Enter your Email Address to subscribe to our newsletters

Chennai, 06 ജനുവരി (H.S.)
വിജയ് ചിത്രം 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശ വാക്കാല്‍ ആവശ്യപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ് അന്യായമായി അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
ചിത്രം യു/ എ സര്‍ട്ടിഫിക്കറ്റിന് അര്‍ഹമാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. 25 രാജ്യങ്ങളില്‍ ചിത്രത്തിന് അനുമതി ലഭിച്ചു. ഇന്ത്യയില്‍ മാത്രമാണ് അനുമതി വൈകുന്നതെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ പറഞ്ഞു.ചിത്രം സെന്‍സര്‍ ബോര്‍ഡ് കണ്ടിട്ടുണ്ടെന്നും തൃപ്തരാണെന്നും നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ചിത്രം കാണുകപോലും ചെയ്യാത്തൊരാളുടെ പരാതിയെത്തുടര്‍ന്നാണ് റിവൈസിങ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ചത്. റിവൈസിങ് കമ്മിറ്റിക് വിടാനുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും നിര്‍മാതാക്കള്‍ ആരോപിച്ചു.
അതേസമയം, പുതിയ കമ്മിറ്റി വീണ്ടും ചിത്രം കാണുമെന്ന് സെന്‍സര്‍ ബോര്‍ഡ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജനുവരി ഒന്‍പതിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S