Enter your Email Address to subscribe to our newsletters

Himachal pradesh, 06 ജനുവരി (H.S.)
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന ആഗ്രഹം പറയുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചല്‍ പ്രദേശ് ഹൈകോടതി. പാകിസ്താന്‍ പതാകയുടെയും, നിരോധിത ആയുധങ്ങളുടെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തയാള്‍ക്ക് ജാമ്യം അനുവദിച്ചാണ് ഹൈകോടതിയുടെ നിരീക്ഷണം.
അഭിഷേക് സിങ് ഭരദ്വാജ് എന്നയാള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുകയും പാകിസ്താന്‍ പൗരനുമായി ആശയ വിനിമയം നടത്തുകയും ചെയ്‌തെന്ന കുറ്റവും അഭിഷേകിനെതിരെ ചുമത്തിയിരുന്നു. എന്നാല്‍ എഫ്.ഐ.ആറില്‍ ഇന്ത്യന്‍ സര്‍ക്കാറിനുനേരെ വിദ്വേഷമോ, ദേശവിരുദ്ധ പരാമര്‍ശമോ നടത്തിയെന്ന് ആരോപിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
''വിഡിയോയും ചിത്രങ്ങളും അടങ്ങുന്ന പെന്‍ഡ്രൈവ് പരിശോധിച്ചു. പരാതിക്കാരന്‍ ഒരാളോട് ചാറ്റ് ചെയ്തതായി പ്രഥമദൃഷ്ട്യാ കാണുന്നു. ഇരുവരും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതയെ വിമര്‍ശിക്കുന്നുണ്ട്. മതപരമായ വിവേചനമില്ലാതെ എല്ലാവരും ഒരുമിക്കണമെന്നും യുദ്ധം നിരര്‍ഥകമാണെന്നും അവര്‍ പറയുന്നു. ശത്രുത അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കണമെന്ന് പറയുന്നതിനെ രാജ്യദ്രോഹമായി കാണാന്‍ ബുദ്ധിമുട്ടുണ്ട്'' -വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
നിരോധിത ആയുധങ്ങളുടെ ചിത്രം ഫോസ്ബുക്കില്‍ അപ്ലോഡ് ചെയ്‌തെന്ന വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞ മേയില്‍ ഭരദ്വാജിന്റെ വീട്ടില്‍ ഹിമാചല്‍ പൊലീസ് പരിശോധന നടത്തുകയും പിന്നാലെ ബി.എന്‍.എസിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയുമായിരുന്നു. വീട്ടില്‍നിന്ന് നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനായില്ലെങ്കിലും ഫേസ്ബുക്ക് പോസ്റ്റില്‍ ഖലിസ്താനെ പിന്തുണക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം (ബി.എന്‍.എസ് സെക്ഷന്‍ 152) ചുമത്തിയത്.
---------------
Hindusthan Samachar / Sreejith S