാഗമാണ്. തകർന്നടിഞ്ഞ കേരളത്തെ രക്ഷിക്കാൻ യുഡിഎഫ് വരണമെന്ന് ഇടതുപക്ഷത്തിൻ്റെ പ്രചാരകരായിരുന്നവർ പോലും ആഗ്രഹിക്കുന്നുണ്ടെന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ വിസ്മയങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിലെത്തിയാൽ കേരളത്തിൻ്റെ നികുതി വരുമാനം വർധിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കങ്ങളുണ്ടെന്ന സിപിഎം പ്രചാരണത്തെ വിഡി സതീശൻ തള്ളി. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങി പല പ്രമുഖ നേതാക്കളുടെയും ചിത്രങ്ങൾ വച്ച് ഇവർ മുഖ്യമന്ത്രി സ്ഥാനാർഥികളാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നുണ്ട്.
തങ്ങളുടെ നേതാക്കൾക്കിടയിൽ തർക്കമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് സിപിഎം മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നത്.
എന്നാൽ കോൺഗ്രസിനുള്ളിൽ ഒരു തരത്തിലുള്ള തർക്കങ്ങളുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നുണപ്രചാരണങ്ങളിൽ യുഡിഎഫ് വീഴില്ല. ഒരു 'ഗാലക്സി ഓഫ് ലീഡർഷിപ്പ്' കോൺഗ്രസിനുണ്ട്. ദേശീയ നേതൃത്വത്തിൻ്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഐക്യത്തോടെ പോരാടി കേരളത്തെ വീണ്ടെടുക്കുകയാണ് പ്രധാനം. യുഡിഎഫ് എന്നത് ഒരു കുടുംബത്തെപ്പോലെ ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഒരു ടീം യുഡിഎഫ് ആയാണ് തങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗംഭീരമായി നേതൃസംഗമം സംഘടിപ്പിച്ച ഭാരവാഹികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR