Enter your Email Address to subscribe to our newsletters

Trivandrum , 06 ജനുവരി (H.S.)
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കേന്ദ്രബിന്ദു പത്തനാപുരമാണെന്നും അവിടെ മത്സരിക്കുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പത്തനാപുരത്തുകാർക്ക് ഞാനില്ലാതെ പറ്റില്ല, എനിക്ക് അവരില്ലാതെയും. അവിടെ അല്ലാതെ മറ്റെവിടെ പോകാനാണ്? എന്നായിരുന്നു തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി നൽകിയ മറുപടി. വൻ ഭൂരിപക്ഷത്തോടെ താൻ വീണ്ടും വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
വികസന നേട്ടങ്ങൾ വോട്ടാകും
കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ താൻ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഗണേഷ് കുമാർ വിശ്വസിക്കുന്നു. ടിക്കറ്റ് വരുമാനത്തിൽ ചരിത്രപരമായ നേട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ കെഎസ്ആർടിസി കൈവരിച്ചത്. പ്രതിദിന വരുമാനം 13.02 കോടി രൂപ കടന്നത് ഇതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അതിന്റെ അഭിമാനം ഓരോ പത്തനാപുരത്തുകാരന്റെയും ഹൃദയത്തിലുണ്ട്. അത് വോട്ടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സീസണിൽ മാത്രം കെഎസ്ആർടിസിക്ക് കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് കോടി രൂപയുടെ അധിക വരുമാനമുണ്ടായി. യാത്രക്കാർക്കായി വിമാനത്തിലേതിന് സമാനമായ സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ ഉടൻ നിരത്തിലിറക്കുമെന്നും ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം-എറണാകുളം റൂട്ടിലാകും സർവീസെന്നും മന്ത്രി അറിയിച്ചു. സൂപ്പർ താരം മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കാൻ സമ്മതിച്ചത് സ്ഥാപനത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കാൽനൂറ്റാണ്ടിന്റെ പത്തനാപുരം ബന്ധം
2001 മുതൽ പത്തനാപുരത്തെ പ്രതിനിധീകരിക്കുന്ന കെ.ബി. ഗണേഷ് കുമാർ, കേരള കോൺഗ്രസ് (ബി) ചെയർമാൻ കൂടിയാണ്. തന്റെ പിതാവ് ആർ. ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ.കെ. ആന്റണി മന്ത്രിസഭയിലും ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി 2023 ഡിസംബറിലാണ് അദ്ദേഹം ഗതാഗത മന്ത്രിയായി ചുമതലയേറ്റത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പത്തനാപുരം എന്നും ഗണേഷ് കുമാറിനെ തുണച്ചിട്ടുണ്ട്. ഇടതുമുന്നണിയുടെ ഘടകകക്ഷിയായി പത്തനാപുരത്ത് തുടരുമ്പോഴും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനമാണ് അദ്ദേഹത്തിന്റെ കരുത്ത്. ഇത്തവണയും വികസനവും വ്യക്തിബന്ധങ്ങളും മുൻനിർത്തി ജനവിധി തേടുമ്പോൾ മണ്ഡലം തനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മന്ത്രി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകുമ്പോൾ ഗണേഷ് കുമാറിന്റെ ഈ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K