Enter your Email Address to subscribe to our newsletters

Wayanad, 05 ജനുവരി (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനകളും പരാമര്‍ശങ്ങളും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തന്റെ വാക്കുകള്‍ ശരിയായ രീതിയില്‍ മനസിലാക്കാതെ അനാവശ്യമായ വിവാദങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധത്തിലാണെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എല്‍.കെ. അദ്വാനിയെ സംബന്ധിച്ച്, 98 വയസായ ഒരു മനുഷ്യന്റെ പിറന്നാളിന് അല്‍പം മര്യാദകാണിച്ചു എന്നേയുള്ളൂ. രാഹുല്‍ ഗാന്ധി അടക്കം അക്കാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ചെയ്ത കാര്യത്തെ ഒരു വലിയ അദ്ഭുതം എന്നതരത്തില്‍ ഉയര്‍ത്തിക്കാണിക്കേണ്ട ആവശ്യമില്ല. പ്രായമായവരെ ബഹുമാനിക്കുകയും അവരോട് മര്യാദ കാണിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരം', തരൂര്‍ വ്യക്തമാക്കി.
'പ്രധാനമന്ത്രി മോദി പ്രസംഗിച്ച വേദിയില്‍ ഞാനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുകയും കാണുകയും ചെയ്തു. അതിനെക്കുറിച്ച് രണ്ടുവാക്ക് കുറിച്ചു. അതല്ലാതെ ഞാന്‍ എവിടെയാണ് അദ്ദേഹത്തെ പുകഴ്ത്തിയത്. സാമൂഹികമാധ്യമത്തില്‍ ഞാന്‍ പങ്കുവെച്ച പോസ്റ്റ് കണ്ടാല്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ അക്കാര്യം. ഞാന്‍ മോദിയെ പുകഴ്ത്തിയിട്ടില്ല', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'എന്റെ പോസ്റ്റ് വായിക്കാതെ, വാര്‍ത്തകളില്‍ വന്ന തലക്കെട്ടുകള്‍ വായിച്ചാണ് എല്ലാവരും കാര്യങ്ങള്‍ വിലയിരുത്തുന്നത്. അത് ശരിയായ നടപടിയല്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അതിന്റെ രീതിയില്‍ മനസിലാക്കാന്‍ ശ്രമിക്കുകകൂടി വേണം. അങ്ങനെ ചെയ്താല്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാം. 17 വര്‍ഷമായി ഈ പാര്‍ട്ടിക്കൊപ്പം നിന്ന് സേവനം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഇവിടെ തെറ്റിദ്ധാരണയിലേക്ക് പോകേണ്ട ആവശ്യമില്ല', തരൂര്‍ പറഞ്ഞു.
'കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഞാന്‍ ദേശീയ നേതൃത്വത്തിനുവേണ്ടി മത്സരിച്ചു, തോറ്റുപോയി. അതോടെ ആ കഥ കഴിഞ്ഞു. അതൊരു വലിയ പ്രശ്നമായി കാണുന്നില്ല. പാര്‍ട്ടിയുടെ ചരിത്രത്തില്‍ പല തിരഞ്ഞെടുപ്പും നടന്നിട്ടുണ്ട്, പലരും ജയിച്ചിട്ടുമുണ്ട്, പലരും തോറ്റിട്ടുമുണ്ട്. ഞാന്‍ മത്സരിച്ചു, തോറ്റു. അതവിടെ കഴിഞ്ഞു. കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധത്തില്‍ത്തന്നെയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും', അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S