നെല്ല് സംഭരണ ചുമതല സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കും; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍
Thiruvanathapuram, 05 ജനുവരി (H.S.) നെല്ല് സംഭരണത്തിന് സഹകരണ- കര്‍ഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ഉപയോ?ഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉ
Paddy affect


Thiruvanathapuram, 05 ജനുവരി (H.S.)

നെല്ല് സംഭരണത്തിന് സഹകരണ- കര്‍ഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ഉപയോ?ഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോ?ഗത്തില്‍ തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വരുന്ന സീസണില്‍ തന്നെ ഈ സംവിധാനം നിലവില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.

നെല്ല് സംഭരണത്തിന് തയ്യാറായി വരുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പി.ആര്‍.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ തന്നെ നെല്ലിന്റെ വില കര്‍ഷകന് നല്‍കും. ജില്ലാ/ താലൂക്ക് തലത്തില്‍, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘം രൂപീകരിക്കും.

സഹകരണ സംഘങ്ങള്‍ വഴി അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകള്‍ വഴിയോ നെല്ല് സംസ്‌കരണം നടത്തും. നിശ്ചയിച്ച ഔട്ട്-ടേണ്‍ റേഷ്യോ പ്രകാരം നെല്ല് സംസ്‌കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവില്‍ സ്വകാര്യ മില്ലുകള്‍ക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസ്സിംഗ് ചാര്‍ജും നോഡല്‍ സംഘങ്ങള്‍ക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡല്‍ ഏജന്‍സി സപ്ലൈകോ ആയിരിക്കും.

മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്ത സഹകരണ സംഘങ്ങള്‍ക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കും. നോഡല്‍ സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായി വരുന്ന പ്രവര്‍ത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നല്‍കും.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖരസമിതികള്‍, നെല്ല് കര്‍ഷക പ്രതിനിധി, കേരള ബാങ്ക്, നോഡല്‍ സഹകരണ സംഘങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിക്കും. നെല്ല് സംഭരണം , തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തും.

സംഭരണ സമയത്ത് തന്നെ കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണ തുക ലഭ്യമാകും. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിലൂടെ ഉല്പന്നം നശിക്കുന്നില്ല എന്ന് ഉറപ്പാക്കും. ഭാവിയില്‍, സഹകരണ ബ്രാന്ഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവര്‍ദ്ധനവും ഉറപ്പാക്കാനാകും. സംഭരണത്തിനുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ സ്വന്തം അരി 'കേരള റൈസ്' പുറത്തിറക്കാനുള്ള സാധ്യത കൂടി ആണ് ഈ മാതൃക മുന്നോട്ട് വെക്കുന്നത്.

യോ?ഗത്തില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എന്‍ വാസവന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News