Enter your Email Address to subscribe to our newsletters

Kochi, 06 ജനുവരി (H.S.)
മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധിക്ക് പരിഹാരം. ബിജെപി പിന്തുണയോടെ മറ്റത്തൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത വിമതര്‍ ഒടുവില്‍ കോണ്‍ഗ്രസിന് വഴങ്ങി. വൈസ് പ്രസിന്റ് നൂര്‍ജഹാന്‍ സ്ഥാനം രാജിവെച്ചു. റോജി ജോണ്‍ എംഎല്‍എയുടെ മേല്‍നോട്ടത്തില്‍ കെപിസിസി നേതൃത്വം നടത്തിയ സമവായ നീക്കങ്ങള്‍ക്കൊടുവിലാണ് വൈസ് പ്രസിഡന്റിന്റെ രാജി. ഇതോടെ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താത്കാലിക വിരാമം ആയി.
ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇത് പൂര്‍ണ്ണമായും വിമതര്‍ അംഗീകരിച്ചിട്ടില്ല. പ്രസിഡന്റ് ഉടന്‍ രാജിവെക്കില്ലെന്നും അവര്‍ സ്വതന്ത്രയായി ജയിച്ചയാളാണെന്നും വിമതപക്ഷത്തിന് നേതൃത്വം നല്‍കുന്ന മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവരാന്‍ ആറുമാസം കഴിഞ്ഞേ സാധിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിശ്വാസം വന്നാല്‍ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് ആലോചിക്കേണ്ട വിഷയമാണെന്നായിരുന്നു ചന്ദ്രന്റെ മറുപടി. കെപിസിസിക്കുമുന്‍പില്‍ ചില ആവശ്യങ്ങള്‍ വെച്ചിരുന്നെന്നും ഇതിനു മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസിക്കെതിരേ കടുത്ത ആരോപണങ്ങളാണ് ടി.എം. ചന്ദ്രന്‍ ഉന്നയിച്ചിരുന്നത്. ക്രിമിനല്‍ കേസിലുള്‍പ്പെട്ടിരുന്ന കൊടകര റഷീദ് എന്ന വ്യക്തിയാണ് മൂന്നു ചിഹ്നങ്ങള്‍ ഡിസിസി പ്രസിഡന്റില്‍നിന്ന് വാങ്ങിക്കൊണ്ടുപോയത്. ഇതു പിന്‍വലിക്കാന്‍ പ്രസിഡന്റ് തയ്യാറായില്ല. ഈ മൂന്നുസീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ നില്‍ക്കുമ്പോള്‍ത്തന്നെ സ്വതന്ത്രരെ പിന്തുണയ്ക്കാന്‍ തങ്ങളെ ഡിസിസി അനുവദിക്കുകയായിരുന്നെന്നും ചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രധാന നേതാക്കള്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയോഗത്തില്‍ തന്നെ പങ്കെടുപ്പിക്കുകയും ഇവിടെവെച്ചാണ് ഇത്തരമൊരു അനുമതി നല്‍കുകയും ചെയ്തതെന്ന് ചന്ദ്രന്‍ അവകാശപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസും എല്‍ഡിഎഫ് പാളയത്തിലേക്ക് പോയ കെ.ആര്‍. ഔസേപ്പും ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെയാണ് ജയിച്ചത്.
സ്വതന്ത്രരുമായി ചേര്‍ന്നാണ് നോട്ടീസ് അടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അന്നൊന്നും പാര്‍ട്ടി നേതൃത്വം ഇടപെട്ടില്ലെന്നും ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കെ.ആര്‍. ഔസേപ്പിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സിപിഎം വിദേശത്തുവരെ പണപ്പിരിവു തുടങ്ങിയിരുന്നെന്നും ഇവര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പുണ്ടായ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കെപിസിസിക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും മറുപടി കിട്ടിയില്ല. ഡിസിസിയുടെ തെറ്റായ നയംമൂലമാണ് സംഭവം ഇത്രത്തോളം വഷളായത്. സിപിഎമ്മിന്റെ കുതിരക്കച്ചവടം മറച്ചുപിടിക്കാനാണ് ബിജെപിയുമായി തങ്ങള്‍ക്ക് ഡീല്‍ ഉണ്ടെന്ന് പറയുന്നതെന്നും ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S