Enter your Email Address to subscribe to our newsletters

ERANAKULAM, 05 ജനുവരി (H.S.)
പ്രളയം തകര്‍ത്ത പറവൂരിനെ റീബില്‍ഡ് ചെയ്തതിനാണ് പുനര്‍ജനിക്കെതിരെ അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.എനിക്കെതിരെ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അറസ്റ്റു ചെയ്യിക്കണമെന്നുമാണ് സി.പി.എമ്മും സര്‍ക്കാരും ആഗ്രഹിക്കുന്നതെങ്കില്‍ അതു ചെയ്യട്ടെ; രാഷ്ട്രീയമായും നിയമപരമായും നേരിടും; നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ മുന്നണിയായിരിക്കും യു.ഡി.എഫ്; മുഖ്യമന്ത്രി ആകാന്‍ ഇടിയാണെന്ന സി.പി.എം നറേറ്റീവില്‍ മാധ്യമങ്ങള്‍ വീഴരുത്, അദ്ദേഹം ആവശ്യപ്പെട്ടു.
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം പരാതി നല്‍കിയത് ഹൈക്കോടതിയിലാണ്. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നോട്ടീസ് പോലും അയയ്ക്കാതെ പരാതി തള്ളി. പിന്നീട് ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തള്ളി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയ പരാതിയിലാണ് പിന്നീട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. വിഷയം ജെയിംസ് മാത്യു നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ ഞാന്‍ മറുപടി നല്‍കുകയും വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
അന്വേഷണം നടത്തിയാല്‍ പദ്ധതി എത്രത്തോളം സുതാര്യമാണെന്ന് ബോധ്യമാകുമെന്നും പറഞ്ഞു. ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സും അന്വേഷണം അവസാനിപ്പിച്ചു. വീണ്ടും ഒരാളില്‍ നിന്നും പരാതി എഴുതി വാങ്ങി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. എഫ്.സി.ആര്‍.എ അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. അതാകട്ടെ മണപ്പാട് ഫൗണ്ടേഷന്റേതാണ്. എല്ലാ വര്‍ഷവും ആ അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ച് കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നുണ്ട്. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നതായിരുന്നു മറ്റൊരു ആക്ഷേപം. ഒരു തരത്തിലും പണം ദുരുപയോഗം ചെയ്യാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ല.
വീടോ തയ്യല്‍ മെഷീനോ ഉള്‍പ്പെടെയുള്ള ജീവനോപദികള്‍ വേണ്ട, ഞങ്ങള്‍ കണ്ടെത്തുന്ന ഗുണഭോക്താക്കളെ ഡോണര്‍ നേരിട്ടാണ് സഹായിക്കുന്നത്. അക്കൗണ്ടോ ഫണ്ടോ പണപ്പിരിവോ നടത്താത്ത ഫെലസിലിറ്റേറ്റര്‍ മാത്രമാണ് പുനര്‍ജനി. ഒരാളില്‍ നിന്നും പണം വാങ്ങിയിട്ടില്ല. മണപ്പാട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 20 ലക്ഷത്തോളം രൂപയെത്തി. എന്നാല്‍ അക്കൗണ്ടില്‍ വന്നതിനേക്കാള്‍ കൂടുതല്‍ പണം മണപ്പാട് ഫൗണ്ടേഷന്‍ ചെവഴിച്ചിട്ടുണ്ട്. ഗുണഭോക്താക്ക് പണം കിട്ടി എന്നത് ഉറപ്പാക്കാന്‍ അവരുടെ ഐ.ഡി കാര്‍ഡിന്റെയും ബാങ്ക് ചെക്കിന്റെയും പകര്‍പ്പ് ഉള്‍പ്പെടെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് എല്ലാം ചെയ്തത്. എനിക്കെതിരെ എന്തെങ്കിലും ഉണ്ടെങ്കില്‍ എപ്പോഴെ അവര്‍ അത് ഉപയോഗിച്ചേനെ. അഴിമതി നിരോധന നിയമം ബാധകമല്ലെന്നും എഫ്.സി.ആര്‍.എ അക്കൗണ്ട് വൈലേഷനും ഇല്ലെന്ന് രണ്ടു തവണയും നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടാണ് ആദ്യം നല്‍കിയ റിപ്പോര്‍ട്ടിലെ ഒരു ഭാഗം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ഒരു ആരോപണങ്ങളും നിലനിക്കുന്നതല്ല. വേണമെങ്കില്‍ ഇനിയും അന്വേഷിക്കട്ടെ. സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അറസ്റ്റു ചെയ്യിക്കണമെന്നുമാണ് സി.പി.എമ്മും സര്‍ക്കാരും ആഗ്രഹിക്കുന്നതെങ്കില്‍ അതു ചെയ്യട്ടെ. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
