Enter your Email Address to subscribe to our newsletters

Thiruvanathapuram, 06 ജനുവരി (H.S.)
റവന്യു രേഖകളില്‍ 'നി.കെ' (നികുതി കെട്ടാത്ത) എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട ഭൂമികള്‍ക്ക് നികുതി നിര്‍ണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജര്‍ (SOP) സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.. ഇതുസംബന്ധിച്ചുള്ള ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി.
Kerala Land Tax Act, 1961 പ്രകാരം 'നി.കെ' ഭൂമികളുടെ രജിസ്റ്റര്‍ഡ് കൈവശക്കാര്‍ക്കും അവരുടെ നിയമാനുസൃത പ്രതിനിധികള്‍ക്കും നികുതി നിര്‍ണയിച്ച് അടയ്ക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ (06-10-2025) തുടര്‍ച്ചയായാണ് ഇപ്പോള്‍ വിശദമായ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
തഹസില്‍ദാര്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെ വ്യക്തമായ ചുമതലകള്‍
SOP അനുസരിച്ച്, നികുതി നിര്‍ണയ നടപടികള്‍ തഹസില്‍ദാര്‍ ആണ് ആരംഭിക്കുക. അപേക്ഷ ലഭിച്ചാല്‍ 15 ദിവസത്തിനകം പ്രാഥമിക ഡിമാന്‍ഡ് നോട്ടീസ് (Form B) നല്‍കണം. തുടര്‍ന്ന് ഭൂമിയുടമയ്ക്ക് 15 മുതല്‍ 30 ദിവസത്തിനകം ആക്ഷേപം ഉന്നയിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Village Officer സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. തുടര്‍ന്ന് അന്തിമ ഡിമാന്‍ഡ് നോട്ടീസ് (Form C) നല്‍കും.
SOP പ്രകാരം,
• പാറ, കാവ്, ക്ഷേത്രം, പള്ളി, ശ്മശാനം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ഭൂമികള്‍ 'Dry Land' ആയി
• കുളം, ചിറ, തോട് തുടങ്ങിയവ 'Wet Land' ആയി
Basic Tax Register (BTR) ല്‍ പുനര്‍വര്‍ഗ്ഗീകരിക്കും.
അപ്പീല്‍ അവകാശവും ഉറപ്പാക്കി
തഹസില്‍ദാറുടെ അന്തിമ ഉത്തരവിനെതിരെ 30 ദിവസത്തിനകം ജില്ലാ കലക്ടര്‍ക്കു അപ്പീല്‍ നല്‍കാം.
ഭൂമിയുടമകള്‍ക്ക് വലിയ ആശ്വാസമായിരിക്കും ഈ നടപടിയെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
മലബാര്‍ മേഖലയില്‍ ഉള്‍പ്പെടെ 'നി.കെ' ഭൂമികളെക്കുറിച്ച് വര്‍ഷങ്ങളായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ക്കും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കും ഇതോടെ വിരാമമാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ വഴികാട്ടിയാകുന്നതാണ് പുതിയ SOP.
---------------
Hindusthan Samachar / Sreejith S