Enter your Email Address to subscribe to our newsletters

Wayanad, 05 ജനുവരി (H.S.)
ദൈവഭയമില്ലാത്തവര്‍ ദൈവത്തിന്റെ സ്വത്ത് സ്വന്തം സ്വത്താണെന്ന് കരുതി കൊള്ളയടിക്കുന്ന സാഹചര്യം മാര്‍ക്‌സിസ്റ്റ് ഗവണ്‍മെന്റ് സൃഷ്ടിച്ചതായി കെസി വേണു ഗോപാല്‍. ഈ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീം കോടതിയും നടത്തിയ നിരീക്ഷണങ്ങള്‍ അതീവ ഗൗരവതരമാണ്. എസ്.ഐ.ടി.യില്‍ പോലും വിശ്വാസമില്ലായ്മ പ്രകടിപ്പിക്കുന്ന തരത്തിലാണ് കോടതിയുടെ ഇടപെടലുകള്‍. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഗവണ്‍മെന്റും സ്വീകരിക്കുന്നത്. ഇതിനെതിരായി ശക്തമായ ജനവികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ശബരിമലയില്‍ നടന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കൊള്ളയാണ്.അന്താരാഷ്ട്ര ബന്ധങ്ങള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് കണ്ടുകൊണ്ടിരിക്കുകയാല്ലേ ? എസ് ഐ ടിയെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ എങ്ങനെ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് ഹൈക്കോടതിയുടെ ഓരോ നിരീക്ഷണങ്ങളും ഇടപെടലും. ഇപ്പോള്‍ സുപ്രീംകോടതിയുടെ നിരീക്ഷണവും വളരെ വ്യക്തമാണ്. രാജ്യത്തെ തന്നെ ഞെട്ടിച്ച ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മും സര്‍ക്കാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 2019ലും ഇവര്‍ വിവാദമുണ്ടാക്കി. ശബരിമലയെ വിവാദകേന്ദ്രമാക്കി മാറ്റിയെടുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ്. ഇപ്പോള്‍ കൊള്ളയുടെ കേന്ദ്രവുമാക്കി ഇപ്പോള്‍ മാറ്റിയിരിക്കുകയാണ് - കെസി വേണുഗോപാല്‍ പറഞ്ഞു.
കൂടുതല്‍ ജാഗ്രതയോടും കരുതലോടും കൂടി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കര്‍മ്മപരിപാടികളാണ് ദ്വിദിന ലീഡര്‍ഷിപ്പ് സമ്മിറ്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ വ്യക്തമായ ക്യാമ്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മധുസൂദന്‍ മിസ്ത്രി ചെയര്‍പേഴ്‌സണായ സ്‌ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കും. കേരളത്തിലെ പ്രദേശിക തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്‍പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്യും.
ജനുവരി അവസാനത്തോടുകൂടി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെയെങ്കിലും പ്രഖ്യാപിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. സാധാരണ രീതിയില്‍ നിന്ന് വിപരീതമായി സ്ഥാനാര്‍ത്ഥികളെ ഇത്തവണ നേരത്തെ തന്നെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകും. നിലവിലെ എം.പി.മാര്‍ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് സമിതികളിലും സ്‌ക്രീനിംഗ് കമ്മിറ്റികളിലുമാണ് ചര്‍ച്ച ചെയ്യേണ്ടത്.
തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ക്കും മറ്റുമായി സുനില്‍ കനുഗോലുവിന്റെ സേവനങ്ങള്‍ പാര്‍ട്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. അദ്ദേഹം നിലവില്‍ എ.ഐ.സി.സി. അംഗവും പാര്‍ട്ടിയുടെ ഭാഗവുമാണ്. ഭരണപക്ഷത്തുള്ളവര്‍ക്ക് വലിയ സാമ്പത്തിക സ്രോതസ്സുകളും പി.ആര്‍ സംവിധാനങ്ങളുമുണ്ടാകാം. എന്നാല്‍ വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാതെ, പാവപ്പെട്ട ജനങ്ങളുടെ സഹായത്തോടുകൂടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഒരു തോണിയിലെ തുഴച്ചില്‍ക്കാര്‍ ഒരേ താളത്തില്‍ തുഴഞ്ഞാല്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്താന്‍ സാധിക്കൂ.പാര്‍ട്ടിയിലെ ഐക്യവും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും അത്തരത്തില്‍ ഒത്തുചേര്‍ന്ന് പോകേണ്ടതുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S