മാര്‍ച്ച് ഒന്നിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ജനുവരി നാലിന് വാര്‍ത്ത വന്നത്. വാസ്തവം പുറത്ത് കൊണ്ടുവന്നതിന് മാധ്യമങ്ങളോട് നന്ദി പറയുന്നു. മണപ്പാട് ഫൗണ്ടേഷനും ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്ന ഓര്‍ഗനൈസേഷനുമാണ് സഹായിച്ചത്. കളമശേരിയിലെ എം.ബി.എ കുട്ടികളെ ഉപയോഗിച്ചാണ് സര്‍വെ നടത്തിയത്. അതുകൊണ്ടാണ് പുനര്‍ജനിയെ കുറിച്ച് അന്വേഷിച്ചാല്‍ കേരളത്തിന് മുന്നില്‍ വയ്ക്കാവുന്ന ഒരു മോഡലിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് കിട്ടുമെന്ന് നിയമസഭയില്‍ പറഞ്ഞത്. ആസാദ് മൂപ്പനും ഗള്‍ഫാര്‍ മുഹമ്മദാലിയും ഉള്‍പ്പെടെ നിരവധി പേര്‍ സഹായിച്ചിട്ടുണ്ട്. ബെര്‍മ്മിങ് ഹാമില്‍ പോയപ്പോള്‍ പുനര്‍ജനി മോഡര്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ 500 പൗണ്ട് തന്നാല്‍ അത് ഗുണഭോക്താവിലേക്ക് എങ്ങനെ എത്തിക്കുമെന്നതിന്റെ മോഡലാണ് അവിടെ വിശദീകരിച്ചത്. അതിനെയാണ് ഞാന്‍ 500 പൗണ്ട് സംഭാവന ചോദിച്ചു എന്നാക്കിയത്. ഉഷ കമ്പനിയുമായി കരാറുണ്ടാക്കി നൂറ് തയ്യല്‍ മെഷീനുകളുടെ പണം നല്‍കിയപ്പോള്‍ അവര്‍ 110 മെഷീനുകള്‍ നല്‍കി. അങ്ങനെ രണ്ടായിരത്തോളം മെഷീനുകള്‍ വിതരണം ചെയ്തു. വെള്ളം കയറി വീടുകള്‍ നശിച്ച 1600 പേര്‍ക്ക് 5000 രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ നല്‍കി. പശുക്കള്‍ക്ക് ഭക്ഷണം നല്‍കാനാകാത്ത സ്ഥിതിയുണ്ടായപ്പോള്‍ 50 ടണ്‍ കാലിത്തീറ്റ വിതരണം ചെയ്തു. വെള്ളം കയറി നശിച്ച 48 അങ്കണവാടികള്‍ പെയിന്റ് ചെയ്ത് വൃത്തിയാക്കി. കര്‍ണാടകയിലെ സര്‍ക്കാര്‍ പ്രസില്‍ നിന്നും നോട്ട് ബുക്കുകള്‍ വാങ്ങി 10 നോട്ട് ബുക്ക് വീതം ഒന്‍പതിനായിരം കുട്ടികള്‍ക്ക് നല്‍കി. 22 സ്‌കൂളുകളിലെ ലാബുകള്‍ നന്നാക്കി. വെള്ളം കയറുന്നതിന് മുന്‍പ് 25 ആയിരുന്ന ലാപ്‌ടോപ്പുകളുടെ എണ്ണം മുപ്പതാക്കി. എല്ലാ ലൈബ്രറികളും നവീകരിച്ചു. സ്‌പോണ്‍സര്‍മാരെ ഉപയോഗിച്ച് പറവൂര്‍ നിയോജകമണ്ഡലത്തെ റീബില്‍ഡ് ചെയ്തു. അങ്ങനെ ചെയ്തതിനാണ് ഈ അന്വേഷണം.
തിരഞ്ഞെടുപ്പിന് മുന്‍പ് എല്‍.ഡി.എഫില്‍ നിന്നും എന്‍.ഡി.എയില്‍ നിന്നും യു.ഡി.എഫിലേക്ക് പുതിയ കക്ഷികള്‍ എത്തും. ഇപ്പോള്‍ തന്നെ യു.ഡി.എഫ് വിശാലമായ പ്ലാറ്റ്‌ഫോമാണ്. നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കേരളം കണ്ട ഏറ്റവും വലിയ മുന്നണിയായിരിക്കും യു.ഡി.എഫ്. ഇപ്പോള്‍ തന്നെ ഉഭയകകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാവരും ഒരു ടീം ആയി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി ആകാന്‍ എല്ലാവരും ഇടിയാണെന്നത് സി.പി.എം നറേറ്റീവാണ്. മാധ്യമങ്ങള്‍ അതിലൊന്നും വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി
---------------
Hindusthan Samachar / CHANDHU CHANDRASEKHAR