സത്യവാങ്മൂലം സമർപ്പിക്കാൻ സതീശനെ വെല്ലുവിളിച്ച് കടകംപള്ളി; കേസ് ജനുവരി 14-ലേക്ക് മാറ്റി
Thiruvanathapuram, 05 ജനുവരി (H.S.) സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ മുറുകുന്നു. ഇന്ന് നടന്ന വാദത്തിനിടെ സതീശനെ സത്യവാങ്മൂലം സമർപ്പിക്കാൻ കടകംപള്ളിയുടെ അഭിഭ
sabarimala


Thiruvanathapuram, 05 ജനുവരി (H.S.)

സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ മുറുകുന്നു. ഇന്ന് നടന്ന വാദത്തിനിടെ സതീശനെ സത്യവാങ്മൂലം സമർപ്പിക്കാൻ കടകംപള്ളിയുടെ അഭിഭാഷകൻ വെല്ലുവിളിച്ചു. മറുപടി വാദത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് ജനുവരി 14-ലേക്ക് മാറ്റി.

കോടതിയിൽ ഉയർന്ന പ്രധാന വാദങ്ങൾ:

സത്യവാങ്മൂലം നൽകാത്തതിനെതിരെ വിമർശനം: കേസിൽ സതീശൻ ഇതുവരെ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും കേവലം ഒബ്ജക്ഷൻ മാത്രമാണ് ഫയൽ ചെയ്തതെന്നും കടകംപള്ളിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒബ്ജക്ഷനിലെ വാദങ്ങൾ തെറ്റാണെന്ന് ബോധ്യമുള്ളതിനാലാണ് വക്കീൽ കൂടിയായ സതീശൻ സത്യവാങ്മൂലം നൽകാൻ മടിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സർക്കാരിന് അധികാരമില്ല: കവനന്റ് പ്രകാരം സ്ഥാപിതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മേൽ സർക്കാരിന് അധികാരമില്ലെന്ന് അഭിഭാഷകൻ വാദിച്ചു. ദേവസ്വം മാനുവൽ പ്രകാരം ഒരു ബോർഡ് അംഗത്തെ പിരിച്ചുവിടാനുള്ള അധികാരം പോലും സർക്കാരിനോ മന്ത്രിക്കോ ഇല്ല. ബോർഡിന്റെ നിയന്ത്രണവും മേൽനോട്ടവും ഹൈക്കോടതിക്കാണ്. ബോർഡിൻറെ വരവ് ചിലവ് കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കുന്നത് കോടതിക്ക് മുന്നിലാണ്. അതുകൊണ്ട് തന്നെ ദേവസ്വം ബോർഡിന് മേൽ കടകംപള്ളിക്കോ സർക്കാരിനോ അധികാരം ഉണ്ടായിരുന്നു എന്ന വാദം നിലനിൽക്കില്ല.

തെളിവില്ലാത്ത ആരോപണങ്ങൾ: ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് സതീശൻ വാദിക്കുമ്പോഴും, ഒരു കോടതി ഉത്തരവിലും കടകംപള്ളിക്ക് എതിരെ പരാമർശങ്ങളില്ലെന്ന് കടകംപള്ളിയുടെ അഭിഭാഷകൻ വ്യക്തമാക്കി. മറ്റൊരു പ്രതിയുടെ മൊഴിയിൽ കടകംപള്ളിയുടെ പേരുണ്ട് എന്ന് സതീശൻ ആരോപിക്കുമ്പോൾ അങ്ങനെ ഒരു മൊഴി ഉണ്ടെങ്കിൽ കേസ് ഡയറിയിൽ മാത്രമുള്ള വിവരങ്ങൾ സതീശന് എങ്ങനെ ലഭിച്ചു എന്ന ചോദ്യവും കോടതിയിൽ ഉയർന്നു.

ഇഞ്ചക്ഷൻ ഓർഡർ ആവശ്യം: തെളിവുകൾ ഹാജരാക്കാതെ സതീശൻ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും, കടകംപള്ളിക്കെതിരെ തുടർച്ചയായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും സതീശനെ വിലക്കിക്കൊണ്ട് ഇഞ്ചക്ഷൻ പുറപ്പെടുവിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബർ 8-നാണ് വി.ഡി. സതീശൻ വിവാദമായ ആരോപണം ഉന്നയിക്കുന്നത്. ഇതിനെതിരെ ഒക്ടോബർ എട്ടിന് വക്കീൽ നോട്ടീസ് അയച്ച കടകംപള്ളി സുരേന്ദ്രൻ ഒക്ടോബർ 25ന് കോടതിയെ സമീപിച്ചു. ഇന്ന് നടന്ന ഒൻപതാമത്തെ സിറ്റിംഗിലും ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ലെന്ന് കടകംപള്ളിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എതിർവാദത്തിന് സമയം നീട്ടി ചോദിച്ചതിനെത്തുടർന്നാണ് കേസ് ജനുവരി 14-ലേക്ക് മാറ്റിയത്.

---------------

Hindusthan Samachar / Sreejith S


Latest News