Enter your Email Address to subscribe to our newsletters

Chennai, 05 ജനുവരി (H.S.)
അന്ധവിശ്വാസ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈയില്‍ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെടുത്തി സ്വകാര്യ വസതിയില്‍നിന്ന് വിഗ്രഹങ്ങള്‍ നീക്കം ചെയ്ത സംഭവം പരിഗണിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്. സമാധാനപരമായുള്ള സ്വകാര്യ വിഗ്രഹപൂജ മറ്റുള്ളവര്‍ക്ക് തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും അത്തരം പ്രവൃത്തികള്‍ക്കെതിരായ പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാനത്തിന് വഴങ്ങിക്കൊടുക്കാനാകില്ലെന്നും ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തി നിരീക്ഷിച്ചു.
'ഒരു വ്യക്തിക്ക് തന്റെ സ്വകാര്യ പരിസരത്ത് ഏതെങ്കിലും വിഗ്രഹം വെക്കാനും സമാധാനപരമായി ആരാധിക്കാനും അത്തരം പ്രവൃത്തികളില്‍ താല്‍പര്യമുള്ള സുഹൃത്തുക്കളെയോ അയല്‍ക്കാരെയോ ക്ഷണിക്കാനും ആഗ്രഹമുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ കഴിയില്ല. സംസ്ഥാന അധികൃതര്‍ പൊതുജനങ്ങളുടെ അത്തരം അന്ധവിശ്വാസങ്ങള്‍ക്കും തെറ്റായ വിശ്വാസങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ പാടില്ല. ദൈവമോ വിഗ്രഹമോ ഒരു മനുഷ്യനെയും ഉപദ്രവിക്കില്ല. ഇത്തരം വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങള്‍ മാത്രമാണ്, അവ 'ഭക്തി'യുടെയോ 'ശാസ്ത്രത്തിന്റെയോ' തത്വങ്ങളുമായി ചേര്‍ന്നുപോകുന്നവയല്ല'-കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവില്‍ കോടതി പറഞ്ഞു.
എ. കാര്‍ത്തിക് എന്ന വ്യക്തി ചെന്നൈയിലെ താമസസ്ഥലത്ത് സ്ഥാപിച്ച ശിവശക്തി ദക്ഷിണേശ്വരി, വിനായകന്‍, വീരഭദ്രന്‍ എന്നീ ദേവതകളുടെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. കാര്‍ത്തിക്കിന്റെ വിഗ്രഹപൂജ സ്വകാര്യമായിരുന്നെങ്കിലും അയല്‍ക്കാര്‍ക്കും താല്‍പര്യമുള്ള ഭക്തര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. കാര്‍ത്തിക്കിന്റെ താമസസ്ഥലത്ത് നടന്ന 'അസ്വാഭാവിക മരണങ്ങള്‍' വിഗ്രഹപ്രതിഷ്ഠയുമായും അവിടെ നടന്ന പൂജകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് താമസക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രാദേശിക അധികൃതര്‍ വിഗ്രഹങ്ങള്‍ നീക്കം ചെയ്തത്.
അധികാരികളുടെ നടപടി നിയമത്തിന്റെയോ ഭക്തി'യുടെയോ ശാസ്ത്രത്തിന്റെയോ തത്വങ്ങളുടെയോ പിന്തുണയില്ലാത്തതാണ് എന്നും പൊതുജനങ്ങളില്‍ ശാസ്ത്രീയമായ ചിന്ത വളര്‍ത്താന്‍ സംസ്ഥാനത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഏപ്രില്‍ 3, 2025 ലെ ഉത്തരവില്‍ ഹൈക്കോടതി നിരീക്ഷിച്ചു. അതുകൊണ്ട്, വിഗ്രഹങ്ങള്‍ ഹര്‍ജിക്കാരന് തിരികെ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ അവയുടെ പൂജകളില്‍ ലൗഡ്‌സ്പീക്കറുകള്‍, ശബ്ദമലിനീകരണം, അയല്‍ക്കാര്‍ക്ക് ശല്യം, പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കല്‍ എന്നിവ ഉണ്ടാകരുത് എന്ന വ്യവസ്ഥകളോടെയായിരുന്നു ഇത്.
എന്നാല്‍, വിഗ്രഹങ്ങള്‍ തിരികെ നല്‍കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കാര്‍ത്തിക് പിന്നീട് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. വിഗ്രഹങ്ങള്‍ വീണ്ടും സ്ഥാപിക്കുകയാണെങ്കില്‍ തന്റെ സ്വത്തുക്കള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്ന് പ്രാദേശിക താമസക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും അതിനാല്‍ പോലീസിന്റെ സംരക്ഷണം ആവശ്യമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. താമസസ്ഥലം നിര്‍മ്മിക്കാന്‍ മാത്രമാണ് ഹര്‍ജിക്കാരന് അനുമതിയുണ്ടായിരുന്നതെന്നും അനുമതിയില്ലാതെ അത് ക്ഷേത്രമാക്കി മാറ്റിയെന്നും സംസ്ഥാനം വാദിച്ചു. രാത്രിസമയങ്ങളില്‍ ഉള്‍പ്പെടെ പൂജകള്‍ നടത്തുന്നതും അതുവഴി അയല്‍വാസികള്‍ക്ക് ശല്യമുണ്ടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നതായും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
വിഗ്രഹങ്ങള്‍ ഹര്‍ജിക്കാരന് അവകാശപ്പെട്ടതാണെന്നും അതിനാല്‍, വിഗ്രഹങ്ങള്‍ ഉടനടി പുനഃസ്ഥാപിക്കണമെന്നും ജസ്റ്റിസ് ചക്രവര്‍ത്തി ഉത്തരവിട്ടു. തഹസില്‍ദാരുടെ ഓഫീസില്‍ പോയി വിഗ്രഹങ്ങള്‍ ശേഖരിക്കാന്‍ ഹര്‍ജിക്കാരനോട് നിര്‍ദേശിക്കുകയും അതനുസരിച്ച് വിഗ്രഹങ്ങള്‍ ഹര്‍ജിക്കാരന് കൈമാറുകയും ചെയ്തു. അധികൃതര്‍ അവകാശപ്പെടുന്നതുപോലെ ഹര്‍ജിക്കാരന്റെ പരിസരത്ത് അനധികൃത നിര്‍മ്മാണങ്ങളുണ്ടെങ്കില്‍ നിയമത്തിനനുസരിച്ച് അവയെ സ്വതന്ത്രമായി കൈകാര്യം ചെയ്യാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം, അന്ധവിശ്വാസങ്ങള്‍ നയിക്കുന്ന ഭരണത്തിനെതിരെ കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S