Enter your Email Address to subscribe to our newsletters

IDUKKI, 05 ജനുവരി (H.S.)
വെള്ളാപ്പള്ളി നടേശൻ തന്ന പണത്തിന്‍റെ കണക്ക് വെളിപ്പെടുത്തി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മൂന്ന് ലക്ഷം രൂപയാണ് വെള്ളാപ്പള്ളി നടേശൻ സംഭാവനയായി തന്നതെന്നും അതിനെല്ലാം കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം പിരിച്ചതിന് കണക്കുണ്ട്, അതിന്‍റെ ഉത്തരവാദിത്തമുണ്ട്. എന്നാൽ അതിന്‍റെ പേരിൽ വഴിവിട്ട യാതൊരു പ്രവർത്തിയും ചെയ്യില്ലെന്നും അന്നുതന്നെ വ്യക്തമാക്കിയിരുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
ഇടുക്കി ജില്ലയിൽ സി പി ഐയുടെ പ്രവർത്തക കൺവെൻഷനിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.ആലപ്പുഴ ജില്ലയിൽ വെള്ളാപ്പള്ളിയുടെ അടുത്ത് പോയിരുന്നു. രാഷ്ട്രീയം പറഞ്ഞതിന് ശേഷം വിരോധമില്ലെങ്കിൽ സംഭവന തരണമെന്ന് ആവശ്യപ്പെട്ടു. എത്രവേണമെന്ന് അദ്ദേഹം ചോദിച്ചു. സി പി ഐ ആരുടെ പക്കലും ഒന്നും ഏൽപ്പിച്ചിട്ടില്ല. ഇഷ്ടമുള്ളത് തരണമെന്ന് പറഞ്ഞു. അതിന് പകരമായി വഴിവിട്ട ഒരു സഹായവും ചെയ്യില്ലെന്നും പറഞ്ഞു.
അകത്തുപോയി പണത്തിന്‍റ പൊതിയുമായി തിരിച്ചുവന്നു. ഒന്നല്ല, രണ്ടല്ല മൂന്ന് ഉണ്ടെന്ന് പറഞ്ഞു. സി പി ഐ വന്ന് പണം പിരിച്ചിട്ട് പോയി. എന്നത് പറഞ്ഞതുകൊണ്ടാണ് ഇത് പറയുന്നത്. സി പി ഐ തെരഞ്ഞടുപ്പിനും മറ്റും പണം പിരിച്ചിട്ടുണ്ട്. അതിന് കണക്കുണ്ട്. ഉത്തരവാദിത്തവുമുണ്ട്- ബിനോയ് വിശ്വം പറഞ്ഞു.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രിയും സി പി എമ്മും നൽകുന്ന സംരക്ഷണത്തെ പരസ്യമായി തള്ളിപ്പറഞ്ഞും തുറന്നടിച്ചും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തേ രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയല്ല എൽ ഡി എഫെന്നും ചതിയൻ ചന്തു എന്ന പേരും തൊപ്പിയും ആയിരം വട്ടം ചേരുക ആ തലക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ ‘അദ്ദേഹത്തെ കണ്ടാൽ ഞാൻ ചിരിക്കും, ചിലപ്പോൾ കൈ കൊടുക്കും, പക്ഷേ കാറിൽ കയറ്റില്ല’ എന്ന് ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ബിനോയ് വിശ്വ ത്തിന്റെ ഈ പ്രതികരണമാണ് വെള്ളാപ്പള്ളി നടേശനെ ചൊടിപ്പിച്ചത്. ഇതിനുശേഷം സിപിഐക്കും ബിനോയ് വിശ്വത്തിനും എതിരെ കടന്നാക്രമണം നടത്തുകയായിരുന്നു വെള്ളാപ്പള്ളി..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR