Enter your Email Address to subscribe to our newsletters

Chennai, 06 ജനുവരി (H.S.)
തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്ക് സിബിഐ സമന്‍സ്. 41 പേര്‍ മരിച്ച കരൂര്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘമാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം 12ന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാരാകാനാണ് ആവശ്യപ്പെട്ടരിക്കുന്നത്. ആദ്യമായാണ് ദുരന്തവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണസംഘത്തിന് മുന്നിലേക്ക് നടന്‍ എത്തുന്നത്.
2025 സെപ്റ്റംബര്‍ 27നാണ് വിദയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിക്കുകയും നിരവഘധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറിയിച്ച സമയത്തിലും ഏറെ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതാണ് ദുരന്തത്തിന് കാരണം എന്ന രാഷ്ട്രീയ വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സിബിഐ നടനെ ചോദ്യം ചെയ്യുന്നത്.
ടിവികെ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, എന്‍.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കിയത്. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. മുന്‍ സുപ്രീംകോടതി ജഡ്ജി അജയ് റസ്‌തോഗി അധ്യക്ഷനായ സമിതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
വിജയെ അന്വേഷണത്തിന്റെ പേരില്‍ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി എന്ന ആരോപണം ഡിഎംകെ ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പശ്ചാത്തലത്തില്‍ ഇത്തരം രാഷ്ട്രീയ ആരോപണങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാകും. വിജയ് ഹജരാകുമോ എന്ന കാര്യത്തില്‍ നടനോ ടിവികെയോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ദുരന്തത്തിലേക്കു നയിച്ച 5 പ്രധാന കാരണങ്ങളിങ്ങനെ:
1. യോഗത്തിനു ടിവികെ ആവശ്യപ്പെട്ട 2 സ്ഥലങ്ങളില്‍ തിരക്കു നിയന്ത്രിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പൊലീസ് പകരം നിര്‍ദേശിച്ച മൈതാനം ഒഴിവാക്കിയാണ് കരൂര്‍-ഈറോഡ് സംസ്ഥാനപാതയിലെ വേലുച്ചാമിപുരം ടിവികെ തിരഞ്ഞെടുത്തത്. റോഡിന്റെ ഇരുവശത്തും കടകളും റോഡിനു നടുവില്‍ ഡിവൈഡറുമുള്ള ഇവിടം വലിയ സമ്മേളനങ്ങള്‍ക്കു പറ്റിയതല്ല.
2. ശനിയാഴ്ച ഉച്ചയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്ന വിജയ് നാലര മണിക്കൂര്‍ വൈകി. ആള്‍ക്കൂട്ടത്തിനിടയിലൂടെ യോഗസ്ഥലത്തേക്കുള്ള 700 മീറ്റര്‍ പിന്നിടാന്‍ വീണ്ടും ഒന്നര മണിക്കൂറെടുത്തു. ജനം തിങ്ങിനിറഞ്ഞുള്ള ഡ്രോണ്‍ ഷോട്ടുകള്‍ പകര്‍ത്താനായി ടിവികെ റാലി മനഃപൂര്‍വം വൈകിപ്പിച്ചെന്നു ഡിഎംകെ ആരോപിക്കുന്നു.
Also Read 500 മീ. കടക്കാന്‍ ഒന്നര മണിക്കൂര്‍: ആ യാത്രയില്‍ വിജയ് അറിഞ്ഞില്ലേ ദുരന്തത്തിന്റെ ആദ്യ സൂചന? തിരക്ക് കൈവിട്ടതിങ്ങനെ- ഗ്രാഫിക്‌സ്
3. പതിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചതനുസരിച്ച് അഞ്ഞൂറോളം പൊലീസുകാരെയാണു നിയോഗിച്ചത്. എത്തിയത് പല മടങ്ങ്. വേണ്ടത്ര പൊലീസിനെ നിയോഗിച്ചില്ലെന്നാണ് ടിവികെ ആരോപണം. എന്നാല്‍, ഏറ്റവുമധികം അപായസാധ്യതയുള്ള ഘട്ടത്തില്‍ പോലും 50 പേര്‍ക്ക് ഒരാള്‍ എന്ന തോതിലാണ് പൊലീസിനെ നിയോഗിക്കാറുള്ളതെന്ന് എഡിജിപി ഡേവിഡ്‌സണ്‍ ദേവാശീര്‍വാദം പറയുന്നു.
4. കൃത്യമായ ആള്‍ക്കൂട്ടനിയന്ത്രണ സംവിധാനമുണ്ടായിരുന്നില്ല. രാവിലെ മുതല്‍ കാത്തുനിന്ന ജനങ്ങള്‍ക്ക് ഉച്ചഭക്ഷണമോ വെള്ളം പോലുമോ ലഭിച്ചില്ല. വിജയ് എത്തുമ്പോള്‍ തന്നെ പലരും കുഴഞ്ഞുവീണു തുടങ്ങിയിരുന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
5. തിരക്കു കണ്ട് യോഗസ്ഥലത്തിന് 50 മീറ്ററകലെ വാഹനം നിര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും വിജയ് മുന്നോട്ടുപോയെന്നു പൊലീസ് പറയുന്നു.
---------------
Hindusthan Samachar / Sreejith S