Enter your Email Address to subscribe to our newsletters

Kottayam , 06 ജനുവരി (H.S.)
കോട്ടയം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. സഹോദരിമാരായ അച്ചു ഉമ്മനോ മരിയ ഉമ്മനോ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കുടുംബത്തിലെ രാഷ്ട്രീയ നിലപാട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സഹോദരിമാർക്ക് താൽപ്പര്യമില്ലെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്ന് ചാണ്ടി ഉമ്മൻ മനോരമ ന്യൂസിനോട് പറഞ്ഞു. വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് അപ്പ (ഉമ്മൻ ചാണ്ടി) പറഞ്ഞിട്ടുള്ളത്. അത് തന്നെയാണ് എന്റെയും നിലപാട്. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയിൽ വാർത്തകൾ വരുന്നത് എന്തിനാണെന്ന് അറിയില്ല, അദ്ദേഹം കൂട്ടിചേർത്തു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മാറിനിൽക്കുമെന്നും പകരം മരിയ ഉമ്മൻ വരുമെന്നുമുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും കോൺഗ്രസിൽ യോഗ്യരായ നിരവധി പ്രവർത്തകരുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മരിയ ഉമ്മനും തദ്ദേശ തിരഞ്ഞെടുപ്പും അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേടിയ മിന്നുന്ന വിജയത്തിന് പിന്നാലെയാണ് മരിയ ഉമ്മന്റെ പേര് രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായത്. പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിൽ ഏഴെണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ, അത് ചാണ്ടി ഉമ്മൻ നേരിട്ട് നയിച്ച പോരാട്ടത്തിന്റെ വിജയമാണെന്നും പുതുപ്പള്ളി പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്നുവെന്നും മരിയ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മരിയയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കണ്ടത്. എന്നാൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് മരിയയും പ്രതികരിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി മാനദണ്ഡങ്ങൾ 2026-ലെ തിരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ മാനദണ്ഡമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിട്ടുണ്ട്. യുവജനതിനും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശവും പാർട്ടി പരിഗണിക്കുന്നുണ്ട്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി എത്തിയ ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ മികച്ച സ്വാധീനം നിലനിർത്തുന്നുണ്ട്. കുടുംബത്തിൽ നിന്ന് കൂടുതൽ പേർ രാഷ്ട്രീയത്തിലേക്ക് വരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്.
ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ഇന്നും സജീവമായ പുതുപ്പള്ളിയിൽ, അദ്ദേഹത്തിന്റെ മക്കൾക്കിടയിൽ യാതൊരു ഭിന്നതയുമില്ലെന്നും രാഷ്ട്രീയ തീരുമാനങ്ങൾ പാർട്ടിയുമായി ആലോചിച്ച് എടുക്കുമെന്നും വ്യക്തമാക്കുന്നതായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
---------------
Hindusthan Samachar / Roshith K