Enter your Email Address to subscribe to our newsletters

PUNE, 06 ജനുവരി (H.S.)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. പുണെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ പുണെ എരണ്ട്വാനിലെ 'കല്‍മാഡി ഹൗസില്‍' പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3:30-ന് നവി പേട്ടിലെ വയ്കുണ്ഠ് ശ്മശാനഭൂമിയില്‍ സംസ്‌കാരം നടത്തും.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് 1964 മുതല്‍ 1972 വരെ വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിച്ചിരുന്നു. 1974-ല്‍ സേവനത്തില്‍നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് പൊതുരംഗത്തേക്ക് കടന്നു. 1995-1996 കാലഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന കല്‍മാഡി വര്‍ഷങ്ങളോളം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കല്‍മാഡി ദേശീയതലത്തില്‍ വലിയ വിവാദങ്ങള്‍ നേരിട്ടിരുന്നു. ഗെയിംസ് ഫണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് അഴിമതി നിരോധന നിയമപ്രകാരം 2011 ഏപ്രിലില്‍ അദ്ദേഹം അറസ്റ്റിലായി. ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. 2016-ല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അദ്ദേഹത്തെ ലൈഫ് പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തെങ്കിലും, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയതോടെ അദ്ദേഹം ആ സ്ഥാനം നിരസിക്കുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S