Enter your Email Address to subscribe to our newsletters

New delhi, 06 ജനുവരി (H.S.)
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെഎന്‍യു) കാമ്പസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം മുഴക്കി വിദ്യാര്‍ഥികള്‍. 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്കേസ് പ്രതികള്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെഎന്‍യു) കാമ്പസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രിയാണ് ജെഎന്‍യുവിന്റെ സബര്‍മതി ഹോസ്റ്റലില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാക്കളായിരുന്ന ഉമറും ഷര്‍ദീലും അഞ്ചു വര്‍ഷത്തിലേറെയായി ജയിലിലാണ്.
മുദ്രാവാക്യങ്ങള്‍ രാത്രി 9 നും 10 നും ഇടയിലാണ് ചിലര്‍ മുഴക്കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇടതുപക്ഷ പിന്തുണയുള്ള ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ (ജെഎന്‍യുഎസ്യു) ജോയിന്റ് സെക്രട്ടറി ഡാനിഷും സെക്രട്ടറി സുനിലും മുദ്രാവാക്യം വിളിക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് ഇടതുപക്ഷ വിദ്യാര്‍ഥി ഗ്രൂപ്പുകളും പങ്കെടുത്തതായാണ് വിവരം.
മുദ്രാവാക്യങ്ങളില്‍ ശവപ്പെട്ടികളെക്കുറിച്ചും പ്രധാനമന്ത്രി മോദിയുടെ പേര് പരാമര്‍ശിച്ചതായും ഇത് ഒരു മുന്നറിയിപ്പിന്റെ സന്ദേശമാണെന്ന് വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്ന് എബിവിപി അറിയിച്ചു.
സുപ്രീം കോടതി വിധിക്കെതിരെ സമരം ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ പറയാന്‍ എന്തുണ്ട് എന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മജീന്ദര്‍ സിങ് സിര്‍സ സംഭവത്തോട് പ്രതികരിച്ചു. 'ഈ രാജ്യവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. ഇന്ത്യയെ വിഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍, പ്രധാനമന്ത്രിയെക്കുറിച്ച് മോശം സംസാരിക്കുന്നവരാണ്,' സിര്‍സ പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട ഗല്‍ഫിഷ ഫാത്തിമ, മീരന്‍ ഹൈദര്‍, ഷിഫ ഊര്‍ റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചുമത്തിയ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഏഴുപേരും സുപ്രീം കോടതിയെ സമീപിച്ചത്.
ഉമറിന്റെയും ഷര്‍ജീലിന്റെയും ജാമ്യാപേക്ഷകള്‍ നിരസിച്ചുകൊണ്ട്, ക്രിമിനല്‍ ഗൂഢാലോചനയില്‍ രണ്ടുപേരുടെയും പങ്കാളിത്തം സൂചിപ്പിക്കുന്ന മതിയായ വസ്തുക്കള്‍ പ്രോസിക്യൂഷന്‍ നല്‍കിയതായി സുപ്രീം കോടതി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ഓരോ വ്യക്തിക്കുമെതിരെയുള്ള കുറ്റങ്ങളുടെ വ്യത്യാസം സുപ്രീം കോടതി ചൂണ്ടിക്കാട്ടി, ജാമ്യത്തിനായി എല്ലാവരെയും ഒരുപോലെ പരിഗണിക്കാനാവില്ലെന്നും പറഞ്ഞു.
---------------
Hindusthan Samachar / Sreejith S