Enter your Email Address to subscribe to our newsletters

Chennai, 06 ജനുവരി (H.S.)
'ഉലകം ഉങ്കള്‍ കയ്യില്‍' എന്ന പേരില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുമായി തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍. ഇതൊരു സമ്മാനമല്ലെന്നും ലോകം കൈപ്പിടിയിലാക്കാനുള്ള വലിയ അവസരമാണെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നൈപുണ്യ വികസനവും സാങ്കേതിക സാക്ഷരതയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
20 ലക്ഷം ലാപ്‌ടോപുകളാകും പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. ആദ്യഘട്ടത്തില്‍ പത്തുലക്ഷം ലാപ്‌ടോപുകള്‍ വിതരണം ചെയ്യും. ഡെല്‍, ഏയ്‌സര്‍, എച്ച്പി എന്നീ കമ്പനികളുടെ ലാപ്‌ടോപുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിക്കായി രണ്ടായിരം കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. എന്‍ജിനീയറിങ്, ആര്‍ട്‌സ് ആന്റ് സയന്‍സ്, മെഡിസിന്‍, കൃഷി, നിയമ വിദ്യാര്‍ഥികളും, പോളിടെക്‌നിക് കോളജുകളിലും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പഠിക്കുന്നവരും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
വിദ്യാര്‍ത്ഥികളുടെ കൈകളില്‍ എത്തുന്ന ലോകത്തെ പിടിച്ചടക്കാനുള്ള ആശയങ്ങള്‍ വിരിയട്ടെ. ഇതിനായി ചെലവഴിക്കുന്നതിനെ പണച്ചെലവായല്ല, മറിച്ച് ഭാവി തലമുറയുടെ വിദ്യാഭ്യാസത്തിനായുള്ള നിക്ഷേപമെന്ന നിലയിലാണ് കാണുന്നത്. പഠിക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങളുടെ മുന്നില്‍ തുറന്ന് തരികയാണ്. നന്നായി പഠിച്ച് നല്ല പാത തിരഞ്ഞെടുക്കുക എന്നായിരുന്നു സ്റ്റാലിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉപദേശം.
തീയുടെ കണ്ടുപിടിത്തം ലോകത്തെ മാറ്റി മറിച്ചതിന് സമാനമാണ് എഐയുമെന്നും എഐയുടെ സാധ്യതകളെ നല്ലരീതിയില്‍ സമൂഹത്തിനായി പ്രയോജനപ്പെടുത്താന്‍ ലാപ്‌ടോപ് ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. മനുഷ്യര്‍ക്ക് പകരമാകാന്‍ എഐക്ക് സാധ്യമല്ലെങ്കിലും അതിവേഗത്തിലും നൂതന രീതിയിലും ജോലി ചെയ്യാന്‍ അത് സഹായിക്കുമെന്നും സമഗ്ര പുരോഗതിക്കായി അത് പ്രയോജനപ്പെടുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പൂര്‍ണ ശ്രദ്ധയും വിദ്യാഭ്യാസത്തിലാകണമെന്നും അങ്ങനെയെങ്കില്‍ വിദ്യാര്‍ഥികള്‍ വിജയിക്കുന്നതിനൊപ്പം തമിഴ്‌നാടും വിജയിക്കുമെന്നും സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെല്‍, ഏയ്‌സര്‍, എച്ച്പി എന്നീ കമ്പനികളുടെ ലാപ്?ടോപുകളാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നത്. ഇന്റല്‍ i3/ AMD Ryzen 3 പ്രൊസസര്‍, 8GB റാം, 256 GB SSD, വിന്‍ഡോസ് 11 എന്നിങ്ങനെയാണ് ലാപ്‌ടോപിന്റെ കോണ്‍ഫിഗറേഷന്‍. എഐ പ്ലാറ്റ്‌ഫോമായ പെര്‍പ്ലെക്‌സിറ്റി പ്രോയുടെ ആറുമാസത്തെ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലാപ്‌ടോപിനൊപ്പം നല്‍കും
---------------
Hindusthan Samachar / Sreejith S