Enter your Email Address to subscribe to our newsletters

Thiruvanathapuram, 06 ജനുവരി (H.S.)
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എത്രത്തോളം അകലെയാണ് എന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. യുഡിഎഫ് എന്നത് ഒരു രാഷ്ട്രീയ മുന്നണി എന്നതില്‍ നിന്നും മാറി വെറുമൊരു 'പി.ആര്‍ മുന്നണി' ആയി അധഃപതിച്ചിരിക്കുകയാണ്.
കോടികള്‍ മുടക്കി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ക്ക് പോലും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. എന്നാല്‍, അത് അംഗീകരിക്കാന്‍ മടിയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം പിഴവുകള്‍ മറച്ചുവെക്കാന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തിരുത്തിക്കുകയാണ്. ഇത് തികച്ചും പരിഹാസ്യമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് അവരുടെ ഏജന്‍സി തന്നെ പറയുമ്പോള്‍, അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരോക്ഷമായ അംഗീകാരമാണ്. പണം കൊടുത്തു വാങ്ങിയ ഉപദേശകര്‍ക്ക് പോലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയ അടിത്തറയും മികവും ബോധ്യപ്പെട്ടിരിക്കുന്നു, പക്ഷേ പ്രതിപക്ഷ നേതാക്കള്‍ക്ക് മാത്രം അത് മനസിലാകുന്നില്ല.
ജനങ്ങളിലല്ല, മറിച്ച് പിആര്‍ ഏജന്‍സികളിലാണ് യുഡിഎഫ് വിശ്വസിക്കുന്നത്. സത്യസന്ധമായ റിപ്പോര്‍ട്ടുകളെ ഭയക്കുന്നവര്‍ക്ക് എങ്ങനെയാണ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുക? ഭരണവിരുദ്ധ വികാരമുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് അണികളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കൃത്രിമമായ തരംഗം സൃഷ്ടിക്കാമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹമാണ്. എല്‍ഡിഎഫ് ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാളയത്തിലെ പാളിച്ചകള്‍ തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് നാടിനെ നയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ക്യാമ്പിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S